റിയാദ്: ഇടതുപക്ഷ സാംസ്കാരിക രംഗത്തും സാമൂഹികപ്രവർത്തനത്തിലും റിയാദിൽ സജീവ സാന്നിധ്യമായ പൂക്കോയ തങ്ങൾ മടങ്ങുന്നു. നവോദയ സാംസ്കാരിക വേദിയുടെ ജോയന്റ് സെക്രട്ടറിയായ പൂക്കോയ തങ്ങൾ മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിനാണ് വിരാമമിടുന്നത്. റിയാദിൽ നവോദയക്ക് മുമ്പ് കേളി കലാസാംസ്കാരിക വേദിയുടെയും കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ‘കിയോസി’ന്റെയും രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിക്കുകയും ദീർഘകാലം ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഒമ്പത് വർഷം കേളി കേന്ദ്രകമ്മിറ്റി ജോയന്റ് സെക്രട്ടറിയായിരുന്നു. കിയോസിൽ 10 വർഷത്തോളം ജനറൽ കൺവീനറായി.
കൂടാതെ രിസാല സ്റ്റഡി സർക്കിൾ വൈസ് പ്രസിഡൻറ്, എസ്.വൈ.എസ്, ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി മെംബർ, ആർ.എസ്.കെ എക്സിക്യുട്ടിവ് മെംബർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2000ൽ കേളി രൂപവത്കരണത്തിന് നേതൃത്വം നൽകിയ ഏഴുപേരിൽ ഒരാളായ പൂക്കോയ തങ്ങൾ 2009ലാണ് രാജിവെച്ച് റിയാദിൽ നവോദയ രൂപവത്കരണത്തിൽ പങ്കാളിയാകുന്നത്.
കണ്ണൂർ കൂത്തുപറമ്പ്, കോട്ടയം മലബാർ സ്വദേശിയായ പൂക്കോയ തങ്ങൾ 1993 സെപ്റ്റംബർ 13 ന് റിയാദിലെ ഒരു കമ്പനിയിൽ വെൽഡറായാണ് പ്രവാസത്തിലെത്തുന്നത്. അതേ കമ്പനിയിൽ പിന്നീട് സെക്ഷൻ സെക്രട്ടറി, പ്രൊഡക്ഷൻ കൺട്രോളർ, അസിസ്റ്റൻറ് എൻജിനീയർ, സീനിയർ കോസ്റ്റ് എസ്റ്റിമേഷൻ സ്പെഷലിസ്റ്റ് എന്നീ പദവികളിലേക്ക് ഉയർത്തപ്പെട്ടു. ബി.എസ്.സി ബിരുദധാരിയാണ്.
കുടുംബം ഏറെക്കാലം റിയാദിൽ ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ കണ്ണൂർ ചെറുവാഞ്ചേരിയിലാണ് താമസം. ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബവും നാട്ടിൽ സി.പി.എം പാർട്ടി പ്രവർത്തനനത്തിൽ സജീവമാണ്. നിലവിൽ സി.പി.എം അംഗമായ താൻ നാട്ടിലെത്തി പാർട്ടി പ്രവർത്തനനത്തിൽ സജീവമാകുമെന്ന് പൂക്കോയ തങ്ങൾ പറഞ്ഞു. നവോദയ പ്രവർത്തകർ വെള്ളിയാഴ്ച ഉച്ചക്ക് റിയാദ് ശുമൈസി കാലിക്കറ്റ് ലൈവ് റെസ്റ്റോറൻറ് ഹാളിൽ യാത്രയയപ്പ് ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.