ദമ്മാം: എന്തിനാണ് മകൻ ഈ ക്രൂരകൃത്യം ചെയ്തതെന്ന് തനിക്ക് ഒരുത്തരവും പറയാനാകുന്നില്ലെന്ന് വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊല നടത്തിയ അഫാന്റെ പിതാവ് അബ്ദുറഹീം. അവന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ല. വീടുവിറ്റ് ഞങ്ങളുടെ കടങ്ങൾ തീർക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അവൻ എല്ലാ പിന്തുണയും നൽകിയിരുന്നു. ഒരു പെൺകുട്ടിയുമായി അവൻ പ്രണയത്തിലാണെന്നും അവർ ബൈക്കിൽ ഒപ്പം സഞ്ചരിക്കാറുണ്ടെന്നും പലരും എന്നെ അറിയിച്ചിരുന്നു. എന്നാൽ, അതൊക്കെ ഇന്നത്തെ കൗമാരക്കാരുടെ രീതികളല്ലേ എന്ന രീതിയിലാണ് ഞാൻ മറുപടി നൽകിയത്. ഈ പെൺകുട്ടിയിൽനിന്ന് അവൻ വാങ്ങിയിരുന്ന കടത്തിലെ പകുതിയോളം ഞാൻ ഇവിടുന്ന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
എന്റെ ഉമ്മയുമായും, സഹോദരനുമായൊക്കെ അവൻ നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. ഉമ്മൂമ്മയുടെ അടുത്ത് അവൻ മിക്കപ്പോഴും പോകും. അപ്പോഴൊക്കെ ഉമ്മ അവന് കാശൊക്കെ കൊടുത്താണ് തിരിച്ചയക്കാറ്. കടക്കാർ വല്ലാതെ ബുദ്ധിമുട്ടിച്ചപ്പോൾ ഒന്ന് മാറിനിൽക്കാനാണ് ദമ്മാമിലെത്തിയത്. എല്ലാ പ്രശ്നങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള വഴികൾ ശരിയാക്കിവരുകയായിരുന്നു. ഭാര്യയും മകനുമൊക്കെ അത് സമ്മതിക്കുകയും കടങ്ങൾ തീർത്ത് നല്ലൊരു ജീവിതം നയിക്കണമെന്ന എന്റെ ആഗ്രഹത്തിന് പിന്തുണതരുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയുമായി സംസാരിച്ചിരുന്നു. മക്കളുടെ വിശേഷങ്ങൾ തിരക്കിയിരുന്നു. ചില കാര്യങ്ങളിൽ വാശി പിടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഓ അവന് ഭ്രാന്താ’ എന്ന് ഒഴുക്കൻ മട്ടിൽ ഭാര്യ പറഞ്ഞിരുന്നു. എന്നാൽ, മകന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി ഞങ്ങൾക്ക് ആർക്കുമറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.