അമേരിക്കൻ വനിതാ വിമോചന പ്രസ്ഥാനത്തിന്റെ മുഖം; ഗ്ലോറിയ സ്റ്റൈനിം അന്തരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ വനിതാ വിമോചന പ്രസ്ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖവും ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് പോരാട്ടങ്ങൾക്ക് ശക്തമായ ശബ്ദവുമായിരുന്ന എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഗ്ലോറിയ സ്റ്റൈനിം അന്തരിച്ചു. 92 വയസായിരുന്നു. ന്യൂയോർക്കില വസതിയിൽ ബുധനാഴ്ചയാണ് അന്ത്യം. സ്ത്രീസമത്വത്തിനും ഫെമിനിസ്റ്റ് ആശയങ്ങൾക്കും വേണ്ടി ജീവിതകാലം മുഴുവൻ നിലകൊണ്ട വ്യക്തിയായിരുന്നു ഗ്ലോറിയ. പ്രശസ്ത സ്ത്രീ മാഗസിൻ മിസ്. മാഗസിന്റെ സഹസ്ഥാപക കൂടിയായിരുന്നു അവർ.

ജീവിതത്തിന്റെ വലിയൊരു ഭാഗവും ഗ്ലോറിയ യാത്രകളിലായിരുന്നു. കോളജ് ക്യാമ്പസുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, പൊതുയോഗങ്ങൾ, പ്രതിഷേധ റാലികൾ തുടങ്ങിയ പൊതുപരിപാടികളിലും സ്ഥലങ്ങളിലും സ്ത്രീസമത്വത്തിന് വേണ്ടി അവർ നിരന്തരം സംസാരിച്ചു. വെളുത്ത വരകളോടുകൂടിയ മുടിയും വലിയ ഏവിയേറ്റർ കണ്ണടയും ഗ്ലോറിയ സ്റ്റൈനിമിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി. മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കാനും അവരുടെ വാക്കുകൾക്ക് വിലയുണ്ടെന്ന് ബോധ്യപ്പെടുത്താനുമുള്ള കഴിവായിരുന്നു ഗ്ലോറിയയുടെ ഏറ്റവും വലിയ പ്രത്യേകത. സ്വതന്ത്രമായ ചിന്തയും നിരന്തരമായ ജിജ്ഞാസയും മികച്ച നർമബോധവും ജീവിതാവസാനംവരെ അവർ കാത്തുസൂക്ഷിച്ചു.

പത്രപ്രവർത്തകയായാണ് ഗ്ലോറിയ സ്റ്റൈനിം കരിയർ ആരംഭിച്ചത്. 1963ൽ ഹ്യൂ ഹെഫ്നറിന്റെ പ്ലേബോയ് എന്ന സ്ഥാപനത്തിൽ സ്ത്രീകൾ നേരിട്ട തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് അവിടെ രഹസ്യമായി ജോലിചെയ്ത് അവർ പുറംലോകത്തെ അറിയിച്ചത് ഏറെ ശ്രദ്ധ നേടി. എന്നാൽ ആ ദൗത്യത്തെക്കുറിച്ച് പിന്നീട് തനിക്ക് ഖേദമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. പ്രായം ഗ്ലോറിയയുടെ പ്രവർത്തനങ്ങൾക്ക് തടസമായിരുന്നില്ല. എൺപതുകളിലെത്തിയ ശേഷവും അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും സാമൂഹിക വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ജീവിതത്തിന്റെ അവസാന നാളുകളിലും എഴുത്തിനും സമൂഹവുമായി അടുത്തിടപഴകുന്നതിനും അവർ സമയം കണ്ടെത്തി. തന്റെ സ്വന്തം വീട്ടിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംവാദം ഗ്ലോറിയ സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - Feminist Icon Gloria Steinem Dies at 92

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.