പ്രായം സ്വപ്നങ്ങൾക്ക് തടസമാണെന്ന് ആരാണ് പറഞ്ഞത്? 59ാം വയസിൽ ഡ്രൈവിങ് പഠിക്കണമെന്ന ആഗ്രഹവുമായി മുന്നിട്ടറങ്ങിയ വിദ്യ കൗറിന് ആദ്യം ലഭിച്ചത് നിരാശയായിരുന്നു. എന്നാൽ തന്‍റെ സ്വപ്നം ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. ഇന്ന് 72 കടന്നിട്ടും ജമ്മുവിലെ തിരക്കേറിയ റോഡുകളിലൂടെ ആത്മവിശ്വാസത്തോടെ കാർ ഓടിക്കുന്ന വിദ്യയുടെ ജീവിതം പറയുന്നത് ഒരേയൊരു കാര്യമാണ്, പുതിയ കാര്യങ്ങൾ പഠിക്കാനും സ്വന്തം സ്വപ്നങ്ങളെ പിന്തുടരാനും ഒരിക്കലും വൈകിയിട്ടില്ല.
അധ്യാപികയായി കരിയർ ആരംഭിച്ച വിദ്യ കൗർ ഏതാണ്ട് നാല് പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ചു. ഇതിനിടിയിൽ സ്കൂൾ പ്രിന്‍സിപ്പലുമായി. ഈ യാത്രയിൽ നൂറുകണക്കിന് വിദ്യാർഥികളുടെ ജീവിതത്തെയാണ് അവർ സ്പർശിച്ചത്. എന്നാൽ ദീർഘവും സംതൃപ്തവുമായ തന്റെ കരിയറിന് പിന്നിൽ ഒരിക്കലും കൈവിടാത്ത ഒരു സ്വപ്നമുണ്ടായിരുന്നു വിദ്യ കൗറിന്. വാഹനം ഓടിക്കാൻ പഠിക്കുക, വാഹനമോടിക്കുക.
തന്‍റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാന്‍ 59-ാം വയസ്സിൽ അവർ ഒരു ദൃഢനിശ്ചയമെടുത്തു, ഇനി കാത്തിരിക്കാന്‍ സമയമില്ല. പ്രായം തടസമാകാൻ അനുവദിക്കാതെ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആ ആഗ്രഹത്തിലേക്കുള്ള ആദ്യ പടി വിദ്യ കയറി.
സമീപത്തെ ഒരു ഡ്രൈവിങ് സ്കൂളിൽ അഡ്മിഷനായി വിദ്യ സമീപിച്ചു. എന്നാൽ പ്രോത്സാഹനത്തിന് പകരം അവർക്ക് ലഭിച്ചത് നിരാകരണമായിരുന്നു. തിരക്കേറിയ റോഡുകളിൽ വാഹനം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും തനിക്ക് പ്രായമേറിപ്പോയെന്നുമാണ് ഡ്രൈവിങ് സ്കൂളിൽ നിന്ന് കിട്ടിയ മറുപടി. ഇത്തരമൊരു പ്രതികരണം പലരെയും നിരാശയിലാഴ്ത്തി തങ്ങളുടെ ആഗ്രഹം തന്നെ ഉപേക്ഷിക്കാൻ മതിയായ കാരണമായേനെ.
എന്നാൽ വിദ്യ അതിനെ തന്റെ സ്വപ്നത്തിന്റെ അവസാനമായി കണ്ടില്ല. അവർ മറ്റൊരു വഴി കണ്ടെത്തി. സ്വന്തമായി ഒരു കാർ വാങ്ങിച്ച ശേഷം തന്‍റെ അയൽക്കാരനോട് ഡ്രൈവിങ് പഠിപ്പിക്കാൻ ആവശ്യപ്പെട്ടു.
തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും കരിയർ മുന്നോട്ടുകൊണ്ടുപോകുന്നതിനും മറ്റുള്ളവരെ പരിചരിക്കുന്നതിനുമാണ് വിദ്യ ചെലവഴിച്ചത്. എന്നാൽ ഇനിയുള്ള കാലം തന്‍റെ എക്കാലത്തെയും ആഗ്രഹത്തിന് പരിഗണന നൽകണമെന്ന ആത്മവിശ്വാസത്തിൽ വിദ്യ പ്രയത്നിച്ചു.
ഡ്രൈവിങ് സീറ്റിൽ വെറുതെ ഇരുന്നത്കൊണ്ട് മാത്രം ആത്മവിശ്വാസം ഉണ്ടാകണമെന്നില്ല. അത് കൊണ്ട് തന്നെ ഏറെ പ്രയാസപ്പെട്ട് അവർ പരിശീലിച്ചു. ആദ്യമാദ്യം ഡ്രൈവിങിന്റെ അടിസ്ഥാന കാര്യങ്ങൾ അവർ അഭ്യസിച്ചു. പിന്നീട് കാറുമായി പൂർണമായും ഇടപെടാൻ കഴിയുന്നതുവരെ പരിശീലനം തുടർന്നു.
ഏതാണ്ട് ഒരു മാസത്തിനുള്ളിൽ തന്നെ അവർ ഡ്രൈവിങിന്റെ അടിസ്ഥാനകാര്യങ്ങളിൽ പ്രാവീണ്യം നേടി വാഹനവുമായി റോഡിലിറങ്ങാൻ തയ്യാറായി. പുതിയ എന്തെങ്കിലും പഠിക്കുന്നതിനേക്കാൾ ജീവിതത്തിന്റെ വേഗം കുറയ്ക്കണമെന്ന് സമൂഹം പലപ്പോഴും ആളുകളെ തോന്നിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രായത്തിലാണ് അവർ ഡ്രൈവിങ് പഠിക്കാൻ തുടങ്ങിയത്. വിദ്യയുടെ സമീപനം സമൂഹത്തിന്‍റെ ചിന്തയിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആളുകൾ എന്ത് പറയുമെന്ന ആശങ്കയ്ക്കുപകരം അവർ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്‍റെ സ്വപനത്തിലേക്ക് നടന്നടുക്കുയും ചെയ്തു.
ഇന്ന് വിദ്യ കൗറിന് 72 വയസാണ്. ജമ്മുവിലെ തെരുവുകളിലൂടെ ആത്മവിശ്വാസത്തോടെ അവർ കാർ ഓടിക്കുന്നു. തിരക്കേറിയ മാർക്കറ്റുകളിലൂടെ വാഹനം ഓടിച്ചും കവലകൾ താണ്ടിയും കാറിൽ സുഹൃത്തുക്കളുമായി ഉല്ലസിച്ചും അവർ തന്‍റെ ശിഷ്ടകാലം മുന്നോട്ടുപോകുന്നു. സ്വപ്നങ്ങൾക്ക് ഒരിക്കലും കാലാവധി നിശ്ചയിക്കരുതെന്നാണ് വിദ്യ കൗർ നമ്മോട് പറയുന്നത്. പ്രായം ആർക്കും തടഞ്ഞുവെക്കാന്‍ കഴിയുന്ന ഒന്നല്ല, എന്നാൽ ആ പ്രായം ഒന്നിനും തടസവുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.