സൂസ ബീൻ

ഇൻസ്റ്റഗ്രാമിൽ 1.9 മില്യൺ ഫോളോവേഴ്സ്; പ്രകാശം പരത്തിയ ആ പെൺകുട്ടി 14ാം വയസിൽ ലോകത്തോട് വിട പറഞ്ഞു

മൂന്നര വയസിലാണ് ആ കുഞ്ഞുപെൺകുട്ടിക്ക് അർബുദം സ്ഥിരീകരിച്ചത്. എട്ടുവയസുള്ളപ്പോൾ അവൾക്ക് രോഗം വീണ്ടും വന്നു. അവളുടെ ആ പ്രായത്തിൽ അപൂർവമായ സംഭവമായിരുന്നു അത്. അതിനിടയിൽ എണ്ണമറ്റ ചികിത്സകൾക്കാണ് ആ പെൺകുട്ടി വിധേയയായത്. വീണ്ടും രോഗം പിടിമുറുക്കി. മൂന്നുതവണ മജ്ജ മാറ്റിവെക്കൽ നടത്തി. കഴിഞ്ഞ തിങ്കളാഴ്ച 14ാം വയസിൽ ആ ധീരയായ പെൺകുട്ടി മരണത്തിന് കീഴടങ്ങി. അമേരിക്കയിലെ വിസ്കോൻസിനിൽ നിന്നുള്ള ആ പെൺകുട്ടിയുടെ ​പേര് സൂസ ബീൻ എന്നായിരുന്നു. ജീവിച്ചിരുന്ന 11 വർഷവും അവൾ അർബുദത്തോട് പൊരുതുകയായിരുന്നു.

ഇന്റർനെറ്റിൽ പങ്കുവെച്ച കുറിപ്പുകളിലൂടെ അവൾ എങ്ങനെ ജീവിക്കണമെന്ന് അപരിചിതരെ പഠിപ്പിച്ചു. ''ചുരുങ്ങിയ കാലമാണ് ഭൂമിയിലുണ്ടായിരുന്നതെങ്കിലും നന്ദിയോടെയാണ് ഓരോ നിമിഷവും അവൾ ജീവിച്ചത്. അവളുടെ വരവ് ഞങ്ങളുടെ കുടുംബത്തെ മാറ്റിമറിച്ചു. അവളുടെ മരണവും അങ്ങനെ തന്നെ​''-എന്നാണ് കുടുംബം സൂസയെ കുറിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

തന്റെ അവസാന വിഡിയോയിൽ പലരും നിസ്സാരമായി കാണുന്ന പല കാര്യങ്ങളും സൂസ പകർത്തിവെച്ചിരുന്നു. ഏറ്റവും രുചികരമായ ഭക്ഷണങ്ങൾ ആസ്വദിക്കാനും വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കാനും മൃഗങ്ങളെയടക്കം ​സ്നേഹിക്കാനും സാധിച്ചതിൽ അവൾ നന്ദിയുള്ളവളായിരുന്നു.

എല്ലാറ്റിനുമുപരി അവൾ ആരോഗ്യമുള്ള ഒരു സാധാരണ പെൺകുട്ടിയാകാൻ കൊതിച്ചു. രോഗം പോലുള്ള ഏറ്റവും കഠിനമായ സാഹചര്യത്തെ നേരിട്ട് ജീവിക്കാൻ പഠിച്ചു എന്നതാണ് അവളുടെ ജീവിതം ഏറ്റവും മനോഹരമാക്കിയതെന്നും കുടുംബം പറയുന്നു.

ഗെറ്റ് റെഡി വിത്ത് മീ എന്ന പേരിലായിരുന്നു സൂസ ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്തിരുന്നത്. ചർമസംരക്ഷണത്തെ കുറിച്ചും മേക്കപ്പിനെയും ഹെയർസ്റ്റൈലിനെയും കുറിച്ച് പറയുന്നതിനെ കുറിച്ച് സൂസ തന്റെ ദിനചര്യയെ കുറിച്ചും പങ്കുവെക്കുമായിരുന്നു.

സെപ്റ്റംബർ മാസം ബാല്യകാല കാൻസർ അവബോധ മാസമായി ആചരിക്കുകയാണ്. അർബുദം അതിജീവിച്ച സൂസ രോഗത്തെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തന്റെ ജീവിതയാത്രയെ കുറിച്ച് പതിവായി പങ്കുവെക്കുമായിരുന്നു. ഇൻസ്റ്റഗ്രാമിൽ 1.9 ദശലക്ഷം ആളുകളാണ് അ​വളെ പിന്തുടർന്നത്.

അവളുടെ ജീവിതത്തിൽ അവസാനത്തെ 14 ദിവസങ്ങൾ ഇങ്ങനെയായിരുന്നു...വേദന കുറക്കാനായി അവൾ നിരന്തരം മോർഫിൻ കഴിച്ചിരുന്നു. 11 വർഷമായി സൂസ ബെയ്ൻ അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന രക്താർബുദ ബാധിതയായിരുന്നു.

രണ്ടാഴ്ച മുമ്പ് പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ രോഗം മൂലം കഠിനമായ ദിവസങ്ങളെ കുറിച്ചാണ് സംസാരിച്ചത്.


കാൻസർ ഒരു പോരാട്ടമാണ്. ചിലപ്പോൾ വിഷാദം കാണിക്കുന്നത് മറ്റൊരാൾക്ക് ഒറ്റപ്പെടൽ അനുഭവപ്പെടാൻ ഇടയാക്കുമെന്ന് അവൾ എഴുതി. മറ്റൊരു ക്ലിപ്പിങ്ങിൽ എനിക്ക് വളരെ വേദനിക്കുന്നു എന്ന് പറഞ്ഞ് ആ പെൺകുട്ടി കരയുന്നത് കേൾക്കാം.

''എനിക്ക് ഇപ്പോൾ നടക്കാൻ പോലും കഴിയുന്നില്ല. വളരെ വേദനിക്കുന്നു''എന്നാണ് ഒരു വിഡിയോക്ക് അവൾ അടിക്കുറിപ്പായി എഴുതിയത്. മരുന്നുകൾ ഫലിക്കാതെ വേദനയോടെ സൂസ കരയുന്നത് അതിൽ കേൾക്കാം.

സൂസയുടെ പ്രായത്തിലുള്ളവർ സാധാരണ സ്കൂളിൽ പോവുകയും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയുമാണ് ചെയ്യുക. എന്നാൽ സൂസയുടെ ദിവസങ്ങൾ ആശുപത്രി സന്ദർശനങ്ങളും ചികിത്സയുമായി കൊഴിഞ്ഞടർന്നു. തന്റെ രോഗകാരണം മൂലമാണ് അവൾക്ക് സ്കൂളിൽ പോകാൻ കഴിയാതിരുന്നത്.

സുഹൃത്തു​ക്കൾക്കൊപ്പം സമയം ചെലവഴിക്കാതെ അവളുടെ ബാല്യകാലം കഴിഞ്ഞുപോയി. തന്റെ മുടി കൊഴിഞ്ഞു പോകുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയാൻ പോലുമാവാത്ത പ്രായമായിരുന്നു. അതിനാൽ അവൾ ആശയക്കുഴപ്പത്തിലായി.  

Tags:    
News Summary - 1.9 Million on Instagram Followed Her Cancer Journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.