ചരിത്രം സാക്ഷി, പാർവതി പടിയിറങ്ങി; മൂലമറ്റം വൈദ്യുതി നിലയത്തിന്റെ ചുമതല വഹിച്ച ആദ്യ വനിത
മൂലമറ്റം: അരനൂറ്റാണ്ടിന്റെ ചരിത്രമുള്ള മൂലമറ്റം വൈദ്യുതി നിലയത്തിന്റെ ഇടനാഴികളിലൂടെ ഇനി എം. പാർവതിയുടെ ചുവടുകൾ ഉണ്ടാകില്ല. ഡെപ്യൂട്ടി ചീഫ് എൻജിനീയറായി സേവനം പൂർത്തിയാക്കി അവർ പടിയിറങ്ങുമ്പോൾ, അത് ഒരു ഉദ്യോഗസ്ഥയുടെ വിരമിക്കൽ മാത്രമല്ല. പരിമിതികളോട് പൊരുതി സ്വന്തം വഴിയൊരുക്കിയ ഒരു പെൺകരുത്തിന്റെ ജീവിതയാത്രയിലെ പുതിയ അധ്യായം കൂടിയാണ്.
മൂലമറ്റം വൈദ്യുതി നിലയത്തിന്റെ 50 വർഷത്തെ ചരിത്രത്തിൽ നിലയത്തിന്റെ ചുമതല വഹിച്ച ആദ്യ വനിത എന്ന നേട്ടത്തോടെയാണ് പാർവതി വിരമിക്കുന്നത്. ഒരുകാലത്ത് സ്ത്രീകൾക്ക് ഡ്യൂട്ടി നൽകാൻ പോലും മടിച്ചിരുന്ന ഒരു ഇടത്താണ് അവർ ആത്മവിശ്വാസത്തോടെ നേതൃത്വം ഏറ്റെടുത്തത്.
W2011ൽ വൈദ്യുതി നിലയത്തിലുണ്ടായ പൊട്ടിത്തെറിയിൽ വനിതാ എൻജിനീയർ മരിച്ചതിനെ തുടർന്ന് ഏറെക്കാലം സ്ത്രീകൾക്ക് ഇവിടെ ഡ്യൂട്ടി നൽകിയിരുന്നില്ല. ആ സാഹചര്യത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയം ഒരു വനിതാ എൻജിനീയറുടെ കൈകളിലും സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാമെന്ന് തെളിയിച്ചാണ് പാർവതി ചരിത്രത്തിന്റെ ഭാഗമായത്.
തോട്ടം തൊഴിലാളിയുടെ മകളായി ജനിച്ച അവർക്ക് ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ വലിയ സ്വപ്നങ്ങളൊന്നും എളുപ്പത്തിൽ സ്വന്തമാക്കാനായിരുന്നില്ല. പ്രീഡിഗ്രിക്ക് പഠിക്കാൻ അപേക്ഷ നൽകാൻ പോലും കഴിയാതെ ബുദ്ധിമുട്ടിയ കാലമുണ്ടായിരുന്നു. എന്നാൽ സാഹചര്യങ്ങൾക്കു മുന്നിൽ തോൽക്കാൻ അവർ തയ്യാറായിരുന്നില്ല. അവിടെ നിന്നാണ് പെൺകരുത്തിന്റെ യഥാർഥ യാത്ര തുടങ്ങിയത്.
പള്ളിവാസൽ വൈദ്യുതി നിലയത്തിലെ ആദ്യ വനിതാ എൻജിനീയർ എന്ന നേട്ടവും പാർവതിയുടെ പേരിലുണ്ട്. പിന്നീട് സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ മൂലമറ്റത്ത് നിർണായക ചുമതലകളിലേക്ക് അവർ എത്തി. നിലയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിർണായക ഘട്ടങ്ങളിൽ ആത്മവിശ്വാസത്തോടെ നേതൃത്വം നൽകി.
തൊടുപുഴയിൽനിന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയറായി വിരമിച്ച രാമയ്യയാണ് ഭർത്താവ്. മൂത്തമകൾ ആർ. ഷൺമുഖപ്രിയ തിരുവനന്തപുരത്ത് പിഎച്ച്.ഡി വിദ്യാർഥിയാണ്. ഇളയമകൾ ആർ. സ്നേഹപ്രിയ കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്. ഹൗസ് സർജൻസിക്ക് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.