യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കൽപറ്റയിൽ നടത്തിയ പ്രതിഷേധപ്രകടനം
സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത മുൻ ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചതോടെ കോൺഗ്രസ് പ്രതിരോധത്തിൽ. കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി..., എന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചാണ് കൈ ഞരമ്പ് മുറിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് സുൽത്താൻ ബത്തേരിയിൽ മാധ്യമപ്രവർത്തകരെ കാണുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ തുടങ്ങിയ നേതാക്കൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. കഴിഞ്ഞ ജൂൺ 30ന് മുമ്പ് രണ്ടരകോടിയുടെ ബാധ്യതകൾ തീർക്കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള എഗ്രിമെന്റും കുടുംബത്തിന് ലഭിച്ചില്ല.
എഗ്രിമെന്റ് ടി. സിദ്ദീഖ് എം.എൽ.എ വാങ്ങിയതായാണ് മറുപടി ലഭിച്ചത്. പത്മജയുടെ ഭർത്താവും എൻ.എം. വിജയന്റെ മൂത്തമകനുമായ വിജേഷ് പക്ഷാഘാതം വന്നതിനെത്തുടർന്ന് ചികിത്സയിലാണ്. താമസിക്കുന്ന വീടും സ്ഥലവും ബത്തേരി അർബൻ ബാങ്കിൽ പണയത്തിലാണെന്നും മാനസികമായി തകർത്തുവെന്നും ആത്മഹത്യ ശ്രമത്തിനുശേഷം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ അവർ പ്രതികരിച്ചു. പത്മജയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഒരുദിവസം ആശുപത്രിയിൽ തങ്ങാനാണ് ഡോക്ടർമാർ നിർദേശിച്ചത്.
കൽപറ്റ: പത്മജയുടെ ആത്മഹത്യ ശ്രമത്തിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ എം.എല്‍.എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എൻ.എം. വിജയന്റെ കടബാധ്യതകൾ തീർക്കാമെന്ന നേതാക്കളുടെ ഉറപ്പ് ലംഘിക്കപ്പെട്ടതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു. പൊലിസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തുംതള്ളിലും എം.എല്‍.എ ഓഫിസിന് മുന്നിലെ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
തുടർന്ന് ഐ.സി. ബാലകൃഷ്ണനും ടി. സിദ്ദീഖ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല സെക്രട്ടറി കെ.എം ഫ്രാൻസിസ്, സെക്രട്ടറിയേറ്റ് മെംബർ ടി.പി ഋതുശോഭ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.വി അനീഷ്, ഇന്ദു പ്രഭ, സിബിൽ ബാബു, കെ. വിനീഷ്, നിധീഷ് സോമൻ എന്നിവർ നേതൃത്വം നൽകി.
ഡി.വൈ.എഫ്.ഐ എം.എൽ.എ ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുന്നു
കൽപറ്റ: അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിന് പിന്നാലെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ ദേശീയപാത ഉപരോധിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ റോഡ് ഉപരോധിച്ചത്. ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.പി. ആലി, ബി. സുരേഷ് ബാബു, നജീബ് കരണി, ബിനു തോമസ്, ഗിരീഷ് കൽപറ്റ, ഗോകുൽദാസ് കോട്ടയിൽ, ഹർഷൽ കോന്നാടൻ, ഒ.വി. റോയ്, എം.പി. ബാപ്പു, ജ്യോതിഷ് വൈത്തിരി, സി. സുരേഷ് ബാബു, മുഹമ്മദ് ബാവ, കെ. അജിത, ഡിന്റോ ജോസ്, പി.ആർ. ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.
കല്പറ്റ: എം.എന്‍ വിജയന്റെ മരുമകളുടെ ആത്മഹത്യ പ്രേരണയുടെ പേരില്‍ തന്റെ ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ടി. സിദ്ദീഖ് എം.എൽ.എ. പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ചാണ് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കുടുംബത്തിന്റെ ജീവനോപാധികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ 20 ലക്ഷം നല്‍കിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുള്ള വായ്പ പാര്‍ട്ടി ഏറ്റെടുത്തതാണ്. ഈ വിഷയങ്ങളിലും പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കാലതാമസം നേരിട്ടിരുന്നു. എങ്കിലും പരിഹാരം കാണാന്‍ സാധിച്ചു.
സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ വായ്പയുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തുകയാണ്. വിഷയത്തിൽ ചര്‍ച്ച നടക്കുകയാണെന്നും ശേഷം തുകയും ബാങ്കില്‍ അടക്കുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കുടുംബത്തെ ഫോണ്‍ വിളിക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. വിജയന്റെ മകന് വിജേഷിന്റെ ആശുപത്രി ചെലവ് താന്‍ നേരിട്ടാണ് ഇടപെട്ട് ഏറ്റെടുത്തത്. ഈ പണത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കുകയായിരുന്നു. ഇതൊന്നും പുറത്തുപറയാന്‍ വേണ്ടി ചെയ്തതല്ല. എന്നാല്‍ തന്നെക്കൊണ്ട് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പറയിപ്പിക്കുകയാണെന്നും സിദ്ദിഖ് എം.എല്‍.എ പറഞ്ഞു.
കൽപറ്റ: ടി.സിദ്ദീഖ് എം.എല്‍.എയുടെ കല്പറ്റയിലെ ഓഫിസ് ആക്രമിച്ച സി.പി.എം നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. എന്തുകാരണത്തിന്റെ പേരിലാണ് എം.എല്‍.എയുടെ ഓഫിസ് ആക്രമിച്ചതെന്ന് സി.പി.എം വ്യക്തമാക്കണം. അണികളെ നിയന്ത്രിക്കാന്‍ സി.പി.എം തയാറാകണമെന്നും അതിന് തയാറല്ലെങ്കില്‍ നേരിടുന്നതിന് കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി: എതിർശബ്ദങ്ങളുയർത്തുന്നവരെ കുടുംബത്തോടൊപ്പം ഇല്ലായ്മ ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ. എൻ.എം വിജയന്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ ജില്ലയിലെ എം.എൽ.എയടക്കമുള്ള നേതാക്കളുടെ മാനസിക പീഡനം മൂലമാണ്. പ്രിയങ്ക ഗാന്ധി ജില്ലയിലുണ്ടായിട്ടും ഒരു പ്രതികരണം നടത്താത്തതും വീടുകൾ സന്ദർശിക്കാത്തതും അപലപനീയമാണെന്നും പ്രശാന്ത് മലവയൽ പത്മജയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.