'ആണും പെണ്ണും അൽപ വസ്ത്രം ധരിച്ച് തുള്ളുന്നത് പഠിക്കാനല്ല കുട്ടികളെ സ്കൂളിലയക്കുന്നത്, സൂംബ ഡാൻസ് പരിപാടിയിൽ നിന്ന് അധ്യാപകനെന്ന നിലയിൽ വിട്ടുനിൽക്കും, ഏത് നടപടിയും നേരിടാൻ തയാർ '; വിസ്ഡം നേതാവ്

കോഴിക്കോട്: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന കായിക പരിശീലനങ്ങൾക്കൊപ്പം സൂംബാ ഡാൻസും ഉൾപ്പെടുത്തിയതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്.

സൂംബ ഡാൻസ് കളിക്കണമെന്ന നിർദേശം പാലിക്കാൻ തയാറല്ലെന്നും ഒരു അധ്യാപകനെന്ന നിലയിൽ താൻ വിട്ടുനിൽക്കുകയാണെന്നും ഈ വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാൽ എന്താകുമെന്ന ഭീതിയാണ്‌ പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കിൽ ഡിപ്പാർട്ട്മെൻറിന് വിശദീകരണം നൽകേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്ന് മാറി നിന്നാൽ എന്താണ് സർക്കാർ എടുക്കുന്ന നടപടിയെന്ന് അറിയാൻ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തൽ ബ്രൈക്ക് ചെയ്തില്ലെങ്കിൽ ഇതിലും വലിയ പ്രതിസന്ധികൾക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരും.'- ടി.കെ അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു.

സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സൂംബ ഡാൻസ് ഉൾപ്പെടുത്തുന്നതിനെതിരെ നേരത്തെയും ടി.കെ.അഷ്റഫ് രംഗത്തെത്തിയിരുന്നു.

ഡിജെ പാർട്ടികളിലും മറ്റു ആഘോഷങ്ങളിലും അഭിരമിക്കുന്ന ഈ കാലത്ത് പിരിമുറുക്കം കുറക്കാനെന്ന പേരിൽ സ്കൂളുകളിൽ സൂംബാ ഡാൻസിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് വിളിച്ചുവരുത്തുകയെന്നും സൂംബാ ഡാൻസ് വന്നതിന് ശേഷമാണ് ലോകത്ത് രാസലഹരി വ്യാപകമായതെന്നും അദ്ദേഹം പറയുന്നു.


Full View


Tags:    
News Summary - Zumba dance in schools: Wisdom General Secretary TK Ashraf criticizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.