തൃശ്ശൂർ: ഷാഫി പറമ്പിലിനെതിരെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ഉന്നയിച്ചത് ആരോപണമല്ലെന്നും അധിക്ഷേപമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിന്‍റെ ഒരു ജില്ലാ സെക്രട്ടറിയാണ് ഇത്തരത്തിൽ അധിക്ഷേപം നടത്തുന്നത്. അയാളെ സ്ഥാനത്തുനിന്ന് നീക്കാൻ സി.പി.എം തയാറാകണം. സി.പി.എം സോഷ്യൽ മീഡിയയിൽ കുറേപ്പേരെ അഴിച്ചുവിട്ടിരിക്കുകയാണ്. അവർക്ക് ആരെയും എന്തും പറയാം. കേരളത്തിൽ സി.പി.എമ്മിന് ഒരു നിയമവും അല്ലാത്തവർക്ക് വേറൊരു നിയമവുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
“ആരോപണമുന്നയിക്കുകയല്ല അധിക്ഷേപിക്കുകയാണ് ചെയ്തത്. സി.പി.എമ്മിന്‍റെ ഒരു ജില്ലാ സെക്രട്ടറിയാണ് ഇത്തരത്തിൽ അധിക്ഷേപം നടത്തുന്നത്. അയാളെ സ്ഥാനത്തുനിന്ന് നീക്കാൻ സി.പി.എം തയാറാകണം. ഷാഫി പരാതി നൽകിയാൽ അറസ്റ്റു ചെയ്യുകയും വേണം. സി.പി.എമ്മുകാർക്ക് മാത്രമാണ് പൊലീസ് സ്റ്റേഷനുകളിൽ പരിഗണന നൽകുന്നത്. കേരളത്തിലെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അധിക്ഷേപം നടത്തുന്നത് സി.പി.എമ്മാണ്. സോഷ്യൽ മീഡിയയിