മുസ്‍ലിമിന്റെ പേരാണ് എനിക്കുള്ളത്. എന്റെ പിതാവും മുസ്‍ലിമാണ്. എന്റെ പിതാമഹനാണെങ്കിൽ അസ്ഹർ സർവകലാശാലയിൽനിന്ന് പഠനം പൂർത്തിയാക്കിയ ശൈഖാണ്. മുത്തച്ഛന്റെ മുത്തച്ഛന്റെ പേര് ഇസ്മാഈൽ എന്നാണ്. അദ്ദേഹത്തിന്റെയും മുത്തച്ഛൻ ഇബ്രാഹീം. അങ്ങനെ ഈ മുസ്‍ലിം നാമശ്രേണി കയറിക്കയറി ഇരുപതാമത്തെ മുത്തച്ഛനിലെത്തുമ്പോൾ ഒരു കുടുംബരേഖ പ്രകാരം ഈജിപ്ത് ജയിച്ചടക്കിയ ഒരു അറബി കമാൻഡറുടെ വംശപരമ്പരയിലാണ് ഞങ്ങളുടെ വേരുകൾ ചെന്നുമുട്ടുന്നതെന്ന് തെളിയുന്നു. പക്ഷേ, ഇമ്മാതിരി രേഖകളിലൊക്കെ സദാ സംശയാലുവാണ് ഞാൻ. അപ്പോൾ വ്യത്യസ്തമായി ഞാൻ ചിന്തിച്ചു തുടങ്ങും. സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഈജിപ്തിൽ ജീവിച്ച ഒരു ക്രൈസ്തവനാണ് എന്റെ മുതുമുത്തച്ഛനെന്ന് അപ്പോൾ ഞാൻ ആലോചിക്കും. പിൽക്കാലത്ത് ഇസ്‍ലാം ഈജിപ്ത് ജയിച്ചടക്കി. ഇസ്‍ലാം ഈജിപ്തിലേക്ക് കടന്നുവന്നതുകൊണ്ട് താനും മുസ്‍ലിമാകണമെന്ന് മിക്കവാറും അദ്ദേഹത്തിന് തോന്നിക്കാണില്ല.

