പാകിസ്താന്‍ യുദ്ധവിമാനങ്ങൾ തകർത്ത റൺവേ പുനർനിർമിച്ച 300 ഗ്രാമീണ സ്ത്രീകൾ; ഇന്ത‍്യന്‍ സൈന്യത്തിന് രക്ഷകരായ മാധാപറിലെ ധീരവനിതകളുടെ കഥ

തകർന്ന റൺവേകൾ... ചുറ്റും ശത്രുവിമാനങ്ങളുടെ ഭീഷണി... അപ്പോഴാണ് ഭുജ് വ്യോമസേനതാവളത്തിലെ സൈനികർ ആ കാഴ്ച കണ്ടത്. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പാകിസ്താന്‍ യുദ്ധവിമാനങ്ങൾ തകർത്ത തങ്ങളുടെ റൺവേകൾ പുനർനിർമിക്കാന്‍ തോക്കേന്തിയ സൈനികർക്ക് പകരം മുന്നോട്ട് വന്നത് സാരിയണിഞ്ഞ് 300 ഗ്രാമീണ സ്ത്രീകൾ. അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും ചരിത്രപുസ്തകങ്ങളിൽ ആരുമധികം പറഞ്ഞു കേൾക്കാത്ത, ഇന്ത‍്യന്‍ സൈന്യത്തിന് വേണ്ടി അസാധ്യമായ ദൗത്യം ഏറ്റെടുത്ത മാധാപറിലെ ആ മുന്നൂറു സ്ത്രീകളുടെ ധൈര്യത്തിന്‍റെ കഥ ഇന്നും രാജ്യത്തിന് അഭിമാനിക്കാവുന്നതാണ്.

1971 ഡിസംബർ ഒന്‍പത്. ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഗുജറാത്തിലെ ഭുജ് വിമാനത്താവളത്തിൽ ഏതാണ്ട് ഒന്നും അവശേഷിച്ചിരുന്നില്ല. യുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടന്നിരുന്നു. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പാകിസ്താന്റെ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ വീണ്ടും ബോംബാക്രമണം നടത്തുകയും റൺവേയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തു. യുദ്ധവിമാനങ്ങൾക്ക് ഇനി പറന്നുയരാൻ കഴിയാത്ത സ്ഥിതിയായി. യുദ്ധത്തിലെ നിർണായക ഘട്ടത്തിൽ കടന്നുപോകുന്ന ഓരോ മണിക്കൂറും ഇന്ത്യയുടെ പ്രതിരോധത്തെ ദുർബലപ്പെടുത്തിക്കൊണ്ടിരുന്നു.

 

 

അപ്പോഴാണ് ആ സംഭവം അരങ്ങേറിയത്. ഭുജിന് സമീപമുള്ള മാധാപർ ഗ്രാമത്തിലെ 300 ഗ്രാമീണ സ്ത്രീകൾ തകർന്ന വിമാനത്താവളത്തലേക്ക് നിശബ്ദമായി നടന്നു. അവരിൽ പലരും യുവതികളായ അമ്മമാരും പെൺമക്കളും വീട്ടമ്മമാരുമായിരുന്നു. യാതൊരു പരിശീലനവും കൈവശമില്ലായിരുന്ന അവർ തകർന്ന റൺവേകൾ പുനർനിർമിക്കാന്‍ ആരംഭിച്ചു. പാകിസ്താന്‍റെ വ്യോമാക്രമണ ഭീഷണി നിലനിൽക്കെ സൂര്യോദയം മുതൽ അസ്തമയം വരെ മൂന്ന് ദിവസങ്ങളോളം അവർ അക്ഷീണം പ്രയത്നിച്ച് റൺവേ പുനർനിർമിച്ചു. വെറും 72 മണിക്കൂറിനുള്ളിൽ റൺവേ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്ത്യൻ വ്യോമസേന വീണ്ടും ആകാശത്തേക്ക് മടങ്ങി.

1971ലെ യുദ്ധത്തിൽ പാകിസ്താന്‍ പ്രധാനമായും ലക്ഷ‍്യമിട്ടത് ഗുജറാത്തിലെ ഭുജ് വ്യോമതാവളമായിരുന്നു. മുമ്പും ഇവിടെ പാകിസ്താന്‍ ബോംബാക്രമണത്തിൽ തകർത്തിട്ടുണ്ടെങ്കിലും ഡിസംബർ എട്ടിന് അർദ്ധ രാത്രിയിലുണ്ടായ ആക്രമണം വൻ നാശനഷ്ടമാണ് വരുത്തിയത്. റൺവേ ഉപയോഗശൂന്യമായതോടെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നിലത്തിറങ്ങി. വെറും രണ്ടാഴ്ചയ്ക്കിടെ വ്യോമതാവളം 35ലേറെ തവണ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അന്ന് ഓരോ മണിക്കൂറും നിർണായകമായിരുന്നു.

