സൂംബ വിവാദം: മത പണ്ഡിതർ പക്വതയോടെ സംസാരിക്കണം, സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം ഉണ്ടാകരുത് - അബ്ദുല്ല കോയ മദനി

കോഴിക്കോട്: പൊതു സമൂഹത്തിൽ വർഗീയതക്കും വിഭാഗീയതക്കും തിരി കൊളുത്തുന്ന പ്രസ്താവനകളിൽ നിന്നും നിലപാടുകളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന പ്രവർത്തക കൺവൻഷൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത കത്തിക്കുന്നവർക്ക് അത് അണയ്ക്കാൻ കഴിയില്ലെന്നത് തിരിച്ചറിയണം. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം അടിസ്ഥാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്ന വിവാദങ്ങൾക്ക് തിരി കൊളുത്തുന്നത് കരുതിയിരിക്കണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു.

സൂംബ വിവാദത്തിന്റെ മറവിൽ പൊതു വിദ്യാലയങ്ങളിൽ കുട്ടികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണം. മത പണ്ഡിതർ വളരെ പക്വതയോടെ സംസാരിക്കാൻ പഠിക്കണം. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം മത പണ്ഡിതരിൽ നിന്നും ഉണ്ടാകരുതെന്നും കെ.എൻ.എം പ്രസിഡന്റ് ആവശ്യപ്പെട്ടു

ബീഹാറിൽ നിയമ സഭ തെരെഞ്ഞെടുപ്പ് ആസന്നമായ സമയത്ത് വോട്ടർ പട്ടിക സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ഉയർത്തിയ സംശയം എത്രയും വേഗം ദൂരീകരിക്കണമെന്നും പ്രവർത്തക കൺവൻഷൻ അഭിപ്രായപ്പെട്ടു. വോട്ടർ പട്ടിക പരിശോധനക്ക് നിലവിൽ സ്വീകരിക്കുന്ന രേഖകൾക്ക് പുറമെ പൗരത്വം ചോദ്യം ചെയ്യുന്ന രൂപത്തിലുള്ള ഇടപെടൽ സംശയം ഉണ്ടാക്കുന്നതാണ്. എൻ ആർ സി ക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്ന ഘട്ടത്തിൽ പിൻവാങ്ങിയ കേന്ദ്ര സർക്കാർ തന്ത്രപരമായി രാജ്യത്തെ പൗരന്മാരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല.

ജനാധിപത്യവും മതേതരത്വവും ഭരണ ഘടനയുടെ ആമുഖത്തിൽ നിന്നും എടുത്ത് മാറ്റണമെന്ന ആർ എസ് എസ് നേതാവിന്റെ പ്രസ്താവനയും അതിനു പിന്തുന്ന നൽകുന്ന ഭരണ ഘടന സ്ഥാപന മേധാവികളുടെ വാക്കുകളും അങ്ങേയറ്റം ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. രാജ്യത്ത് നിലനിൽക്കുന്ന ചട്ടങ്ങളും വ്യവസ്ഥകളും റദ്ദ് ചെയ്തു ഏകാധിപത്യത്തിലേക്ക് വഴി വെട്ടുന്നത് ഒറ്റക്കെട്ടായി തടയണമെന്നും കെ.എൻ.എം സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. പ്രൊഫ എൻ.വി അബ്ദു റഹ്‌മാൻ,ഡോ ഹുസൈൻ മടവൂർ, എം.ടി അബ്ദു സമദ് സുല്ലമി, എ അസ്ഗർ അലി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഡോ.സുൾഫിക്കർ അലി, അബ്ദു റഹ്‌മാൻ പാലത്ത്, സി. മുഹമ്മദ് സലീം സുല്ലമി, ഡോ പി പി അബ്ദുൽ ഹഖ്സു, ഹ്‌റ മമ്പാട്, കെ.എം.എ അസീസ്, റഹ്മത്തുല്ല സ്വലാഹി, സുഹ്ഫി ഇമ്രാൻ, അമീൻ അസ്‌ലഹ്, അസീം തെന്നല എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - Zumba controversy: Religious scholars should speak with maturity - Abdullah Koya Madani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.