തൃശൂരിന്റെ പുലികളെ അംഗീകരിച്ച് സർക്കാർ

തൃശൂർ: ലോകപ്രശസ്തമായ തൃശൂരിന്റെ പുലിക്കളിക്ക് ഇതാദ്യമായി സർക്കാർ തലത്തിൽ അംഗീകൃത പെൻഷനും ചികിത്സ സഹായവും ലഭ്യമാവാൻ സാധ്യതയൊരുങ്ങുന്നു. കേരള ഫോക് ലോർ അക്കാദമിയാണ് ഇക്കാര്യത്തിൽ സാധ്യത വ്യക്തമാക്കി അറിയിച്ചിരിക്കുന്നത്.

അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതിക്ക് അയച്ച മറുപടിക്കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയിൽ അന്യം നിന്നുപോകുമോയെന്ന് ആശങ്കപ്പെടുന്ന തൃശൂരിന്റെ തനത് കലാരൂപത്തിനും അതിന്റെ സംഘാടകർക്കും പ്രതീക്ഷയും സന്തോഷവും നൽകുന്ന പ്രഖ്യാപനമുള്ളത്. സാംസ്കാരിക വകുപ്പിന്റെ വ്യവസ്ഥകൾക്കനുസരിച്ച് പുലിക്കളി കലാകാരന്മാർക്ക് പെൻഷനുള്ള ശിപാർശ നൽകാനും അസുഖം മൂലം അവശത അനുഭവപ്പെടുന്ന കലാകാരൻമാർക്ക് 25,000 രൂപ വരെ ചികിത്സ സഹായം നൽകാനും അക്കാദമിക്ക് സാധിക്കുമെന്നാണ് രേഖാമൂലമുള്ള മറുപടിയിലുള്ളത്.

ഓണാഘോഷങ്ങൾക്ക് സമാപനമായി നാലോണനാളിൽ തൃശൂരിൽ അരങ്ങേറുന്നതാണ് പുലിക്കളി. തൃശൂർ കോർപറേഷൻ ധനസഹായവും ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായവും സ്പോൺസർഷിപ്പിലുമാണ് ഓരോ ദേശങ്ങളും പുലിക്കളിയിറക്കുന്നത്.

ചെലവേറുന്നതും സാമ്പത്തിക പ്രതിസന്ധിയും കാരണം ഓരോ വർഷവും ടീമുകൾ കുറഞ്ഞ് പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. 15 ടീമുകൾ ഉണ്ടായിരുന്ന പുലിക്കളി മഹോത്സവത്തിൽ ഇപ്പോഴുള്ളത് എട്ട് ടീമുകളാണ്. കോർപറേഷൻ പരിധിയിൽ മാത്രമൊതുങ്ങുന്ന കലാരൂപത്തിൽ ആയിരത്തോളം കലാകാരന്മാരാണുള്ളത്. കോർപറേഷനാണ് നിലവിൽ പുലിക്കളി സംഘടിപ്പിക്കുന്നത്.

പുലിക്കളി നേരിടുന്ന പ്രതിസന്ധിയും നവീകരണവും വ്യക്തമാക്കി പ്രധാനമന്ത്രി, മുഖ്യമന്ത്രി, ലളിതകലാ അക്കാദമി, ടൂറിസം വകുപ്പ്, തൃശൂർ കോർപറേഷൻ എന്നിവർക്ക് കേരളപ്പിറവിയോടനുബന്ധിച്ച് ആശംസകൾക്കൊപ്പം അയ്യന്തോൾ ദേശം പുലിക്കളി സംഘം നിവേദനം അയച്ചിരുന്നു.

എന്നാൽ, ഫോക് ലോർ അക്കാദമിക്ക് നിവേദനം നൽകിയിരുന്നുമില്ല. മുഖ്യമന്ത്രിക്ക് അയച്ച നിവേദനം മുഖ്യമന്ത്രി ഫോക് ലോർ അക്കാദമിക്ക് പരിശോധനകൾക്കും നടപടികൾക്കുമായി കൈമാറുകയായിരുന്നു. ഇതിലാണ് പെൻഷനും ചികിത്സ സഹായവുമടക്കം നൽകാൻ സാധിക്കുമെന്ന് വ്യക്തമാക്കി അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ മറുപടി നൽകിയത്.

പത്തുവർഷം പുലിവേഷമിട്ടവർക്ക് പെൻഷൻ അടക്കം എട്ടിന ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സർക്കാർ സമീപനത്തിൽ സന്തോഷമുണ്ടെന്നും തുടർനടപടികളിലേക്ക് കടക്കുമെന്നും അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി അറിയിച്ചു.

Tags:    
News Summary - The government has recognized the tigers of Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.