തിരുവനന്തപുരം: വെള്ളക്കരം വർധനക്ക് പിന്നാലെ കുടിശ്ശിക തുക പിരിച്ചെടുക്കാൻ നടപടി ശക്തമാക്കി ജല അതോറിറ്റി. 1000 രൂപക്ക് മുകളിൽ കുടിശ്ശികയുള്ള കണക്ഷനുകൾ വ്യാപകമായി വിച്ഛേദിക്കുകയാണ്. മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുന്നത് പരാതിക്കിടയാക്കിയിട്ടുണ്ട്. വിച്ഛേദിക്കുന്ന കണക്ഷനുകൾ പണം അടച്ച് പുനഃസ്ഥാപിക്കാൻ കാലതാമസമുണ്ടാകുന്നു.
ജല അതോറിറ്റി കുടിവെള്ളം മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ ഇതുമൂലം ദുരിതം അനുഭവിക്കുന്നു. പ്രതിഷേധങ്ങൾക്ക് കാരണമാവുമെന്നതിനാൽ നഗരപ്രദേശങ്ങളിൽ കണക്ഷൻ വിച്ഛേദിക്കുന്നത് കുറവാണ്. വെള്ളക്കരം വർധിപ്പിച്ചശേഷം ജല അതോറിറ്റിയുടെ വരുമാനം വർധിച്ചെങ്കിലും ഇതിന്റെ ഗുണം ലഭിക്കണമെങ്കിൽ ഉപഭോക്താക്കൾ കൃത്യമായി പണമടക്കുന്നെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് മാനേജ്മെൻറ് വിലയിരുത്തൽ. അടുത്തിടെ വെള്ളക്കരം വർധിപ്പിച്ചതിലൂടെ ഉപഭോക്താക്കളുടെ ദ്വൈമാസ ബില്ലിൽ 100 മുതൽ 1000 രൂപയുടെ വരെ വർധനയാണുണ്ടായത്.
എന്നിട്ടും അതോറിറ്റിയുടെ വരവും ചെലവും തമ്മിലുള്ള അന്തരം തുടരുന്നുണ്ട്. സർക്കാറിൽനിന്ന് കാര്യമായ സാമ്പത്തിക സഹായം പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉപഭോക്താക്കളിൽനിന്ന് കിട്ടാനുള്ള പണം പരമാവധി ഈടാക്കാനാണ് നീക്കം. പ്രതിമാസം 41.5 കോടിയുടെ നഷ്ടത്തിലുള്ള സ്ഥാപനത്തിന് വെള്ളക്കര വർധന ചെറിയ ആശ്വാസമാകുമെന്നല്ലാതെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് അതോറിറ്റി വൃത്തങ്ങൾ പറയുന്നു. വൈദ്യുത കണക്ഷൻ വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി നൽകുന്ന സാവകാശംപോലും ജല അതോറിറ്റി നൽകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. എന്നാൽ, ബിൽ പ്രകാരമുള്ള തുക അവസാനതീയതിക്കകം അടച്ചില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുമെന്ന് ബില്ലിന്റെ മറുവശത്ത് അറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, സർക്കാർ വകുപ്പുകൾ വരുത്തിയ കുടിശ്ശിക പിരിച്ചെടുക്കൽ എങ്ങുമെത്തുന്നില്ല. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയടക്കം 1200 കോടിയിലേറെ രൂപയാണ് വെള്ളക്കരം ഇനത്തിൽ നൽകാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.