അദ്ദേഹം വാളും അങ്കികളുമുണ്ടാക്കുന്ന ഒരു കൊല്ലനായിരുന്നു. റോമക്കാരുടെ പീഡനത്തിനിരയായ ഒരു പാവം മനുഷ്യൻ. അവർക്ക് അദ്ദേഹം വാളും അങ്കികളുമൊക്കെ ഉണ്ടാക്കിക്കൊടുക്കും. എന്നാൽ, അതിന്റെ പാതിവിലയേ അവർ അദ്ദേഹത്തിന് നൽകൂ. ബാക്കി പാതി അവർ വിഴുങ്ങും. എന്റെ ഈ ഇരുപതാമത്തെ മുത്തച്ഛന്റെ അടുക്കൽ വാളുണ്ടാക്കാൻ ഒരു ദിവസം ഒരു അറബി മുസ്‍ലിം വന്നു. മുത്തച്ഛന് അയാളെക്കുറിച്ച് വലിയ ശുഭപ്രതീക്ഷയൊന്നുമുണ്ടായില്ല. അദ്ദേഹം ആത്മഗതം ചെയ്തു: പടയാളികൾ എന്നും എവിടെയും പടയാളികൾതന്നെ. അവരെല്ലാം ഒരുപോലെതന്നെയായിരിക്കും. എന്റെ മുത്തച്ഛൻ സ്വതഃസിദ്ധമായ ഈജിപ്ഷ്യൻ കുനുഷ്ട് മൂലം ആയുധം നിർമിച്ചുനൽകുന്നത് നീട്ടിക്കൊണ്ടുപോയിക്കൊണ്ടിരുന്നു. എന്നാൽ, ആയുധം നിർമിച്ചുകൊടുക്കുന്നതിനു മുമ്പുതന്നെ ആ മുസ്‍ലിം വില തീർത്തും നൽകിയപ്പോൾ മുത്തച്ഛനൊന്ന് ഞെട്ടി. ആയുധം കൊടുത്തപ്പോഴാകട്ടെ വിലയേക്കാളധികം തുക ഉദാരമായി നൽകുകയും ചെയ്തു. മുത്തച്ഛൻ തുക തന്റെ കാപ്പയിൽ ഇട്ടു. അന്ന് രാത്രി അദ്ദേഹം എന്റെ ഇരുപതാമത്തെ മുത്തശ്ശിയോട് പറഞ്ഞു. ഈ മുസ്‍ലിംകളുണ്ടല്ലോ -അവർ റോമക്കാരെപ്പോലെ ഒന്നും അല്ല ട്ടോ. പെരുമാറ്റത്തിൽ മുസ്‍ലിംകളാണ് മെച്ചം. മുത്തച്ഛൻ ഇടക്കിടെ തന്റെ അടുത്തുവരുന്ന മുസ്‍ലിം യോദ്ധാക്കളുടെ മാതൃകകൾ നിരീക്ഷിക്കാൻ തുടങ്ങി. അവർ ദിനേന അഞ്ചുതവണ മുഖം കഴുകുന്നു. സൈത്തെണ്ണയിൽ മുക്കി ഉണക്ക റൊട്ടി തിന്നുന്നു. ഈജിപ്ഷ്യൻ പെണ്ണുങ്ങൾ അരികിലൂടെ പോകുമ്പോൾ കണ്ണ് താഴ്ത്തുന്നു. സാധനങ്ങൾ വാങ്ങുമ്പോൾ അവ കൈപ്പറ്റും മുമ്പേ വില നൽകുന്നു. പടയോട്ടത്തിൽ വൃക്ഷങ്ങൾക്കൊന്നും തീവെക്കുന്നില്ല. വിളകൾ ചവിട്ടി നശിപ്പിക്കുന്നില്ല. കള്ള് കുടിക്കുന്നില്ല. ഈജിപ്തിലെ സമാധാനകാംക്ഷികളും നല്ലവരുമായ പരിഷ്കൃതചിത്തരും അവരും തമ്മിൽ ഒരു വ്യത്യാസവുമില്ല.

ജീവിതത്തിലുടനീളം റോമക്കാരിൽനിന്ന് നേരിടേണ്ടിവന്ന കൈപ്പുറ്റ അക്രമങ്ങളും ഈജിപ്തിലെ കുബേരപുത്രന്മാർക്കും യാചകർക്കുമിടയിൽ ഒരു വിവേചനവും കാണിക്കാത്ത ഈ പുത്തൻ നീതിയും തമ്മിൽ എന്റെ മുത്തച്ഛൻ താരതമ്യം ചെയ്തുനോക്കി.

ഒരിക്കൽ മുത്തച്ഛൻ ഒരു മുസ്‍ലിം യോദ്ധാവിനോട് ചോദിച്ചു: ‘നിങ്ങളുടെ കമാൻഡർ ആരാണ്?’

പട്ടാളക്കാരൻ പറഞ്ഞു: ‘വേദമാണ് ഞങ്ങളുടെ നേതാവ്.’

മുത്തച്ഛൻ ചോദിച്ചു: ‘ഈ വേദം എന്താണ് നിങ്ങളോട് കൽപിക്കുന്നത്?’

പട്ടാളക്കാരൻ പറഞ്ഞു: ‘ആൾക്കാരോട് സത്യസന്ധത പാലിക്കാനും അവരോട് ഉദാരമായി പെരുമാറാനും ഏകനും കാരുണ്യവാനുമായ ദൈവത്തിലേക്ക് അവരെ ക്ഷണിക്കാനുമാണ് വേദം ഞങ്ങളോട് കൽപിക്കുന്നത്.’

