ഇത്, സമാനതകളില്ലാത്ത കഥയാണ്. അനുകരിക്കാൻ കഴിയുമോ? ചിന്തിച്ചുനോക്കൂ. കരുത്തുറ്റ ഒരു സ്ത്രീയുടെ കഥ. 83ലും യുവത്വത്തിന്റെ പ്രസരിപ്പ്, മെയ് പയറ്റ്, കോല്‍ത്താരി, അങ്കത്താരി, ഒറ്റ എന്നുവേണ്ട എല്ലാ മുറകളും ഇവിടെ ഭദ്രം. ഇത് പത്മശ്രീ മീനാക്ഷി അമ്മ. ശരിക്കും ആയോധനകലയുടെ അംബാസഡർ. മുറകള്‍ അഭ്യസിപ്പിക്കുന്നതിനൊപ്പം ഉഴിച്ചിലിനും നേതൃത്വം നല്‍കുകയാണ് ഈ അമ്മ. കടത്തനാടന്‍ കളരിസംഘത്തിലെ നൂറുകണക്കിന് ശിഷ്യരുടെ ഗുരുവാണ് ഈ വീട്ടമ്മ.
രാവിലെയും വൈകീട്ടും ശിഷ്യര്‍ക്ക് കളരിപ്പയറ്റിലെ മുറകള്‍ പകര്‍ന്നു നല്കുന്നു. ഏഴാം വയസ്സിലാണ് കളരിയുടെ വഴിയിലെത്തിയത്. ആറു മുതല്‍ 60 വയസ്സു വരെയുള്ളവര്‍ ഇവരുടെ കീഴില്‍ അഭ്യസിക്കുന്നു. രാഘൂട്ടി ഗുരുക്കളുടെ സഹധര്‍മിണിയായ മീനാക്ഷിയമ്മ ഭര്‍ത്താവ് വിടപറഞ്ഞതോടെയാണ് കടത്തനാട് കളരി സംഘത്തിന്റെ ചുമതല ഏറ്റെടുത്തത്. സഹായത്തിനു രാഘൂട്ടി ഗുരുക്കളുടെ ശിഷ്യരുമുണ്ട്. രാവിലെ ആറു മുതല്‍ എട്ടു വരെയുള്ള പരിശീലനത്തിനു മറ്റു ഗുരുക്കന്മാരോടൊപ്പം മീനാക്ഷിയമ്മയുണ്ടാകും.
ഇളംപ്രായത്തിലേ കളരിപ്പയറ്റ് പരിശീലിക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുമെന്നു മീനാക്ഷിയമ്മയുടെ സാക്ഷ്യം. കര്‍ക്കടകത്തില്‍ മാത്രമല്ല ആരോഗ്യപരിപാലത്തിന് മെയ് അഭ്യാസം ഉത്തമമാണെന്നിവര് പറയും. ശാരീരികമായ കരുത്ത് ഏറെയായതിനാല്‍ ഇവിടെ ആരോഗ്യം കൂടപ്പിറപ്പാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും കളരിപ്പയറ്റ് അഭ്യസിക്കുന്നവരെ എളുപ്പം തിരിച്ചറിയാം. കളരിപ്പയറ്റിലെ എല്ലാ മുറകളും പഠിച്ച ഒരാളെ സംബന്ധിച്ചിടത്തോളം അത്രയേറെ ആത്മവിശ്വാസമുണ്ടാവുമെന്ന് മീനാക്ഷിയമ്മ പറയുന്നു.
പത്മശ്രീ മീനാക്ഷി അമ്മ
ഗുരുവും ശിഷ്യനും
കളരി നൽകി വന്ന ആത്മവിശ്വാസത്തെ കുറിച്ച് മീനാക്ഷി അമ്മ പറയുന്ന ഗുരുവിന്റെയും ശിഷ്യന്റെയും കഥയിങ്ങനെ: വര്‍ഷങ്ങളോളം കളരിയില്‍ പരിശീലനം നേടിയ ശിഷ്യനെ അടുത്തു വിളിച്ച്് ഗുരു ചോദിച്ചു, ‘ഇത്രയും കാലത്തെ പരിശീലനംകൊണ്ട് എത്ര എതിരാളികളെ നേരിടാനാവും?’ ശിഷ്യന് പറഞ്ഞു, ‘നൂറു പേരെ.’ ആത്മവിശ്വാസം തികഞ്ഞ ഉത്തരം. എങ്കില്‍ കുറച്ചുകാലം കൂടി പഠിക്കേണ്ടതുണ്ടെന്ന് ഗുരു പറഞ്ഞു.
പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ചു. കുറച്ചുകാലം കഴിഞ്ഞ് ചോദ്യം അവര്‍ത്തിച്ച ഗുരുവിനോട് 15ഓളം എതിരാളികളെ എന്നായി ശിഷ്യന്റെ ഉത്തരം. പരിശീലനം തുടര്‍ന്നു. അവസാനം ഇനിമേല്‍ ആരെയും നേരിടാനാവില്ലെന്ന് പറഞ്ഞപ്പോള്‍ ഗുരു ശിഷ്യനെ അനുഗ്രഹിച്ചുവെന്നാണ് കഥ. ഇത് വെറും കഥയല്ല. എല്ലാം തികഞ്ഞ അഭ്യാസിക്ക് കളരി മറ്റൊരാളെ നേരിടാനുള്ളതല്ല, നേരറിവിനുള്ളതാണ്. അതാണ് കളരിയുടെ ദാര്‍ശനിക തലം.
കളരിയും കടത്തനാടും
കളരിയും കളരിപ്പയറ്റും കടത്തനാടിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. മങ്ങലേറ്റെങ്കിലും കളരിയും കളരിപ്പയറ്റും തച്ചോളിക്കളിയും കോല്‍ക്കളിയും പരിചകളിയും ഇല്ലാത്ത കടത്തനാടിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന് മീനാക്ഷി അമ്മ. കളരിയുടെ പ്രഭവകാലം വടക്കന്‍പാട്ടുകളുടെ കാലം കൂടിയായിരുന്നു.
32 വയസ്സിനിടയില്‍ 64 പട ജയിച്ച തച്ചോളി ഒതേനനെ പറ്റി തച്ചോളിപ്പാട്ടുകളില്‍ പ്രതിപാദിക്കുന്നു. കൂടാതെ മതിലേരി കന്നി, കുഞ്ഞിത്താലു തുടങ്ങിയവരുടെ വീരേതിഹാസ ചരിതങ്ങള്‍ വിവരിക്കുന്ന പാട്ടുകളും നിലവിലുണ്ട്. ഒതേനന് ജനിച്ചത് ഏകദേശം അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
വടകര മേപ്പയില്‍ മാണിക്കോത്ത് തറവാട്ടിലാണ് ഒതേനന്റെ ജനനം. ഒതേനന്റെ ഓർമ നിലനിര്‍ത്തി മലയാള മാസം കുംഭം 10,11 തീയതികളില്‍ കളരി അഭ്യാസത്തോടു കൂടിയുള്ള തിറ തച്ചോളി മാണിക്കോത്ത് നടന്നുവരുന്നു. കൈയൂക്കുള്ളവന് കാര്യക്കാരന്‍ എന്നതായിരുന്നു പഴയകാലത്തെ അവസ്ഥ.
ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചക്കാരായിരുന്നു പയ്യമ്പള്ളി ചന്തുവും ഒതേനന്റെ മകന് അമ്പാടിയും പാലാട്ട് കോമനും തേവർ വെള്ളനും കപ്പള്ളിപാലാട്ട് കോമപ്പക്കുറുപ്പുമൊക്കെ. കിഴക്ക് കുറ്റ്യാടിപ്പുഴ മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരെയും തെക്ക് മൂരാട് കോട്ടപ്പുഴ മുതല്‍ വടക്ക് മയ്യഴിപ്പുഴ വരെയുമുള്ള പ്രദേശമാണ് പഴയ കടത്തനാട്. പത്മശ്രീ അംഗീകാരത്തിന്റെ നിറവിലെത്തിയതോടെ മീനാക്ഷി അമ്മ തിരക്കിലാണ്. സർക്കാറിന്റേതുൾപ്പെടെ വിവിധ പരിപാടികൾ. അങ്ങനെ നാടെങ്ങും ഓടിയെത്തുകയാണ് ഈ കളരി വിളക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.