 

അന്ന് വ്യോമതാവളത്തിന്റെ ചുമതലയുള്ള സ്ക്വാഡ്രൺ ലീഡർ വിജയ് കർണിക് ഒരു മനസിലാക്കി. വിദഗ്ധരായ തൊഴിലാളികളെ കാത്തിരിക്കുന്നതിൽ കാര്യമില്ല. തുടർച്ചയായ ബോംബാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചതോടെ തൊഴിലാളികൾ അവിടെനിന്ന് ഒഴിഞ്ഞുപോയിരുന്നു. ഈ അവസരത്തിൽ മറ്റാരെങ്കിലും സധൈര്യം ഈ ദൗത്യം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായി. അന്നത്തെ കച്ച് കലക്ടർ എൻ. ഗോപാലസ്വാമിയും ഗ്രാമനേതാക്കളും സ്ക്വാഡ്രൺ ലീഡർ കർണിക്കും ചേർന്ന് സന്നദ്ധപ്രവർത്തകരെ അന്വേഷിക്കാന്‍ ആരംഭിച്ചു. പിന്നാലെയാണ് 300ഓളം സ്തത്രീകൾ സഹായത്തിനായി എത്തിയത്.

കൻബായി ശിവ്ജി ഹിരാനി എന്ന സ്ത്രീ ആയിരുന്നു ആദ്യം മുന്നോട്ട് വന്നത്. അന്ന് അവർക്ക് ഇരുപതുകളുടെ തുടക്കമായിരുന്നു. റൺവേയുടെ അവസ്ഥ അവർ വ്യക്തമായി ഓർത്തെടുത്തു."എന്റെ വീടിന്റെ വലുപ്പമുള്ള മൂന്ന് കുഴികളും അതിനൊപ്പം നിരവധി ചെറിയ കുഴികളും എയർസ്ട്രിപ്പിലുണ്ടായിരുന്നു." വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഭർത്താവിന്റെയും മാതാവിന്‍റെയും എതിർപ്പുകൾ കന്‍ബായിക്ക് അവഗണിക്കേണ്ടിവന്നു. "റൺവേ പെട്ടെന്ന് നിർമിക്കുക സാധ്യമായിരുന്നില്ല, പക്ഷേ അത് രാജ്യത്തിന്റെ കാര്യമായതിനാൽ പുനർനിർമിച്ച് ഞങ്ങൾ അത് സാധ്യമാക്കി." അവർ കൂട്ടി ചേർത്തു. അപകടസാഹചര്യമായതിനാൽ വിദഗ്ധരായ തൊഴിലാളികൾ ഉപേക്ഷിച്ചുപോയ നിർമാണ ജോലിയാണ് ആ ധീര വനിതകൾ ഏറ്റെടുത്തത്. ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അവർ ജോലി ചെയ്തു. ഭാരമുള്ള കല്ലുകൾ ചുമന്നു. വൻ ഗർത്തങ്ങൾ നികത്തി. കേടായ പ്രതലം നിരപ്പാക്കി.

സൈന്യം സഹായത്തിനായി പ്രാദേശിക ഭരണകൂടത്തെ സമീപിച്ചെങ്കിലും തൊഴിലാളികൾ താവളത്തിലേക്ക് മടങ്ങാൻ വിസമ്മതിച്ചിരുന്നു. അന്ന് മാധാപറിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ നിർമാണ ജോലികൾ ചെയ്യുന്നത് കണ്ടതോടെ, അന്നത്തെ കച്ച് കലക്ടർ എൻ. ഗോപാലസ്വാമിയും നേതൃത്വത്തിൽ സഹായത്തിനായി പ്രാദേശിക നേതാക്കളെ സമീപിച്ചു. സ്ത്രീകൾക്ക് ഹെൽമറ്റുകളോ ബങ്കറുകളോ മറ്റ് സംരക്ഷണ ഉപകരണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.പാകിസ്താന്റെ യുദ്ധവിമാനങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടുമ്പോൾ സമീപത്തെ സസ്യജാലങ്ങൾക്കിടയിൽ മറഞ്ഞിരിക്കാൻ അവരിൽ പലരും പച്ച സാരികൾ ധരിക്കുകയോ പച്ച തുണികൾ കൈയിൽ കരുതുകയോ ചെയ്തിരുന്നു.

