തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉദ്ഘാടന ചടങ്ങിലേക്ക് തനിക്ക് പ്രത്യേക ക്ഷണമൊന്നും ലഭിച്ചിട്ടില്ല. എം.എൽ.എമാർക്കും എം.പിമാർക്കും നൽകുന്ന ക്ഷണക്കത്ത് മാത്രമാണ് നൽകിയത്. മന്ത്രി പറഞ്ഞത് ക്ഷണിക്കുന്നില്ലെന്നാണ്. പ്രതിഷേധം ഉയർന്നപ്പോഴാണ് തന്നെ ക്ഷണിക്കാൻ തീരുമാനിച്ചത്. എം.വിൻസെന്റും ശശി തരൂരും ഉദ്ഘാടന ചടങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാചകതൊഴിലാളികളുടെ വേതനം പോലും നൽകാൻ കഴിയാത്ത സർക്കാറാണ് കോടതികൾ മുടക്കി വാർഷികാഘോഷം നടത്തുന്നത്. 15 കോടി രൂപ മുടക്കിയാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. മെഗാ സൂബ പരിപാടിയിൽ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ടുകൾ നൽകിയതിനേയും അദ്ദേഹം വിമർശിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയെ ചുവപ്പുവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സർക്കാർ ചിലവിലല്ല മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ടുകൾ വിതരണം ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. വിമർശനം ശക്തമായതോടെയാണ് പ്രതിപക്ഷനേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നായിരുന്നു സംസ്ഥാന സർക്കാറിന്‍റെ വാദം. വിഴിഞ്ഞം ട്രയല്‍ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ അന്ന് സര്‍ക്കാര്‍ ന്യായീകരിച്ചത് വലിയ ആഘോഷം വരികയല്ലേ എന്നായിരുന്നു.
വിവാദമായതിന് പിന്നാലെ തിങ്കളാഴ്ചയിലെ തീയതി വെച്ച് ഇന്നലെ ഉച്ചയോടെ പ്രതിപക്ഷനേതാവിന്‍റെ വീട്ടിൽ കത്ത് എത്തിക്കുകയായിരുന്നു. അപ്രിയ സത്യങ്ങള്‍ പറയുമെന്ന് ഭയന്നാകും വിഴിഞ്ഞത്തേക്ക് വിളിക്കാതിരുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.