ചരിത്രനേട്ടവുമായി ശക്തി ശർമ; വ്യോമസേനയിലെ ആദ്യ വനിതാ നോൺ മെഡിക്കൽ എയർ വൈസ് മാർഷൽ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് എയർ വൈസ് മാർഷൽ ശക്തി ശർമ. ഇന്ത്യൻ പ്രതിരോധസേനയിലെ നോൺ മെഡിക്കൽ വിഭാഗത്തിൽ നിന്ന് എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യ വനിതയായി ശക്തി ശർമ. സെപ്റ്റംബർ ഒന്നിന് എയർ ഹെഡ്ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയർ സ്റ്റാഫ് (എജുക്കേഷൻ) ആയി ശക്തി ശർമ ചുമതലയേറ്റു.
1994 ജൂൺ 18നാണ് ശക്തി ശർമ ഇന്ത്യൻ വ്യോമസേനയുടെ എജുക്കേഷൻ ബ്രാഞ്ചിൽ കമീഷൻ ചെയ്യപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ പരിശീലന സ്ഥാപനങ്ങൾ, ഫീൽഡ് സ്റ്റേഷനുകൾ, കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, എയർ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ വിവിധ ചുമതലകൾ വഹിച്ചു.
സൈനിക വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുറമെ അകാദമിക് സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും അവർ പ്രധാന പങ്കുവഹിച്ചു. ഐ.ഐ.ടി കാൺപൂർ, പുണെ സർവകലാശാല എന്നിവിടങ്ങളിൽ ഐ.എ.എഫ് ചെയേർസ് ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിലും ശക്തി ശർമ നേതൃത്വം നൽകി.
പുതിയ ചുമതലയിൽ ഇന്ത്യൻ വ്യോമസേനയിലെ വിദ്യാഭ്യാസവും പരിശീലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതാണ് ശക്തി ശർമയുടെ പ്രധാന ഉത്തരവാദിത്തം. എയർ വൈസ് മാർഷൽ പദവിയിലെത്തുന്നതിന് മുമ്പും ശക്തി ശർമ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. മൂന്ന് സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ സൈനിക് സ്കൂളിന്റെ മേധാവിയാകുന്ന ആദ്യ വനിതാ ഓഫീസർ എന്ന നേട്ടം ശക്തി ശർമക്ക് സ്വന്തമാണ്. പഞ്ചാബിലെ സൈനിക് സ്കൂൾ കപൂർത്തലയുടെ പ്രിൻസിപ്പലായും അവർ സേവനമനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.