കൊ​ടി​ഞ്ഞി പ​ള്ളി

കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യലിന് പുതിയ ആസ്ഥാനം; കള്ളസത്യം ചെയ്യുന്നവര്‍ക്ക് ദുരനുഭവം ഉണ്ടാകുമെന്നാണ് വിശ്വാസം

തിരൂരങ്ങാടി: തീര്‍പ്പാക്കാത്ത കേസുകളിലെ നീതിപീഠം എന്നറിയപ്പെടുന്ന കൊടിഞ്ഞി പള്ളിയിലെ സത്യത്തിനായി പുതിയ ആസ്ഥാനം 'മസ്ലഹത്ത് മജ്‌ലിസ്' നാടിന് സമര്‍പ്പിക്കുന്നു. കുടുംബപരവും മറ്റുമുള്ള തീര്‍പ്പാകാത്ത പല തര്‍ക്കങ്ങള്‍ക്കും അവസാനം ആളുകള്‍ പറയുന്ന വാക്കാണ് കൊടിഞ്ഞി പള്ളിയിലെ സത്യം.

പൊലീസ് സ്റ്റേഷനിലും കോടതികളിലും പോലും തീര്‍പ്പാകാത്ത പല കേസുകളും കൊടിഞ്ഞി പള്ളിയില്‍ വന്ന് സത്യം ചെയ്ത് പരിഹാരമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സത്യം ചെയ്യുന്നതിന് ഇവിടെ ആളുകള്‍ എത്തുന്നത് ഇന്നും പതിവ് കാഴ്ചയാണ്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്പുറം അലവി തങ്ങള്‍ നിര്‍മിച്ചതാണ് ഈ പള്ളി. അന്ന് മുതല്‍ നിലനില്‍ക്കുന്നതാണ് കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍.

ഇത് വരെ ആയിരത്തിലേറെ കേസുകള്‍ക്ക് ഇവിടെ പരിഹാരമായിട്ടുണ്ട്. കള്ളസത്യം ചെയ്യുന്നവര്‍ക്ക് വൈകാതെ തന്നെ ദുരനുഭവം ഉണ്ടാകുമെന്നാണ് വിശ്വാസം. കോടതികളില്‍ നിന്നുപോലും തീര്‍പ്പാകാത്ത കേസുകള്‍ സത്യത്തിനായി കൊടിഞ്ഞിപ്പള്ളിയിലേക്ക് മാറ്റി വെക്കുന്ന സംഭവങ്ങള്‍ ഏറെയാണ്. കോടതികള്‍ സത്യത്തിനായി ഇങ്ങോട്ട് നിര്‍ദേശിക്കുമ്പോള്‍ കക്ഷികള്‍ക്ക് പുറമെ കോടതിയില്‍ നിന്നുള്ള ജീവനക്കാരും ഇവിടെ എത്താറുണ്ട്. സത്യം ചെയ്യുന്നതിന് നേരത്തെ ബുക്ക് ചെയ്യേണ്ടതുണ്ട്. ഒരു വെള്ളിയാഴ്ച മൂന്ന് സത്യം ചെയ്യലാണ് നടക്കാറുള്ളത്.

നിരവധി ഇതര മത വിശ്വാസികളും സത്യത്തിനായി ഇവിടെ എത്താറുണ്ട്. സത്യത്തിന് എത്തിയവരോട് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പല തവണ ചോദിച്ച ശേഷമേ സത്യം ചെയ്യിക്കാറുള്ളൂ. പലപ്പോഴും സത്യം ചെയ്യാന്‍ എത്തിയവര്‍ പള്ളിയുടെ മുന്നില്‍ വെച്ച് മാനസാന്തരം വന്ന് സത്യം ചെയ്യാതെ തന്നെ തീരുമാനമായി പിരിയാറുണ്ട്. ഇത്തരം ചര്‍ച്ചകളെല്ലാം നേരത്തെ നടന്നിരുന്നത് പള്ളിയില്‍ തന്നെയായിരുന്നു.

ഇതിന് പരിഹാരം എന്ന നിലക്കാണ് ഇപ്പോള്‍ പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. മസ്‍ലഹത്ത് മജ്‌ലിസ് എന്ന് നാമകരണം ചെയ്ത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 14ന് വൈകീട്ട് മൂന്നിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. അന്നേ ദിവസം തന്നെ തങ്ങള്‍ കൊടിഞ്ഞി മഹല്ല് ഖാദിയായും സ്ഥാനമേല്‍ക്കുന്നുണ്ട്.

Tags:    
News Summary - New headquarters for swearing in Kodinji masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.