‘ഞാൻ ഇസ്‍ലാമിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ നിങ്ങൾ എന്താണ് എന്നോട് ചെയ്യുക?’ മുത്തച്ഛൻ ചോദിച്ചു.

‘ഒന്നും ചെയ്യില്ല. മതത്തിൽ ബലാൽക്കാരം പാടില്ല എന്നതാണ് ഞങ്ങളുടെ വേദകൽപന.’ -പടയാളി പറഞ്ഞു.

‘ഗംഭീരംതന്നെ.’ മുത്തച്ഛൻ പറഞ്ഞു. ‘ആരും എന്റെ മേൽസമ്മർദം ചെലുത്തുന്നത് എനിക്കിഷ്ടമല്ല.’

ആ മുസ്‍ലിം യോദ്ധാവ് സ്ഥലംവിട്ടു. ഒടുവിൽ എന്റെ മുത്തച്ഛനും മുസ്‍ലിമായി. എന്നിട്ട് അറബികളുടെ പതിവനുസരിച്ച് ഒരു നീളൻ മുസ്‍ലിം പേരും സ്വീകരിച്ചു -അബ്ദുല്ലാഹിബ്നു സൈഫ് ഇബ്നു ദർഅ ഇബ്നു അസദ് അൽമഹ്ദി. തന്റെ കടയുടെ നീണ്ട നെയിം ബോർഡിനനുസരിച്ചാണ് അദ്ദേഹം പേര് സ്വീകരിച്ചതെന്ന് തോന്നുന്നു.

ദിവസങ്ങൾ കടന്നുപോയി. അബ്ദുല്ല മറ്റൊരു വിവാഹം കൂടി കഴിച്ചു. അപ്പോൾ ജിസ്‍യയിൽനിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം ഇസ്‍ലാം മത വിശ്വാസിയായതെന്ന് ആദ്യ ഭാര്യപറഞ്ഞു നടക്കാൻ തുടങ്ങി. ‘പുള്ളിക്കാരൻ അറുപിശുക്കനാണ്. ഒന്നിലേറെ പെണ്ണ് കെട്ടാൻ ആഗ്രഹിക്കുന്ന മൂപ്പിലാൻ ഒരു പെണ്ണുപിടിയൻ കൂടിയാണ്.’ ഇങ്ങനെ പോയി അവരുടെ പരദൂഷണം.

കാലം പിന്നെയും മുന്നോട്ടുപോയി. അതിനിടെ അൽഹാജ് അബ്ദുല്ലാഹിബ്നു സൈഫ് ഇബ്നു ദർഅ ഇബ്നു അസദ് അൽമഹ്ദി നിര്യാതനായി. പിന്നാലെ മകൻ അദ്ഹം ഇബ്നു അബ്ദുല്ല വന്നു. മുസ്‍ലിം പേരുകളുടെ ആ പരമ്പര ഒന്നിനൊന്ന് തുടർന്നുവന്നു. എന്റെ പതിനാലാമത്തെ മുത്തച്ഛന്റെ ജീവിതകാലത്ത് വംശാവലി മഹാനായ അറബി സേനാനായകനുമായി ചേർക്കാൻ കൃത്രിമ ന്യായങ്ങൾ ചമക്കുന്ന ഒരാളുണ്ടെന്ന് അറിയാനിടയായി. എന്റെ പതിനാലാമത്തെ ഈ മുത്തച്ഛന് അതിൽ താൽപര്യം ജനിച്ചു. മൂപ്പർ അയാളെ ചെന്ന് കണ്ടു. എന്നിട്ട് ഞങ്ങളുടെ വംശാവലി ആ ധീര സേനാനായകനിൽ ചെന്നുചേരുന്നു എന്ന് സ്ഥാപിക്കുന്ന നീണ്ട ഒരു പ്രമാണം എഴുതിച്ചു. ആ രേഖ കണ്ട് വഞ്ചിതനായ ജബർതി* (*പ്രസിദ്ധ ഈജിപ്ഷ്യൻ ചരിത്രകാരൻ അബ്ദുറഹ്മാൻ അൽജബർതി -1754-1822) അയാളുടെ ചരിത്രഗ്രന്ഥത്തിൽ അത് പകർത്തിവെച്ചു. അത് പ്രസിദ്ധീകരിച്ചതോടെ ഔദ്യോഗികരേഖയായി മാറി.

പിതാവ് ജനന രജിസ്റ്റർ ഓഫിസിൽ എന്റെ ജനനത്തീയതി രേഖപ്പെടുത്താൻ പോയപ്പോൾ ആ കോളത്തിൽ ഒരു മുസ്‍ലിം പേര് രേഖപ്പെടുത്തി. ആദ്യത്തെ ഏഴു ദിവസങ്ങളിൽ എനിക്ക് പേരിനെക്കുറിച്ച് ഒരു പിടിപാടുമുണ്ടായിരുന്നില്ല. മൂന്നാമത്തെ വയസ്സിലാണ് എന്നെ അവർ വിളിക്കുന്നത് ഒരു നിശ്ചിത പേരിലാണെന്ന് എനിക്ക് മനസ്സിലായത്. അത് ഞാൻ ഹൃദിസ്ഥമാക്കി. ആ പേര് എന്റെ പ്രതീകമായി. ഒരു മുസ്‍ലിമായതിൽ എനിക്ക് വിശേഷിച്ച് ഒരു ക്രെഡിറ്റുമില്ല. എനിക്ക് നാല് വയസ്സായപ്പോൾ അല്ലാഹു ആളുകളെ നരകത്തിലിട്ട് ശിക്ഷിക്കുമെന്ന് മദ്റസ അധ്യാപകൻ പറഞ്ഞുതന്നു. നരകത്തെക്കുറിച്ച്, നരകത്തിൽവെച്ച് ചർമം കരിച്ച്, കരിയുന്തോറും പുതിയ ചർമം ബദൽനൽകി അതും കരിക്കുന്നത് ഉസ്താദ് കുട്ടികളായ ഞങ്ങൾക്ക് വർണിച്ചുതന്നു. ഈ വിവരണം എന്റെ മനസ്സിൽ അല്ലാഹുവിനെ ഒരു ഭീകരനായി പ്രതിഷ്ഠിച്ചു. ഇസ്‍ലാമിന്റെ നേരെ എന്നിലത് ഒരടുപ്പവുമുണ്ടാക്കിയില്ല. പിതാവ് നിസ്കരിക്കാൻ പോകുമ്പോൾ എന്നെയും കൂടെക്കൂട്ടി. അപ്പോൾ മസ്ജിദിലെ ശൈഖ് പറഞ്ഞു: ‘ഉമ്മമാർ മക്കളോട് എങ്ങനെ കരുണ കാണിക്കുമോ അതിനേക്കാളേറെ അല്ലാഹു കരുണ കാണിക്കുന്നവനും പൊറുക്കുന്നവനുമാണ്.’ അപ്പോൾ എനിക്ക് അല്ലാഹുവിനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. അതോടെ ഇസ്‍ലാമുമായി ഞാൻ അടുത്തു. മദ്റസയും മസ്ജിദും സൃഷ്ടിച്ച വൈരുധ്യം എങ്ങനെ പരിഹരിക്കാമെന്ന് എനിക്ക് മനസ്സിലായില്ല.

