എഫ്.എസ്.എൽ നിയമനങ്ങൾക്ക് ഇനി എം.എസ്സി ഫോറൻസിക് സയൻസും യോഗ്യത

തിരുവനന്തപുരം: കേരള പൊലീസിന് കീഴിലുള്ള സ്റ്റേറ്റ് ഫോറൻസിക് ലബോറട്ടറിയിലെ (എഫ്.എസ്.എൽ) ടെക്നിക്കൽ തസ്തികകളിലെ നിയമനങ്ങൾക്കെല്ലാം ഇനി എം.എസ്സി ഫോറൻസിക് സയൻസ് ബിരുദവും യോഗ്യത. നിലവിലുള്ള യോഗ്യതകൾക്കൊപ്പം പുതിയ യോഗ്യതകൾ കൂടി ചേർത്തുള്ള സ്പെഷൽ റൂൾസ് ഭേദഗതി സർക്കാർ വിജ്ഞാപനമിറക്കി.

ഫോറൻസിക് സയൻസിലും വിവിധ അൈപ്ലഡ് സയൻസ് കോഴ്സുകളിലും പി.ജി കോഴ്സുകൾ സാർവത്രികമായിട്ടും ഇവ ഫോറൻസിക് ലബോറട്ടറി നിയമന യോഗ്യതയിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇതുസംബന്ധിച്ച് കരട് സ്പെഷൽ റൂൾസ് തയാറാക്കിയെങ്കിലും അംഗീകാരം നൽകി വിജ്ഞാപനം ചെയ്തിരുന്നില്ല. പുതിയ റൂൾസ് പ്രകാരം സയന്‍റിഫിക് ഓഫിസർ തസ്തികകളിലേക്കെല്ലാം 50 ശതമാനം മാർക്കിൽ കുറയാതെയുള്ള എം.എസ്.സി ഫോറൻസിക് സയൻസ് യോഗ്യതയായിരിക്കും. ഇതിനുപുറമെ വിവിധ ഡിവിഷനുകളിലെ തസ്തികകൾക്ക് പുതിയ യോഗ്യതകളും കൂട്ടിച്ചേർത്തിട്ടുണ്ട്.

ഫിസിക്സ് ഡിവിഷനിലെ സയന്‍റിഫിക് ഓഫിസർ തസ്തികയിലേക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത ഫിസിക്സ് എം.എസ്സി ബിരുദത്തിന് പുറമെ ഫോറൻസിക് സയൻസിലെ ബിരുദാനന്തര ബിരുദവും യോഗ്യതയാകും. കെമിസ്ട്രിയിൽ സയന്‍റിഫിക് ഓഫിസർ തസ്തികയിലേക്ക് എം.എസ്സി കെമിസ്ട്രിക്ക് പുറമെ ഫോറൻസിക് സയൻസ്, അനലിറ്റിക്കൽ കെമിസ്ട്രി, അൈപ്ലഡ് കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബയോകെമിസ്ട്രി, ടോക്സിക്കോളജി, എൻവയൺമെന്‍റൽ ടോക്സിക്കോളജി എന്നിവയിലെ ബിരുദാനന്തര ബിരുദം യോഗ്യതയായിരിക്കും.

ബയോളജി ഡിവിഷനിൽ സയന്‍റിഫിക് ഓഫിസർ തസ്തികയിൽ നിയമനത്തിന് നിലവിലുള്ള എം.എസ്സി ബോട്ടണി, സുവോളജി ബിരുദങ്ങൾക്ക് പുറമെ ഫോറൻസിക് സയൻസ്, ബയോടെക്നോളജി, മൈക്രോബയോളജി, ഫിസിക്കൽ ആന്ത്രാപ്പോളജി, ഹ്യൂമൻ ബയോളജി, ജനിറ്റിക്സ്, മോളിക്യുലർ ബയോളജി, ലൈഫ് സയൻസ്, ബയോകെമിസ്ട്രി എന്നിവയിലെ പി.ജി ബിരുദവും യോഗ്യതയായിരിക്കും. ഡോക്യുമെന്‍റ്സ് വിഭാഗത്തിലേക്ക് നിലവിലുള്ള എം.എസ്സി ഫിസിക്സ്, കെമിസ്ട്രി ബിരുദങ്ങൾക്ക് പുറമെ കമ്പ്യൂട്ടർ സയൻസ്, ഫോറൻസിക് സയൻസ്, സൈബർ ഫോറൻസിക്, ഡിജിറ്റൽ ഫോറൻസിക്, കമ്പ്യൂട്ടർ ഫോറൻസിക് എന്നിവയിലെ പി.ജി ബിരുദവും യോഗ്യതയാക്കി.

പോളിഗ്രാഫ് വിഭാഗത്തിലേക്ക് നിലവിലുള്ള സൈക്കോളജി പി.ജി ബിരുദത്തിന് പുറമെ ക്രിമിനോളജി, ഫോറൻസിക് സയൻസ് എന്നിവയിലെ എം.എസ്സി ബിരുദവും യോഗ്യതയാക്കി. പ്രമോഷൻ തസ്തികകളായ അസിസ്റ്റന്‍റ് ഡയക്ടർ, ജോയന്‍റ് ഡയറക്ടർ, ഡയറക്ടർ തസ്തികകളുടെ യോഗ്യതയും ഇതിനുസരിച്ച് പുതുക്കിയിട്ടുണ്ട്. ഈ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനുള്ള യോഗ്യതകളും സ്പെഷൽ റൂൾസിൽ ഉൾപ്പെടുത്തി.    

Tags:    
News Summary - MSc Forensic Science now also a qualification for FSL appointments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.