വടശ്ശേരിക്കര ടൂറിസം സെൻറർ കാടുകയറിയ നിലയിൽ
മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമലയിൽ തിങ്കളാഴ്ച വൈകീട്ട് നടതുറക്കുകയാണ്. മഴക്കെടുതികൾക്ക് നടുവിലാണ് നടതുറക്കുന്നത്. പാതകളിലെ ദുരിതത്തെക്കാൾ കഠിനമാണ് ഇടത്താവളങ്ങളിലെ സ്ഥിതി. യാത്രചെയ്ത് തളരുന്നവർക്ക് വാഹനങ്ങളിൽനിന്ന് ഇറങ്ങി വിശ്രമിക്കാനാണ് ഇടത്താവളങ്ങൾ ഒരുക്കിയത്.
ദുരിത താവളങ്ങളാണ് ജില്ലയിലെ പ്രധാന ഇടത്താവളങ്ങൾ. ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പഞ്ചായത്തുകൾ തീർഥാടകരെ ൈകയൊഴിയുകയാണ്. ശൗചാലയങ്ങളും വിശ്രമ കേന്ദ്രങ്ങളുമൊന്നും തീർഥാടകർക്ക് ഉപയോഗിക്കത്തക്കവിധം നവീകരിച്ചിട്ടില്ല. പ്രധാന ഇടത്താവളങ്ങളും ശബരിമല പാതകൾ കടന്നുപോകുകയും ചെയ്യുന്ന പഞ്ചായത്തുകളിൽ ഇത്തവണ മകരവിളക്ക് കഴിഞ്ഞാലും വഴിവിളക്കുകൾ തെളിയുന്ന ലക്ഷണവുമില്ല. മുൻ കാലങ്ങളിൽ തീർഥാടകരുടെ സ്നാനഘട്ടങ്ങളിൽ ദിവസങ്ങൾക്ക് മുന്നേ വെളിച്ചം സ്ഥാപിക്കുകയും അപകടകരമായ നദീതീരങ്ങളിലും മറ്റും സുരക്ഷ വേലികൾ തീർത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയുമൊക്കെ ചെയ്യുമായിരുന്നെങ്കിലും ഇത്തവണ അതൊന്നുമുണ്ടായിട്ടില്ല.
സർക്കാറിെൻറ പ്രത്യേക ഫണ്ട് വാങ്ങി തീർഥാടക ക്ഷേമത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാറുള്ള വടശ്ശേരിക്കര, പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിൽ ഇത്തവണ വൃശ്ചികമെത്തിയിട്ടും ഇടത്താവളങ്ങൾ വൃത്തിയാക്കുകയോ കുടിവെള്ള വിതരണത്തിനുപോലും സൗകര്യം ഒരുക്കുകയോ ചെയ്തിട്ടില്ല. ശബരിമലയുടെ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയിൽ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച ശുചിമുറി സമുച്ചയം ഉണ്ടെങ്കിലും അതിനു ചുറ്റിലുമുള്ള കാട് വെട്ടിത്തെളിക്കാനോ പൊട്ടിയ പൈപ്പുകൾ നന്നാക്കാനോ തയാറായിട്ടില്ല. തീർഥാടകർക്കാവശ്യമായ കുടിവെള്ള സംവിധാനം ഒരുക്കാനും വഴിവിളക്കുകൾ സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ലെന്നും പരാതിയുണ്ട്. ശബരിമല ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തിൽ ശബരിമല വനമേഖലക്ക് പുറത്ത് മാടമൺ, പെരുനാട്, ളാഹ എന്നിവിടങ്ങളുൾപ്പെടെ ശബരിമല തീർഥാടകർ കൂട്ടമായെത്തുകയും വിരിവെക്കുകയും ചെയ്യുന്ന നിരവധി സ്ഥലങ്ങളുണ്ട്.
ഇവിടെയൊക്കെ കുടിവെള്ളവും വെളിച്ചവും കുളിക്കടവുകളിലൊക്കെ സുരക്ഷാവേലിയും താൽക്കാലിക ശുചിമുറികളും നിർമിക്കാനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ല.
ലക്ഷങ്ങൾ മുടക്കി മടത്തുംമൂഴിയിൽ നിർമിച്ച ഇടത്താവളത്തിലെ ശുചിമുറികളിൽ ഏറിയ പങ്കും തകർന്നുകിടക്കുകയാണ്.
നാറാണംമൂഴി പഞ്ചായത്തിൽ വ്യാപക വിമർശനങ്ങൾ ഉയർന്നതോടെ അത്തിക്കയം പാലത്തിൽ ഏതാനും വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.
തീർഥാടകർ തങ്ങുന്ന അറയ്ക്കമണ്ണിൽ ജങ്ഷനിലെ ചളിക്കുളമായി കിടക്കുന്ന റോഡും പരിസരവും പോലും വൃത്തിയാക്കിയിട്ടില്ല. അത്തിക്കയം പാലത്തിനുസമീപം തീർഥാടകർക്കുള്ള കുളിക്കടവും ശുചിമുറി സംവിധാനവുമൊക്കെ അടിയന്തരമായി സ്ഥാപിക്കാത്തപക്ഷം അറയ്ക്കമൺ ജങ്ഷനും പരിസരവുമൊക്കെ ഒരാഴ്ചകൊണ്ട് മലമൂത്ര വിസർജനവും മാലിന്യവും കൊണ്ട് നിറയും. (അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.