പത്ത് വയസ്സായപ്പോൾ പരീക്ഷയിൽ തോൽക്കുകയാണെങ്കിൽ തീക്കൊള്ളികൊണ്ട് കുത്തുമെന്ന് പിതാവ് എന്നെ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് മതം ഒരു പീഡനാധികാരിയായി എന്റെ മനസ്സിൽ പ്രതിഷ്ഠിതമായത്. കുറെക്കൂടി വളർന്ന് വലുതായപ്പോഴാണ് പാഠശാലയും തെരുവും കഫേകളും ഓഫിസുമെല്ലാം മനസ്സിൽ അടിച്ചമർത്തൽ ശക്തിയാവുകയും അവസാനം ഞാൻ കാപട്യം പഠിക്കുകയും ചെയ്തത്. പിന്നെയും വലുതായപ്പോൾ ഞാൻ വിവാഹം കഴിക്കുകയും കുട്ടികളെ ഉണ്ടാക്കുകയും ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജലാശയത്തിലിറങ്ങുകയും ചെയ്തു. സമൂഹത്തിൽനിന്നും ജീവിതത്തിൽനിന്നും മറ്റുചില പാഠങ്ങൾകൂടി ഞാൻ പഠിച്ചു. അവ എനിക്ക് കള്ളത്തരങ്ങൾ പഠിപ്പിച്ചുതന്നു.

എനിക്ക് കുറെക്കൂടി പാകംവന്നപ്പോൾ കാപട്യത്തിന് ഞാൻ പുതിയൊരു പേര് കണ്ടെത്തി -മിടുക്ക്. കളവിനും നൽകി മറ്റൊരു പേര് -വികാരങ്ങൾ മാനിക്കൽ. ഇസ്‍ലാമിനെ ആഴത്തിൽ ആശ്ലേഷിക്കുകയാണെന്ന ഭാവേന അതിന്റെ സുരക്ഷിത വലയത്തിൽനിന്ന് ഞാൻ ഊരിച്ചാടുകയായിരുന്നു. ജീവിതംതന്നെ ഇരട്ടത്താപ്പായി മാറി. ഉറക്കെ ഒന്നു പറയുമ്പോൾ പതുക്കെ മറ്റൊന്ന് പറഞ്ഞു. സംസാരം എല്ലാവരോടുമാണെങ്കിൽ അതിനൊരു പൊതുഭാഷ സ്വീകരിക്കും; സ്നേഹിതന്മാരോടാണെങ്കിൽ പ്രത്യേക ഭാഷയും. ആളുകളോട് തുറന്ന് പ്രകടിപ്പിക്കുമ്പോൾ സ്വന്തത്തോട് താനും ചിലത് ഒളിച്ചുവെച്ചു.

എന്റെ പതിനാലാം മുത്തച്ഛൻ വിട്ടേച്ചുപോയ ആ നീണ്ട പ്രമാണവുമായാണ് ഇസ്‍ലാമുമായുള്ള എന്റെ ബന്ധം. ആ മുസ്‍ലിം സേനാനായകനുമായുള്ളത് വംശാവലി ബന്ധംമാത്രം. എന്റെ സിരകളിലൊഴുകുന്നത് അസ്സൽ അറബിരക്തമാണ്. ഞാൻ നല്ലവനാകാൻ പിന്നെന്ത് വേണം!

ജോലിസ്ഥലത്തുനിന്ന് ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഒരു മസ്ജിദിൽ നടന്നുകൊണ്ടിരിക്കുന്ന ക്ലാസ് എന്റെ ശ്രദ്ധയാകർഷിച്ചത്. നൂഹ് നബിയുടെ കഥ പറയുകയായിരുന്നു മസ്ജിദിൽ ശൈഖ്. കഥയിൽ പ്രളയം തുടങ്ങിയിടത്തെത്തിയിരുന്നു അദ്ദേഹം. ഖുർആൻ വ്യാഖ്യാതാവായ ഇബ്നു കസീറിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുടർന്നു: ഭൂനിരപ്പിൽ ഉണങ്ങിയ സകല വസ്തുവിനെയും ജലം വന്നുമൂടി. നൂഹ് നബി മകനെ വിളിച്ചു. അവൻ കുറച്ചകലെ നിൽക്കുകയായിരുന്നു. ‘മോനേ, ഞങ്ങളോടൊപ്പം കപ്പലിൽകയറുക’ അപ്പോൾ അവൻ പറയുകയാണ് -‘ഞാൻ മലമുകളിലെങ്ങാനും കയറി രക്ഷപ്പെട്ടുകൊള്ളാം.’ അന്നേരം നൂഹ് നബി ഉദ്ബോധിപ്പിച്ചു: ‘ഇന്നേ ദിനം ദൈവകൽപനയിൽനിന്ന് അവൻ കരുണ ചെയ്തവരൊഴികെ ആർക്കും രക്ഷപ്പെടാൻ കഴിയില്ല.’ അതിനിടെ തിരമാല അവർക്കിടയിൽ മറയായി. അവൻ മുങ്ങിച്ചാകുന്നവരിൽ പെടുകയും ചെയ്തു.

