ഇഫ്താറിനുണ്ടാക്കേണ്ട പലഹാരങ്ങളുടെ പട്ടിക അടുക്കള വാതിലിൽ ഒട്ടിച്ചു; ആളുകൾ പങ്കുവെക്കുന്ന രഹസ്യങ്ങൾ അമാനത്ത് പോലെ സൂക്ഷിച്ചു...

പാർലമെന്റിനകത്തും പുറത്തും ന്യൂനപക്ഷങ്ങളുടെ ശബ്ദമായി നിറഞ്ഞുനിന്ന ഇബ്രാഹിം സുലൈമാൻ സേട്ട് വിട പറഞ്ഞിട്ട് ​ഏപ്രിൽ 27ന് 19 വർഷം തികയുകയാണ്. മുസ്‍ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനപരമായ അവകാശങ്ങൾക്കായി അദ്ദേഹം നിരന്തരം ശബ്ദമുയർത്തി. ജവഹർ ലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, നരസിംഹറാവു തുടങ്ങിയ പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിച്ച സേട്ടിന് അവരെ വിമർശിക്കാനും മടിയുണ്ടായിരുന്നില്ല. സുലൈമാൻ സേട്ടിനെ അനുസ്മരിക്കുകയാണ് മകൾ തസ്നിം സേട്ട്.

തന്റെ വലിയ തിരക്കിനിടയിലും കുടുംബത്തിന് അൽപം സമയം മാറ്റിവെക്കാൻ പിതാവ് ശ്രദ്ധിക്കുമായിരുന്നു​വെന്നാണ് മകൾ സാക്ഷ്യപ്പെടുത്തുന്നത്. ചെറിയ കാര്യങ്ങളിൽ പോലും അദ്ദേഹത്തിന് വലിയ ശ്രദ്ധയായിരുന്നു. ആളുകൾ വിശ്വാസത്തോടെ പങ്കുവെക്കുന്ന രഹസ്യങ്ങൾ അദ്ദേഹം അമാനത്ത് പോലെ സൂക്ഷിച്ചു. പിതാവിന് ഇന്ത്യയിലെ നിരവധി മുൻ പ്രധാനമന്ത്രിമാരുമായും അടുപ്പമുണ്ടായിട്ടും ​അതൊ​ന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയില്ലെന്നും തസ്നിം പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം 

​''എന്റെ പ്രിയങ്കരനായ അബ്ബ വിട പറഞ്ഞിട്ട് 19 വർഷം കഴിയുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ​ഓരോ കാര്യവും പറഞ്ഞു തുടങ്ങിയാൽ അത് ഒരിക്കലും അവസാനിക്കാത്ത കഥ പോലെയാകും. ഞാൻ ഓർമ വെച്ച നാൾ മുതൽ അബ്ബ എപ്പോഴും തിരക്കിലായിരുന്നു. ആ തിരക്കിൽ, ഞങ്ങൾ മക്കളും വീട്ടുകാർക്കും തന്നിരുന്നത് വളരെ കുറച്ച് സമയം മാത്രം. എന്നാൽ ആ സമയത്തിന് ക്വാളിറ്റി കൂടുതലായിരുന്നു. മക്കളെ പഠിപ്പിക്കാൻ വരുന്ന ഉസ്താദുമാരെ പോലും അദ്ദേഹം ഇന്റർവ്യൂ ചെയ്യുമായിരുന്നു. ഇൽമുണ്ട് എന്ന് തൃപ്തി വരുത്തിയിട്ടാണ് പഠിപ്പിക്കാൻ അനുവദിക്കുക.
റമദാൻ മാസം ഞങ്ങൾക്കൊപ്പം കഴിയാൻ ശ്രമിക്കും. ഓരോ ഇഫ്താറിനും ഏത് പലഹാരം ഉണ്ടാക്കണമെന്ന് ലിസ്റ്റ് പോലും തയാറാക്കി അടുക്കള വാതിലിൽ ഒട്ടിച്ചു വെക്കും.
അബ്ബ എല്ലാ കാര്യത്തിലും ശ്രദ്ധ കൊടുത്തിരുന്നു. അലമാരയിൽ വസ്ത്രങ്ങൾ അടുക്കി വെച്ചിട്ടു​ണ്ടോ എന്ന് പരിശോധിക്കും. അടുക്കി വൃത്തിയാക്കുന്നതിനെ കുറിച്ച് എപ്പോഴും പറയുമായിരുന്നു. നിരവധിയാളുകൾ ഓരോ പ്രശ്നങ്ങളുമായി അദ്ദേഹത്തിന്റെ മുന്നിലെത്തും. അതിനെല്ലാം പരിഹാരം കാണാൻ പരമാവധി ശ്രമിക്കും. ആളുകൾ വിശ്വാസത്തോടെ അവരുടെ രഹസ്യങ്ങൾ പങ്കുവെക്കും. അത് അബ്ബ ഒരു അമാനത്ത് പോലെ സൂക്ഷിക്കും.
സ്കൂൾ വെക്കേഷൻ സമയത്ത് തിരക്കിൽ നിന്ന് കുറച്ചു സമയം ഭാര്യക്കും മക്കൾക്കുമായി മാറ്റിവെക്കും. ഇടക്കിടെ കറങ്ങാൻ പോകും. മൈസൂരിലൊക്കെ ഞങ്ങളെ കൊണ്ടുപോയിട്ടുണ്ട്. മൈസൂർക്കാരനാണല്ലോ എന്റെ അബ്ബ. അവിടെ മൂത്തുമ്മയുടെ വീടുണ്ട്. അവരുടെ മക്കളോട് അബ്ബക്ക് നല്ല സ്നേഹമായിരുന്നു. ബന്ധങ്ങൾ നിലനിർത്തുന്ന കാര്യത്തിൽ അബ്ബ ഞങ്ങളെ ഉപദേശിക്കുമായിരുന്നു. ഏത് ഭാഷ സംസാരിച്ചാലും നന്നായി സംസാരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. തെറ്റായ വാക്കുകൾ പറഞ്ഞാൽ നമ്മെ തിരുത്തും. നിസ്കരിക്കുമ്പോൾ നമ്മളറിയാതെ ശ്രദ്ധിക്കും. പെട്ടെന്ന് നിസ്കരിച്ചാൽ തൃപ്തിയോടെ നിസ്കരിക്കാൻ പറയും. ഇങ്ങനെ ഓരോ ചെറിയ ചെറിയ കാര്യങ്ങളിലും ശ്രദ്ധ വെച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരുമായും അടുപ്പമുണ്ടായിട്ടും അതൊന്നും തന്റെ സ്വകാര്യ നേട്ടത്തിന് ഉപയോഗിച്ചിരുന്നില്ല. ബുദ്ധിമുട്ടനുഭവിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ നീതിക്ക് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തി ഗർജിച്ചു.
ഇന്നും നല്ലവരായ മലബാറിലെ ജനങ്ങൾ അദ്ദേഹത്തെ പഴയ അതേ സ്നേഹത്തോടെയും ആദരവോടെയും ഓർക്കുന്നുണ്ടെന്ന് ഒരിക്കൽ നേരിട്ട് മനസിലാക്കാൻ സാധിച്ചു. അങ്ങനെയുള്ള ഒരു രാഷ്ട്രീയക്കാരനെ ഇനി ഇന്ത്യ കാണുമോ എന്ന് സംശയമാണ്. എന്റെ പ്രിയങ്കരനായ അബ്ബക്ക് അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനം കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ...
Tags:    
News Summary - Daughter Tasnim Sait writes about the late Ibrahim Sulaiman Sait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT