വത്തിക്കാൻ സിറ്റി: അമേരിക്കയിൽനിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രിവോസ്തിനെ പുതിയ മാർപാപ്പയായി തെരഞ്ഞെടുത്തു. ‘ഹബേമുസ് പാപാം’ (നമുക്കൊരു മാർപാപ്പയെ ലഭിച്ചു) എന്ന വാക്കുകളോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള ബാൽക്കണിയിൽനിന്ന് പുതിയ മാർപാപ്പയെ പരിചയപ്പെടുത്തി.
വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്. പരിഷ്‍കരണ വാദിയായി അറിയപ്പെടുന്ന കർദിനാൾ റോബർട്ട് പ്രിവോസ്ത്, ലിയോ പതിനാലാമൻ എന്ന പേരിലാകും അറിയപ്പെടുക.
ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 9.40ഓടെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത് അറിയിച്ചുകൊണ്ട് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ പുകക്കുഴലിൽനിന്ന് വെളുത്ത പുക ഉയർന്നത്. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നത് കേൾക്കാനായി ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ചത്വരത്തിൽ കാത്തിരുന്നത്.
ഉച്ചക്കുശേഷം നടക്കുന്ന വോട്ടെടുപ്പിൽ പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുമെന്ന് കർദിനാൾമാരുടെ സംഘത്തിന്റെ ഡീൻ ജിയോവനി ബാറ്റിസ്റ്റ റീ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. വൈകീട്ട് താൻ റോമിൽ തിരിച്ചെത്തുമ്പോൾ സിസ്റ്റൈൻ ചാപ്പലിന്റെ കുഴലിലൂടെ വെളുത്ത പുക ഉയരുന്നുണ്ടാവുമെന്നാണ് 91കാരനായ റീ പറഞ്ഞത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 133 കർദിനാൾമാരാണ് പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.