ഏഴ് മാസം ഗർഭിണി, ഉയർത്തിയത് 145 കിലോ! മെഡൽ നേടി പൊലീസുകാരി

ന്യൂഡൽഹി: പൊതുവെ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണി എന്ന പഴഞ്ചൊല്ല് ഇനി ചവറ്റുകുട്ടയിൽ തള്ളാം. ഏഴുമാസം ഗർഭിണിയായ യുവതി നിറവയറുമായി ഉയർത്തിയത് 145 കിലോ ഗ്രാം! ഡൽഹി പൊലീസിലെ വനിത കോൺസ്റ്റബിളായ സോണിക യാദവാണ് നിശ്ചയദാർഢ്യത്തിലൂടെ ശ്രദ്ധേയയായത്. ആന്ധ്രാപ്രദേശിലെ അമരാവതിയിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് വെയ്റ്റ്‌ലിഫ്റ്റിങ് ക്ലസ്റ്റർ 2025-26ൽ സോണിക പങ്കെടുത്തത്. രാജ്യമെമ്പാടുമുള്ള കായികതാരങ്ങളോട് മത്സരിച്ച ഇവർ വെങ്കല മെഡൽ നേടുകയും അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.

84+ കിലോ വിഭാഗത്തിൽ സ്ക്വാറ്റിൽ 125 കിലോ, ബെഞ്ച് പ്രസ്സിൽ 80 കിലോ, ഡെഡ്‌ലിഫ്റ്റിൽ 145 കിലോ എന്നിങ്ങനെയാണ് സോണിക ഉയർത്തിയത്. മേയ് മാസത്തിൽ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കായികക്ഷമതയും വെയ്റ്റ്‌ലിഫ്റ്റിംഗിനോടുള്ള ഇഷ്ടവും കാരണം പിന്മാറാൻ കൂട്ടാക്കിയില്ല. ഡോക്ടറുടെ കർശനമായ മേൽനോട്ടത്തിൽ പരിശീലനം തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സോണിക പറഞ്ഞു.

ഗർഭിണിയാണെന്ന കാര്യം പരസ്യമാക്കാതിരിക്കാൻ ഇവർ പരമാവധി ശ്രദ്ധിച്ചിരുന്നു. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ അയഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ബെഞ്ച് പ്രസ് റൗണ്ടിന് ശേഷം ഭർത്താവ് സഹായത്തിന് എത്തിയപ്പോൾ പോലും ആരും അസ്വാഭാവികമായി ഒന്നും സംശയിച്ചില്ല. അവസാനത്തെ ഡെഡ്‌ലിഫ്റ്റിന് ശേഷമാണ് സോണിക ഗർഭിണിയാണെന്ന സത്യം സദസ്സിന് മനസ്സിലായത്. ഇതോടെ സഹപ്രവർത്തകരിൽ നിന്നും കാണികളിൽ നിന്നും വലിയ കൈയ്യടിയും ആവേശകരമായ പ്രോത്സാഹനവുമാണ് ലഭിച്ചത്. സോണികയുടെ ഈ വിജയം ഡൽഹി പൊലീസ് വീഡിയോ സഹിതം പങ്കുവെച്ചിരുന്നു.

ഗർഭകാലത്തെ സുരക്ഷിതമായ പരിശീലന രീതികളെക്കുറിച്ച് ഓൺലൈനിൽ പഠിച്ചാണ് സോണിക മത്സരത്തിനായി തയ്യാറെടുത്തത്. ഗർഭകാലത്തും മത്സരിച്ച അന്താരാഷ്ട്ര ലിഫ്റ്റർ ലൂസി മാർട്ടിൻസിൽ നിന്നാണ് അവർക്ക് പ്രചോദനം ലഭിച്ചത്. മാർട്ടിൻസിൽ നിന്ന് മാർഗനിർദ്ദേശവും പ്രോത്സാഹനവും തേടി സോണിക ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെടുകയും ചെയ്തിരുന്നു.

2014-ബാച്ച് ഉദ്യോഗസ്ഥയായ സോണിക നിലവിൽ കമ്മ്യൂണിറ്റി പൊലീസിങ് സെല്ലിലാണ് പ്രവർത്തിക്കുന്നത്. ഗർഭം ഒരു പരിമിതിയല്ലെന്നും സ്ത്രീകൾക്ക് എത്രത്തോളം ശക്തരാകാൻ കഴിയുമെന്ന് തെളിയിക്കുന്ന ഒരു ഘട്ടമാണിതെന്നും സോണിക പറയുന്നു.


Tags:    
News Summary - 7-months pregnant Delhi cop lifts 145 kg to win medal in weightlifting championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.