തിരുവനന്തപുരം: രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതിനൊപ്പം ക്രൂചേഞ്ച്, ക്രൂസ് ഷിപ്പിങ് എന്നിവയിൽ വിഴിഞ്ഞം തുറമുഖത്ത് പ്രീക്ഷിക്കുന്നത് വൻവികസനം. വിഴിഞ്ഞം തുറമുഖത്തെ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റായി കേന്ദ്ര സർക്കാർ ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
ഇതിലൂടെ അന്താരാഷ്ട്ര കപ്പൽ പാതയിലെ പ്രധാന കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബിനൊപ്പം പ്രധാന ക്രൂ ചേഞ്ച് ഹബ്ബായും വിഴിഞ്ഞം മാറും. ആഡംബര ക്രൂയിസ് കപ്പലുകൾക്ക് ഇനിമുതൽ വിഴിഞ്ഞത്ത് എത്താനാവുന്നത് സംസ്ഥാനത്തെ ടൂറിസം മേഖലക്ക് വൻ കുതിപ്പാവുമെന്നാണ് കണക്കുകൂട്ടൽ.
രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിലവിലെ 800 മീറ്റർ കണ്ടെയ്‌നർ ബെർത്ത് 2000 മീറ്ററായി വികസിപ്പിക്കും. ഇത് പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ ബെർത്ത് എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കും. നിലവിലെ 2.96 കിലോമീറ്റർ പുലിമുട്ട് 3.88 കിലോമീറ്ററായി വർധിക്കും.
നിലവിൽ തുറമുഖത്തിനായി നിർമിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴം കൂടിയതാണ്. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കേണ്ടി വരുന്നില്ല. പകരം കടൽ നികത്തിയാണ് ആവശ്യമായ ഭൂമി കണ്ടെത്തുന്നത്. നിലവിലുള്ളവക്ക് പുറമെ 12 പുതിയ ഷിപ്പ് ടു ഷോർ ക്രെയിനുകൾ, 27 പുതിയ യാർഡ് ക്രെയിനുകൾ എന്നിവ പുതുതായി സ്ഥാപിക്കും.
തുറമുഖത്തിന്റെ ഒന്നാം ഘട്ടം 24,000 ടി.ഇ.യു കണ്ടെയ്‌നർ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലുള്ളതാണ്. എന്നാൽ, തുടർഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ 28,840 ടി.ഇ.യുവരെ ശേഷിയുള്ള ‘നെക്സ്റ്റ് ജെൻ’ കണ്ടെയ്‌നർ കപ്പലുകളെയും കൈകാര്യം ചെയ്യാൻ ഈ തുറമുഖം സജ്ജമാകും.
ഒരേസമയം അഞ്ച് മദർഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ പാകത്തിൽ തുറമുഖം വികസിക്കുന്നത് വൻ നേട്ടമാണ്. തുറമുഖത്തുനിന്ന് 2035 മുതൽ സംസ്ഥാന സർക്കാറിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.