ജി. സുധാകരൻ

ജി. സുധാകരന്‍റെ മത്സരം മറ്റ് മണ്ഡലങ്ങളെയും ബാധിക്കും; സി.പി.എമ്മിൽ ആശങ്ക

ആലപ്പുഴ: പാർട്ടിവിട്ട മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്നത് ആലപ്പുഴയിലെ മറ്റു നിയമസഭ മണ്ഡലങ്ങളെയും ബാധിക്കുമെന്ന് സി.പി.എമ്മിൽ ആശങ്ക. പുന്നപ്ര-വയലാർ പോരാട്ടത്തിന് സാക്ഷ്യംവഹിച്ച വിപ്ലവഭൂമി കൂടി ഉൾക്കൊള്ളുന്ന മണ്ണിലാണ് സി.പി.എം വിമതനായി ജി. സുധാകരൻ പോരിനിറങ്ങുന്നത്. ഇത് അമ്പലപ്പുഴക്ക് പുറമെ സുധാകരന് സ്വാധീനമുള്ള കുട്ടനാട്, കായംകുളം, ആലപ്പുഴ മണ്ഡലങ്ങളിലും സജി ചെറിയാൻ മത്സരിക്കുന്ന ചെങ്ങന്നൂരിലും ബാധിക്കുമെന്ന് കണക്കുകൂട്ടുന്നു. ഇതിന് തടയിടുകയാണ് പാർട്ടിയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം.

അംഗങ്ങളടക്കം ഒരാൾപോലും സി.പി.എമ്മിൽനിന്ന് കൊഴിഞ്ഞുപോകരുതെന്ന കർശനനിർദേശം താഴേതട്ടിലേക്ക് നൽകിയിട്ടുണ്ട്. ഇതിനായി ഏരിയ കമ്മിറ്റി ജനറൽബോഡി വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുകയാണ്. സുധാകരൻ പാർട്ടി വിട്ടത് അധികാരത്തിന് വേണ്ടിയാണെന്നും സി.പി.എമ്മിൽനിന്ന് ഒരുകാലത്തും അവഗണന നേരിട്ടില്ലെന്നുമാണ് ബ്രാഞ്ച് തലംവരെയുള്ളവർക്ക് നൽകുന്ന വിശദീകരണം. വോട്ടുചോരുമെന്ന ഭീതിയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ജില്ലകമ്മിറ്റിയംഗങ്ങൾ നേരിട്ടെത്തിയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

അതേസമയം, സുധാകരന്റെ പ്രവർത്തന കേന്ദ്രമായിരുന്ന കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. നിലവിലെ ജില്ല നേതൃത്വത്തിന്റെ നിലപാടുകളോട് എതിർപ്പുള്ള സി.പി.എം പ്രവർത്തകരെ സുധാകരന്റെ തുറന്നുപറച്ചിലുകൾ സ്വാധീനിക്കുമെന്നാണ് കണക്കുകൂട്ടൽ.

പാർട്ടിയിൽ നേരത്തെ തന്റെ എതിർപക്ഷത്തായിരുന്നവർ ഉൾപ്പെടെയുള്ള പ്രവർത്തകരുമായി സുധാകരൻ ആശയവിനിമയം നടത്തുന്നുണ്ട്. ഇവരുടെ യോഗംവിളിച്ചുചേർത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫിസ് പുന്നപ്രയിൽ തുറക്കുന്നതടക്കമുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ചുവരെഴുത്തുകൾ ഒഴിവാക്കി സോഷ്യൽ മീഡിയ വഴിയാവും പ്രചാരണം കൊഴുപ്പിക്കുക.

സി.പി.എമ്മിന്‍റെ പ്രാദേശിക നേതാക്കളിൽ സുധാകരന് പഴയ സ്വാധീനമില്ലെന്ന് നേതൃത്വം വിലയിരുത്തുമ്പോഴും അണികളിലും അനുഭാവികളിലും അദ്ദേഹത്തോട് അടുപ്പമുള്ളവരുണ്ടെന്ന യാഥാർഥ്യം പാർട്ടിക്ക് മുന്നിലുണ്ട്. അഴിമതിയുടെ കറ പുരളാത്ത നേതാവെന്ന പ്രതിച്ഛായ പൊതുസമൂഹത്തിൽ അദ്ദേഹത്തിനുണ്ട്.

സി.പി.എം പ്രതിഷേധം; ജി. സുധാകരന്‍റെ വീടിന് പൊലീസ് കാവൽ

ആലപ്പുഴ: സി.പി.എം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻമന്ത്രി ജി. സുധാകരനെതിരെ പ്രതിഷേധവുമായി സി.പി.എം. പ്രതിഷേധം കണക്കിലെടുത്ത് ജി. സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല. വീടിന് സമീപം പ്രതിഷേധ ബാനർ ഉയർന്നിട്ടുണ്ട്. ‘‘കുലം കുത്തികളെ കാലം വർഗവഞ്ചകൻ എന്നു വിളിക്കും’’ എന്നാണ് ബാനറിലുള്ളത്. ‘ഭഗവതിക്കൽ സഖാക്കള്‍’ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ രൂക്ഷ വിമർശനമുണ്ട്.

അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പറവൂർ കിഴക്ക് നവനീതം വീടിന്റെ സമീപത്തെ വീടിന്റെ മതിലിൽ ഉൾപ്പെടെ സുധാകരനെതിരെ പോസ്റ്റർ പതിഞ്ഞു. ‘രക്തസാക്ഷികൾ സിന്ദാബാദ്, വർഗവഞ്ചകന് മാപ്പില്ല, വോട്ടില്ല, സി.പി.എം’ എന്നാണ് പോസ്റ്ററിലെ വരികൾ. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന്റെ ചുമരിലും പുന്നപ്രയിലെ വിവിധ പ്രദേശങ്ങളിലും വി.എസ്. അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിന് സമീപത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ അമ്പലപ്പുഴ ഏരിയ കമ്മിറ്റിക്ക് കീഴിലെ എല്ലാ ലോക്കൽ കമ്മിറ്റികളും വിളിച്ചുചേർത്ത് സുധാകരന്റെ സ്ഥാനാർഥിത്വവും തുടർപ്രതിരോധപ്രവർത്തനങ്ങളും ചർച്ച ചെയ്തു.

കരുത്ത് തെളിയിക്കാൻ ശനിയാഴ്ച വൈകീട്ട് നാലിന് പറവൂരിൽ പാർട്ടി ഏരിയ കമ്മിറ്റിയുടെ കീഴിൽ റാലിയും പൊതുസമ്മേളനവും നടത്തും. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ വീടിന് മുന്നിൽനിന്ന് ജി. സുധാകരന്‍റെ വീടിന് സമീപത്തെ ജങ്ഷനിലേക്കാണ് പ്രകടനം. ജില്ല നേതാക്കൾ പങ്കെടുക്കും.


Tags:    
News Summary - G. Sudhakaran's contest will affect other constituencies as well; CPM concerned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.