ക്രിസ്മസ് ആശംസാ കാർഡ് വാങ്ങുന്ന പെൺകുട്ടി
തിരുവനന്തപുരം: ഗ്രാഫിക് മെസേജുകളുടെ ഡിജിറ്റൽ പ്രവാഹത്തിലും ജനപ്രിയമായി ക്രിസ്മസ് കാർഡുകൾ. ക്രിസ്മസ് ദിനങ്ങളിൽ പുൽക്കൂടിനും നക്ഷത്ര വിളക്കുകൾക്കുമൊപ്പം ഇമ്പമുള്ള ആശംസ കാർഡുകൾക്ക് തിളക്കമേറെയുണ്ട്. വലിയ പ്രതീക്ഷയില്ലാതെയാണ് ഇക്കുറി കാർഡുകളിറക്കിയതെങ്കിലും ആവശ്യക്കാരുടെ വലിയ തിരക്കാണ് നഗരപാതകൾക്ക് സമീപത്തായി നിരത്തിയ കാർഡ് കടകളിൽ അനുഭവപ്പെടുന്നത്.
അഞ്ച് രൂപയുടെ കുട്ടിക്കാർഡുകൾ മുതൽ 300 രൂപയുടെ വർണക്കാർഡുകൾ വരെയുണ്ട്. സെക്കന്റുകൾക്കുള്ളിൽ ചിത്രമടക്കം ആശംസകൾ കൈമാറാനുള്ള സൗകര്യങ്ങളുണ്ടെങ്കിലും ഗൃഹാതുരത കിനിയുന്ന കാർഡ് കൈമാറലുകൾ ഇനിയും ജനം കൈവെടിഞ്ഞിട്ടില്ലെന്ന് ഇവിടത്തെ തിരക്കുകൾ അടിവരയിടുന്നു. പ്രായഭേദമന്യേ ആളുകൾ കാർഡുകൾ തേടിയെത്തുന്നു.
67 കാരനായ സത്യൻ തന്റെ സൈക്കിളിൽ കാർഡ് തേടിയിറങ്ങിയത് അഞ്ചാം ക്ലാസുകാരനായ പേരക്കുട്ടിക്ക് നൽകാനാണ്. കഴിഞ്ഞ മൂന്നുവർഷമായി കാർഡ് വാങ്ങി നൽകാറുണ്ടെന്ന് സത്യൻ പറയുന്നു. ഇക്കുറിയും കാർഡിനായി കുഞ്ഞ് കാത്തിരിക്കുന്നു. ഇത്തരത്തിൽ കാർഡ് വാങ്ങാൻ ഓരോർത്തർക്കും ഓരോ കാരണങ്ങളുണ്ട്.
സൃഹൃത്തുക്കൾക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും കൈമാറാനും ഒപ്പം വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ബന്ധുക്കൾക്ക് അയക്കാനുമെല്ലാം കാർഡ് തെരഞ്ഞെടുക്കുന്നവരും നിരവധിയാണ്. ക്രിസ്മസ് സാന്റയുടെ ചിത്രവും പല വർണങ്ങളിലും തിളക്കത്തിലും ഉൾപ്പെടുത്തിയുള്ള കാർഡ് പതിവ് ഇക്കുറിയും പ്രധാന ഇനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.