മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന മുക്കത്തെ പെൺകൂട്ടായ്മ പരിശീലനത്തിൽ
മുക്കം: നൃത്തം ചെയ്യാൻ മനസ്സുണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മുക്കത്തെ ഒരുപറ്റം വനിതകൾ. 61 വയസ്സുകാരികളും വിരമിച്ച അധ്യാപികമാരുമായ അരുണ അനിൽ കുമാർ, ശോഭന നാരായണൻ കുട്ടി എന്നിവരും 22 വയസ്സുകാരിയും പി.ജി വിദ്യാർഥിനിയുമായ ഐശ്വര്യ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, വീട്ടമ്മമാർ എന്നിവർ ഉൾപ്പെടെ 12 വനിതകളാണ് ഫെബ്രുവരി രണ്ടിന് ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്.
മുക്കം കല്ലുരുട്ടി സ്വദേശിനിയും നൃത്താധ്യാപകനുമായ രാജൻ കല്ലുരുട്ടിയുടെ ശിക്ഷണത്തിൽ മൂന്ന് വർഷത്തോളം നീണ്ട കഠിന പരിശീലനത്തിന് ഒടുവിലാണ് മോഹിനിയാട്ടത്തിൽ ഇവർ പുതിയ അധ്യായം രചിക്കാൻ ഒരുങ്ങുന്നത്. നൃത്തം പഠിക്കണമെന്ന ഏറെ നാളത്തെ ആഗ്രഹമാണ് ഈ അരങ്ങേറ്റത്തിലൂടെ തങ്ങൾക്ക് സാധിക്കുന്നതെന്നും അതിന് പ്രായം ഒരു തടസ്സമല്ല എന്നും അരുണയും ശോഭനയും സാക്ഷ്യപ്പെടുത്തുന്നു.
പ്രായം ചെന്നവരുടെ കൂടെയാണ് നൃത്തം പഠിക്കാൻ പോവുന്നത് എന്ന് അറിഞ്ഞപ്പോൾ ഇത്ര പ്രായം ചെന്നവർക്ക് നൃത്തം ചെയ്യാൻ കഴിയുമോ എന്ന് സംശയം ഉണ്ടായിരുന്നുവെന്നും എന്നാൽ, തന്നേക്കാൾ ഊർജസ്വലരായി കളിക്കാൻ ഇവർക്ക് പറ്റുന്നുണ്ടെന്ന് കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഐശ്വര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.