പത്തനംതിട്ട: ഇനി വ്രതശുദ്ധിയുടെയും ശരണം വിളിയുടെയും നാളുകൾ. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിന് തുടക്കം കുറിച്ച് ബുധനാഴ്ച ശബരിമലയിൽ ശ്രീകോവിൽ നട തുറക്കും. വൈകുന്നേരം അഞ്ചിന് നട തുറന്നശേഷം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക, അവരോധ ചടങ്ങുകൾ സോപാനത്ത് നടക്കും. നാളെ വൃശ്ചിക പുലരിയിൽ നടതുറക്കുന്നതോടെ 41 ദിവസത്തെ മണ്ഡലകാല തീർഥാടനത്തിന് തുടക്കമാകും.
വർധിച്ച തിരക്ക് കണക്കിലെടുത്ത് വിപുലമായ തയാറെടുപ്പുകളാണ് ദേവസ്വം ബോർഡിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തിയിരിക്കുന്നത്.അഗ്നി രക്ഷാ സേന സിവില്‍ ഡിഫന്‍സ് അംഗങ്ങളെയും ഉൾപ്പെടുത്തി റോഡ് സുരക്ഷ ജാഗ്രതാ ടീമിനെയും നിയോഗിച്ചു. നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയോളജി സെന്ററുകൾ കൂടാതെ തീർഥാടന പാതയിൽ ആരോഗ്യ വകുപ്പിന്റെ 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുമുണ്ട്. മഴ തടസ്സമായെങ്കിലും ശബരിമല റോഡുകളുടെ നിർമാണവും പൂർത്തീകരിച്ചു.
പമ്പ-നിലക്കൽ ചെയിൻ സർവിസിന് ഉൾപ്പെടെ കെ.എസ്.ആർ.ടി.സി 500 ബസുകളാണ് ഉപയോഗിക്കുന്നത്. മൂന്ന് ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ വരുന്ന പാതകളില്‍ തീർഥാടകര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിക്കും തുടക്കമായി. ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലുകളിലെയും ബേക്കറികളിലെയും വില നിശ്ചയിച്ചു. നദികളില്‍ അപകട സാധ്യത ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാരിക്കേഡുകളും സുരക്ഷാബോര്‍ഡുകളും സ്ഥാപിച്ചു.
എമര്‍ജന്‍സി ഓപറേഷന് സെന്ററുകളും സജ്ജമായി. ഇടത്താവളങ്ങളിൽ അടക്കം ശുചിമുറി, കുടിവെള്ള സൗകര്യങ്ങളും ഒരുങ്ങി. ശുചീകരണത്തിന് വിശുദ്ധി സേനയും പ്രവർത്തനം തുടങ്ങി. തീര്‍ഥാടന പാതയിലെ അവസാനവട്ട ഒരുക്കങ്ങള്‍ തീർഥാടനപാതയിലൂടെ യാത്ര നടത്തി കലക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനുമായ ഡോ. ദിവ്യ എസ് അയ്യർ ഇന്നലെ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.