 

പർവതസമാനമായ തിരമാലകൾക്കു മുകളിലൂടെ കപ്പൽ ഒഴുകിക്കൊണ്ടിരുന്നു. പിന്നെ ദൈവകൽപന വന്നു. അപ്പോൾ പ്രളയം ശമിക്കുകയും കപ്പൽ നങ്കൂരമിടുകയും ചെയ്തു. നൂഹ് നബി രക്ഷപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന് മകനെ ഓർമവന്നു. പിതൃവാത്സല്യത്താൽ അദ്ദേഹം വികാരവിജൃംഭിതനായി. അദ്ദേഹത്തെയും കുടുംബത്തെയും രക്ഷപ്പെടുത്താമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മകൻ കുടുംബാംഗമാണല്ലോ.

‘നൂഹ് തന്റെ വിധാതാവിനെ വിളിച്ചു പ്രാർഥിച്ചു: ‘നാഥാ, എന്റെ മകൻ എന്റെ കുടുംബത്തിൽപെട്ടവനല്ലേ? നിന്റെ വാഗ്ദാനം സത്യവുമാണല്ലോ?’

അപ്പോൾ ദൈവത്തിന്റെ അസന്ദിഗ്ധമായ മറുപടി വരികയായി: ‘ഹേ, നൂഹ്, അവൻ നിന്റെ കുടുംബത്തിൽപെട്ടവനല്ല, കൊള്ളരുതാത്തവനാണവൻ.’

മസ്ജിദിലെ പ്രഭാഷകൻ വിശദീകരിച്ചു. രക്തബന്ധത്തിന് ഒരു പരിഗണനയുമില്ലെന്നാണ് ഇതിലൂടെ അല്ലാഹു പറയുന്നത്. അതിനേക്കാൾ ശക്തമായ മറ്റുചില ബന്ധങ്ങളുണ്ട്. അതാണ് ആദർശബന്ധം. ആദർശം പിൻപറ്റുന്നതാകണം ജീവിതം. നൂഹിന്റെ ആദർശത്തെ പിന്തുടരാത്ത നൂഹിന്റെ പുത്രന് അല്ലാഹുവിന്റെ ത്രാസിൽ ഒരു കനവുമില്ല, അവൻ അദ്ദേഹത്തിന്റെ .........ഇന്ദ്രിയസ്കണത്തിൽനിന്ന് പിറന്നവനാണെങ്കിലും.

വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ഞാൻ ആത്മഗതം ചെയ്തു.

ഞാൻ ഒരു അറബി മുസ്‍ലിം സേനാനായകന്റെ പരമ്പരയിൽപെട്ടവനാണെന്ന പ്രമാണമുള്ളതുകൊണ്ട് എന്നെയൊരു മുസ്‍ലിമായി പരിഗണിക്കാൻ എനിക്ക് പറ്റുമോ?

വ്യാജ പ്രമാണം! സത്യാവസ്ഥ നന്നായറിയുക അല്ലാഹുവിനാണ്.

(വിവ: വി.എ. കബീർ)

Tags:    
News Summary - My Coptic grandfather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.