തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതിയെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തു. കരമന നെടുങ്കാട് സ്വദേശിനി അര്‍ച്ചന (25) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിയായ യുവാവാണ് പണംതട്ടിപ്പിന് ഇരയായത്. യുവതിയുമായി ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവാവ് പരിചയപ്പെടുന്നത്. താന്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടറാണെന്നും ഇതേ ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി ജോലി വാങ്ങി നല്‍കാമെന്നും യുവതി അറിയിച്ചു.
യുവതിയുടെ വാക്കില്‍ വീണുപോയ യുവാവ് തന്റെ പിതാവിന്റെ പക്കല്‍ നിന്നു പണം വാങ്ങിയശേഷം വിവിധ സമയങ്ങളിലായി 63,000 രൂപ യുവതിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. മൊത്തം ഒന്നരലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടിരുന്നത്. 63,000 രൂപ നല്‍കിയശേഷം ബാക്കി തുക പിന്നീട് നല്‍കാമെന്ന് യുവാവ് അറിയിക്കുകയായിരുന്നു.
ഇതിനിടെ യുവതിയുടെ സമീപനത്തില്‍ സംശയം തോന്നിയ യുവാവ് മെഡിക്കല്‍ കോളജ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ യുവാവ് യുവതിയുമായി വീണ്ടും ബന്ധപ്പെടുകയും സ്വകാര്യാശുപത്രിക്കു സമീപമെത്തിയാല്‍ അവിടെവച്ച് ബാക്കിത്തുകകൂടി നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടെ യുവാവിനൊപ്പം എത്തിയ പൊലീസ് യുവതിയെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.