"പാകിസ്താന്റെ വിമാനങ്ങൾ വരുമ്പോൾ ഞങ്ങൾ ഒളിക്കും. എനിക്ക് ഒരു പച്ച തുണിയുണ്ടായിരുന്നു. അത് ചുറ്റുപാടുമായി ഇഴുകിച്ചേരാൻ സഹായിച്ചു. പ്രകൃതിയുടെ ഭാഗം പോലെയാണ് അത് തോന്നിയത്." കാന്‍ബായി ഓർത്തെടുത്തു. ഭയത്തോടൊപ്പം വിശപ്പും കൂടെ അവർക്ക് മറികടക്കേണ്ടിയിരുന്നു. ആദ്യ ദിവസം സ്ത്രീകൾ ഭക്ഷണമൊന്നും കൊണ്ടുവരാതെയാണ് അവർ ദൗത്യത്തിനായി എത്തിയത്. ഇക്കാര്യം കർണിക്ക് അറിഞ്ഞതോടെ ഭക്ഷണം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി. എന്നാൽ മറ്റൊരു വെല്ലുവിളി പിന്നാലെ ഉയർന്നു. അവരിൽ പലരും സ്വാമിനാരായൺ സമുദായത്തിൽപ്പെട്ടവരായതിനാൽ വിശ്വാസങ്ങളുടെ ഭാഗമായി പുറത്തുനിന്നുള്ള ഭക്ഷണം അവർ കഴിച്ചിരുന്നില്ല. തുടർന്ന് പ്രാദേശത്തെ ക്ഷേത്രം ഇടപെട്ട് അവർക്കായി ശർക്കര, ഗോതമ്പ്, നെയ്യ് എന്നിവ കൊണ്ട് ‘സുഖ്ഡി’, ‘ചിക്കി’ തുടങ്ങിയ പരമ്പരാഗത ഗുജറാത്തി പലഹാരങ്ങൾ തയ്യാറാക്കി വ്യോമതാവളത്തിലേക്ക് എത്തിച്ചു.

അവരിൽ പലരും അതിന് മുമ്പ് ഒരു വ്യോമതാവളം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. കേടായ റൺവേയുടെ കാഴ്ച തന്നെ അവരെ ഭയപ്പെടുത്തുന്നതായിരുന്നു. എന്നാൽ അവരുടെ ധൈര്യവും ആത്മാർഥതയും മൂലം ഭുജിൽ നിന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് വീണ്ടും പറന്നുയരാൻ കഴിഞ്ഞു. 1971 ഡിസംബർ 16-ന് പാകിസ്താൻ കീഴടങ്ങിയതോടെ അവസാനിച്ച യുദ്ധത്തിൽ ഇന്ത്യയുടെ സൈനിക നീക്കങ്ങളുടെ പ്രധാന ഭാഗമായിരുന്നു പുനർനിർമിച്ച ഈ റൺവേ. 1971 ഡിസംബർ 24-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഭുജ് വ്യോമതാവളം സന്ദർശിച്ചു. യുദ്ധത്തിന് ശേഷം അവർ സന്ദർശിച്ച ഏക വ്യോമതാവളമായിരുന്നു അത്. പിന്നാലെ അവർ മാധാപറിലെ ആ 300 സ്ത്രീകൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.

 

 

 

ഗുജറാത്തിന് പുറത്ത് പല ഇന്ത്യക്കാരും ഈ സ്ത്രീകളുടെ പേരുകൾ കേട്ടിട്ടു പോലുമില്ല. സ്കൂൾ പാഠപുസ്തകങ്ങളിൽ ഇവരെക്കുറിച്ച് അപൂർവമായേ പരാമർശച്ചിട്ടുള്ളൂ. ഈ സംഭവത്തെ ആസ്പദമാക്കി 2016ൽ പുറത്തിറങ്ങിയ ‘ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ’ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് അവർ ജനശ്രദ്ധ നേടിയത്. അഞ്ച് പതിറ്റാണ്ടിലേറെക്കാലം പിന്നിട്ട അവരുടെ കഥ ഇന്നും ഓർമിക്കപ്പെടേണ്ടതാണ്. സൈനിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായം എന്ന നിലയിൽ മാത്രമല്ല ഇന്ത്യ കണ്ടിട്ടുള്ള സ്ത്രീകളുടെ ധൈര്യത്തിന്റെയും പ്രതിരോധശേഷിയുടെയും നിശ്ശബ്ദമായ ദേശസ്‌നേഹത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി ആ 300 ധീരവനിതകളുടെ ദൗത്യത്തെ കണക്കാക്കാം.

 

Tags:    
News Summary - Brave women of Madhapar, saviors of the Indian Army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.