കൊച്ചി: ജെ.എസ്.കെ: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സെൻസർബോർഡിനോട് ചോദ്യങ്ങളുമായി ഹൈകോടതി. ജാനകി എന്ന പേര് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും എന്തിനാണ് അത് മാറ്റുന്നത് എന്നുമായിരുന്നു ഹൈകോടതിയുടെ ചോദ്യം.
ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും ഹൈകോടതി സെൻസർബോർഡിനോട് ചോദിച്ചു. ഈ പേരിൽ മുമ്പും മലയാളത്തിലടക്കം സിനിമകൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം ഇപ്പോഴുണ്ടാകുന്നത് എന്തുകൊണ്ടാണെന്നും ഹൈകോടതി ചോദിച്ചു.
സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെ തുടർന്ന് നിർമാതാക്കൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്. ഓരോ ദിവസവും റിലീസിങ് തിയതി നീട്ടിവെക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ഹരജിയിൽ പറയുന്നു. സിനിമയുടെ പേര് ജാനകി എന്നായതുകൊണ്ടാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക രംഗത്തുവന്നിരുന്നു.
ജൂൺ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ജാനകി വി/എസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാമനുമതി നിഷേധിച്ചത്. ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകി എന്നും സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശം. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചത്.
വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയിൽ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അഷ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, നിഷ്താർ സേത്ത്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. കോസ്‌മോസ് എന്‍റർടൈൻമെന്‍റ്സ്, കാർത്തിക് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് സിനിമയുടെ സൗണ്ട് ട്രാക്ക് ഒരുക്കിയത്. സംജിത് മുഹമ്മദാണ് എഡിറ്റര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.