മിനിമം വേതനം 25,450 മുതൽ 33,880 രൂപ വരെ; നഴ്സുമാരു‌ടെ അടിസ്ഥാന വേതനം പുതുക്കി കരട്‌ വിജ്ഞാപനം

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരടക്കം ജീവനക്കാരുടെ വേതനം പുതുക്കി കരട്‌ വിജ്ഞാപനം പുറത്തിറങ്ങി. സ്റ്റാഫ്‌ നഴ്‌സുമാർക്ക്‌ 25,450 രൂപ മുതൽ 33,880 രൂപ വരെ മിനിമം വേതനം ലഭിക്കുന്ന വിധത്തിലാണ് കരട്‌ വിജ്ഞാപനം.

അധിക അലവൻസും ക്ഷാമബത്തയും ഉൾപ്പെടെ 40,000 രൂപവരെ ശമ്പളം ലഭിച്ചേക്കും. കരട് വിജ്ഞാപനത്തിന്മേൽ ചർച്ചകളും അഭിപ്രായ ക്രോഡീകരണങ്ങളും നടത്തി 60 ദിവസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണം. അതിന് ശേഷമാകും പ്രാബല്യത്തിലാവുക.

എന്നാൽ, സർക്കാറിന്‍റെ ഈ വിജ്ഞാപനം അംഗീകരിക്കുന്നില്ലെന്നും അടിസ്ഥാന ശമ്പളം 40,000 ആക്കുന്നത് വരെ സമരം തുടരുമെന്നും യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പ്രസിഡന്റ്‌ ജാസ്മിൻ ഷാ അറിയിച്ചു.

ഞായറാഴ്ച തൃശൂരിൽ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുമായി ചർച്ച നടത്തുമെന്നും അതിനുശേഷം സമരം ഏതുരീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എൻ.എ മുന്നോട്ടുവെച്ച ശമ്പള പരിഷ്കരണത്തോട് ഒട്ടുമിക്ക മാനേജ്മെന്‍റുകൾക്കും സമ്മതമാണെന്നും എന്നാൽ, സർക്കാറിനാണ് പിടിവാശിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശമ്പള പരിഷ്കരണം സംബന്ധിച്ച് കരട് വിജ്ഞാപനംവഴി മുഴുവൻ സ്വകാര്യ ആശുപത്രിയിലെയും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ പരിഷ്‌കരണമുണ്ടാകും. ഓഫിസും പൊതുവിഭാഗവും ജീവനക്കാർ, രജിസ്‌ട്രേഡ്‌ നഴ്‌സസ്‌, മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗം ജീവനക്കാർ എന്നിവരുടെ അടിസ്ഥാന ശമ്പളമാണ്‌ പുതുക്കി നിശ്ചയിക്കുന്നത്‌. ശമ്പള വർധന ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ കഴിഞ്ഞ ദിവസം സെക്രട്ടറിയറ്റിന് മുന്നിൽ കൂറ്റൻ പ്രതിഷേധ സംഗമം നടത്തിയിരുന്നു.

തിങ്കളാഴ്ചമുതൽ സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ച് നഴ്സുമാരുടെ സംഘടന

അടിസ്ഥാന ശമ്പളം 40,000 എന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വീണ്ടും സമരത്തിന് നഴ്സുമാരുടെ സംഘടന. തിങ്കളാഴ്ചമുതൽ സമ്പൂർണ പണിമുടക്ക് ആരംഭിക്കുമെന്നും യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്ത് 40,000 രൂപ അടിസ്ഥാന ശമ്പളം നൽകാത്ത സ്ഥാപനങ്ങളിൽ തിങ്കളാഴ്ചമുതൽ സമ്പൂർണ പണിമുടക്ക് ആരംഭിക്കും. ഈ അടിസ്ഥാന ശമ്പളം നൽകുന്ന സ്ഥാപനങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കും.

പണിമുടക്കിൽ ആശുപത്രിയിലെ ഒരു വിഭാഗത്തിലും ജോലി ചെയ്യില്ല. തുച്ഛമായ വർധന മാത്രമാണ് സർക്കാർ വിജ്ഞാപനത്തിലൂടെ ഉണ്ടായിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിനെതിരെയുള്ള സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും സ്വകാര്യ ആശുപത്രികൾക്ക് മുന്നിലാണ് ഇനി സമരമെന്നും യു.എൻ.എ പ്രസിഡന്‍റ് വ്യക്തമാക്കി.

Tags:    
News Summary - Minimum wage from Rs 25,450 to Rs 33,880; Draft notification revising basic wage of nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.