റൈറ്റ് റവ. ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ
(മലങ്കര മാർത്തോമ്മ സുറിയാനി സഭ ചെന്നൈ- ബാംഗ്ലൂർ ഭദ്രാസന എപ്പിസ്കോപ്പ)
എെൻറ സൺഡേ സ്കൂൾ പഠനകാലത്ത് അധ്യാപകരും കുട്ടികളും ചേർന്ന് വീടുകളിൽ രാത്രികാലങ്ങളിൽ പോയി ക്രിസ്മസ് പാട്ടുകൾപാടി സന്ദേശം പങ്കുവെക്കുമായിരുന്നു. അവർ നൽകുന്ന പണം സൺഡേ സ്കൂൾ വാർഷികത്തിന് കുട്ടികൾക്കുള്ള സമ്മാനങ്ങളും കുട്ടികൾക്ക് അവിലും പഴവും വാങ്ങാൻ വാർഷിക ദിനത്തിൽ ഉപയോഗിച്ചിരുന്നു. അങ്ങനെയുള്ള പാടിപ്പിരിവുമായി ഒരു ഭവനത്തിൽ രാത്രിയിൽ ചെന്ന് രണ്ടു പാട്ടുകൾ പാടിയിട്ടും വീട്ടുകാർ കതകു തുറന്നില്ല. ഞങ്ങളുടെ കൂട്ടത്തിലെ ഒരു കുസൃതിക്കുട്ടി ഒരു ഓലപ്പടക്കം കത്തിച്ചെറിഞ്ഞു. അബദ്ധവശാൽ പടക്കം ഓല മേഞ്ഞ പശുത്തൊഴുത്തിെൻറ മുകളിൽ വീണ് പൊട്ടുകയും ഓലക്ക് തീപിടിക്കുകയും ചെയ്തു. കതകു തുറക്കാതെ വീട്ടിലിരുന്ന് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന വീട്ടുകാർ ഇതോടെ ചാടി പുറത്തിറങ്ങി ഒരു ചോദ്യം: പശുതൊഴുത്തിൽ കിടത്തിയ ഉണ്ണിയേശുവിനെ കുറിച്ച് പാടാൻ വന്ന നിങ്ങൾ ഇന്ന് പശുതൊഴുത്തിന് തന്നെ തീ കൊടുത്തോ? പണം കിട്ടിയില്ലെന്ന് മാത്രമല്ല; നല്ല വഴക്കു കിട്ടുകയും ചെയ്തു. ഒരു വിധത്തിൽ അവിടെനിന്ന് ഞങ്ങൾ തടിതപ്പി.
ഭൂമിയിൽ തല ചായ്ക്കാൻ ഇടമില്ലാത്തവെൻറ നിലവിളിയുടെ പേരാണ് യേശു. വിമോചനത്തിനുവേണ്ടി ദാഹിക്കുന്ന മനുഷ്യകുലത്തിന് രോഗത്തിൽനിന്നും ദാരിദ്ര്യത്തിൽനിന്നും പകർച്ച വ്യാധിയിൽനിന്നും മരണത്തിൽനിന്നും മോചനം വേണം. ഈ വിമോചന ദൗത്യത്തിെൻറ ഉദാത്തമായ ആവിഷ്കാരമാണ് ക്രിസ്മസ് ആഗമനത്തിലൂടെ സാധ്യമാവുന്നത്.
മാനവസമൂഹം മുഴുവൻ ഒരേ തോണിയിൽ യാത്ര ചെയ്യുന്ന അസാധാരണമായ കാലസന്ധിയിൽ നാം എത്തിച്ചേർന്നിരിക്കുന്നു. ഈ മഹാമാരിയുടെ കാലത്ത് മനസ്സുകൊണ്ട് മനസ്സിനെ തൊടാൻ കഴിയുന്ന സ്നേഹത്തിെൻറ പുതിയ മാനവികത രൂപപ്പെടണം.
അപ്പത്തിെൻറ ഭവനത്തിൽ (ബത്ലഹേം) യേശു പിറന്നത് അപ്പമാകുവാനാണ്. അതുകൊണ്ടാവണം വിശപ്പുകളോട് അവൻ കലഹിച്ചത്. മനുഷ്യൻ അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത് എന്നു പറഞ്ഞത്. അതുകൊണ്ടുതന്നെയാവണം തൃപ്തിവരുവോളം തന്നെത്തന്നെ നുറുക്കി നൽകി അവൻ പറഞ്ഞത്, ഞാൻ ജീവെൻറ അപ്പമാകുന്നു എന്ന്. അധ്വാന സമൂഹത്തിെൻറ പ്രതീകമായ ആട്ടിടയന്മാരും അന്വേഷണ കുതുകികളായ വിദ്വാന്മാരും പിന്തുടർന്ന നക്ഷത്രം ബത്ലഹേമിൽ അവരെ എത്തിച്ചു. ഐതിഹാസികമായ കർഷകസമരം വിജയം കണ്ടത് ദൃഢനിശ്ചയത്തോെടയുള്ള പുറപ്പാട് മുഖാന്തരമാണ്.
പുൽത്തൊഴുത്ത് രാജകൊട്ടാരമായി ആർക്കും കയറിച്ചെല്ലാവുന്ന ഇടമായി. ചരിത്രാതീതനായ യേശുവിലൂടെ സ്വർഗം ഭൂമിയിൽ സമാഗതമായപ്പോൾ വിറങ്ങലിച്ച മനുഷ്യത്വത്തിന് ഉത്തരമായി മനുഷ്യത്വത്തിെൻറ പൂർണത സമ്മാനിക്കയത്രെ ചെയ്തത്. ദൈവം തെൻറ പുത്രനെ മനുഷ്യരാശിക്കായി, പ്രപഞ്ചത്തിെൻറ വിടുതലിനായി നൽകിയതിലൂടെ ഏറ്റം ശ്രേഷ്ഠമായതിനെ പങ്കുവെക്കുകയായിരുന്നു. മനുഷ്യത്വത്തിെൻറ, പങ്കുവെക്കലിെൻറ ആഘോഷമാണ് ക്രിസ്മസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.