അലനല്ലൂർ (പാലക്കാട്): സൂംബ പരിശീലനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയും എടത്തനാട്ടുകര ടി.എ.എം യു.പി സ്കൂൾ അധ്യാപകനുമായ ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
അഷ്റഫിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജർക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ കത്ത് നൽകിയിരുന്നു. എന്നാൽ, മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്ന് അഷ്റഫിനോട് ആവശ്യപ്പെട്ടെന്നാണ് സ്കൂൾ മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പിന് മറുപടി നൽകിയത്. എന്നാൽ, ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് അധികൃതർ മാനേജ്മെന്റിനോട് വ്യാഴാഴ്ച രാവിലെ വീണ്ടും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകന്റെ വിശദീകരണത്തിന് കാത്തുനിൽക്കാതെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
മക്കളെ പൊതുവിദ്യാലയത്തിൽ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണും പെണ്ണു കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാനല്ലെന്നും താനും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നുമായിരുന്നു ടി.കെ. അഷ്റഫിന്റെ ഫേസ്ബുക് പോസ്റ്റ്.
'ഞാൻ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാൽ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കിൽ ഡിപ്പാർട്ട്മെൻറിന് വിശദീകരണം നൽകേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്ന് മാറി നിന്നാൽ എന്താണ് സർക്കാർ എടുക്കുന്ന നടപടിയെന്ന് അറിയാൻ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തൽ ബ്രൈക്ക് ചെയ്തില്ലെങ്കിൽ ഇതിലും വലിയ പ്രതിസന്ധികൾക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരും.'- എന്നാണ്, ടി.കെ അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.