ശിഷ്യരുടെ ഉയർച്ചക്ക് ജീവിതം സമർപ്പിച്ച ഗീതമ്മ ടീച്ചർ പുരസ്കാര നിറവിൽ
പത്തനംതിട്ട: പുരസ്കാര നേട്ടത്തിൽ മനം നിറഞ്ഞ് ഗീതമ്മ ടീച്ചർ. എൽ.പി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മികച്ച അധ്യാപക പുരസ്കാരം നേടിയ കടമ്മനിട്ട എം.ടി.എൽ.പി.എസിലെ എം.ജി. ഗീതമ്മക്ക് ഇത് തീർത്തും അർഹതക്കുള്ള അംഗീകാരമാണ്. 13 വർഷമായി ഇതേ സ്കൂളിൽ പ്രഥമാധ്യാപികയാണ് ഇവർ. സേവനകാലത്തുടനീളം കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി തികഞ്ഞ ആത്മാർഥതയോടും അർപ്പണ മനോഭാവത്തോടും ജോലി ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ടെന്ന് ഗീതമ്മ ടീച്ചർ പറഞ്ഞു.
സേവനമനുഷ്ടിച്ച എല്ലാ സ്കൂളിനെയും മികച്ച നിലയിൽ ഉയർത്തികൊണ്ടുവരാനും നേട്ടങ്ങൾക്ക് പ്രാപ്തമാക്കാനും കഴിഞ്ഞിട്ടുണ്ട്. മാർത്തോമ്മാ ആന്റ് ഇ.എ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ മൂവാറ്റുപുഴയ്ക്കു സമീപത്തെ വാളകം എം.റ്റി.എൽ.പി. സ്കൂളിൽ1999 ജൂണിൽ എൽ.പി. സ്കൂൾ അസിസ്റ്റൻറായിട്ടാണ് അധ്യാപക ജീവിതം തുടങ്ങുന്നത്. 2014 മുതലാണ് കടമ്മനിട്ട എം.ടി.എൽ.പി കൂളിൽ ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തത്. അന്ന് സ്കൂളിലെ കുട്ടികളുടെ എണ്ണം 21 മാത്രമായിരുന്നു.
സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിൽ പുതുതായി ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ മാറ്റമുണ്ടാക്കി. മികച്ച അധ്യയനവും അച്ചടക്കവും കലാകായിക രംഗങ്ങളിലുള്ള പരിശീലനവും കുട്ടികളുടെ യാത്രയ്ക്ക് വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയതും എല്ലാം സ്കൂളിന്റെ പ്രവർത്ത നങ്ങളിൽ സാരമായ മാറ്റങ്ങൾ വരുത്തി. അതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ഈ വർഷം കുട്ടികളുടെ എണ്ണം 99 ആണ്. ഇതോട ‘ഇക്കണോമിക്’പദവിയിലേക്ക് സ്കൂൾ ഉയർന്നതായും ഗീതമ്മ ടീച്ചർ പറഞ്ഞു. ഭർത്താവ്: ചുരുളിക്കോട് പുളിമൂട് കോള ഭാഗം ഹൗസിൽ മാത്യു വർഗീസ്. മൂത്ത മകൻ അശ്വിൻ വർഗീസ് മാത്യു ദുബായിൽ ഐ. ടി എൻജിനീയറും ഇളയ മകൻ അലൻ സാം മാത്യു എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.