കോഴിക്കോട്: തദ്ദേശ വകുപ്പ് സംയോജനത്തിലൂടെ സ്ഥാനക്കയറ്റങ്ങൾ വേഗത്തിൽ കുതിക്കുമ്പോഴും ഫീൽഡുതല ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരുടെ (വി.ഇ.ഒ) സ്ഥാനക്കയറ്റത്തിന് തടയിട്ട് തദ്ദേശ വകുപ്പ്. കേന്ദ്ര-സംസ്ഥാനാവിഷ്കൃത വ്യക്തിഗത പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്ന ഏക ഫീൽഡുതല തസ്തികയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ. ഗ്രേഡ് വണ്ണിൽനിന്നും സീനിയർ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കോ ഗ്രേഡ് രണ്ടിൽനിന്നും ഗ്രേഡ് ഒന്നിലേക്കോ വർഷങ്ങളായി പ്രമോഷൻ നടക്കുന്നില്ല.
മുൻ ഗ്രാമവികസന വകുപ്പിലെ ഒന്നാം ഗ്രേഡ് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരുടെ മാത്രം പ്രമോഷൻ തസ്തികയായ സീനിയർ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്ക് ഇവർക്ക് പ്രമോഷൻ നിഷേധിക്കുമ്പോൾ, വകുപ്പു സംയോജനത്തിലെ ഇന്റർ ട്രാൻസ്ഫറബിലിറ്റി എന്ന പഴുതിലൂടെ സമാന തസ്തികയിൽ മുൻ പഞ്ചായത്തു വകുപ്പിലെ ജീവനക്കാരെ സ്ഥലംമാറ്റത്തിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയും നിയമനം നൽകി സീനിയർ എക്സ്റ്റൻഷൻ ഓഫിസർ തസ്തിക നികത്തുകയാണ്. മുൻ പഞ്ചായത്തു വകുപ്പിൽ ഇതിലൂടെയുണ്ടാകുന്ന പ്രമോഷൻ തസ്തികകൾ ആ വകുപ്പിലുള്ളവരിൽനിന്ന് നികത്തുകയും ചെയ്യും. ഇതോടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർക്ക് തങ്ങളുടെ പ്രമോഷൻ തസ്തികയിൽ എത്ര ഒഴിവുണ്ടെന്നുപോലും അറിയാത്ത സ്ഥിതിയാണ്.
പരിശീലന സമയത്തുള്ള യോഗ്യതാപരീക്ഷ പാസാകാത്തവരെ പ്രമോഷനിൽ ഉൾപ്പെടുത്തുന്നതിന്റെ സീനിയോറിറ്റി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുള്ളതിനാലാണ് സ്ഥാനക്കയറ്റം നടപ്പാക്കാത്തതെന്നാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. എന്നാൽ, സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സ്ഥാനക്കയറ്റം, സീനിയോറിറ്റി വിഷയങ്ങളിൽ കേസുകൾ സ്വാഭാവികമാണ്.
അവയിലൊക്കെ ജീവനക്കാർക്ക് സ്ഥാനക്കയറ്റങ്ങൾ സമയബന്ധിതമായി നൽകുന്നുണ്ട്. കേസുകളുടെ അന്തിമ വിധിക്കനുസരിച്ചേ സ്ഥിരപ്പെടുത്തുകയുള്ളൂവെന്ന ഉപാധിയിലാണ് പ്രമോഷൻ നൽകുന്നത്. തദ്ദേശ വകുപ്പിൽ മറ്റെല്ലാ തസ്തികകളിലും ഇതൊക്കെ പരിഗണിക്കുമെങ്കിലും വി.ഇ.ഒമാരുടെ തസ്തികയിൽ മാത്രമാണ് നിയമത്തെ ദുർവ്യാഖ്യാനംചെയ്ത് സ്ഥാനക്കയറ്റം മൂന്നു വർഷത്തിലധികമായി നിഷേധിച്ചതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.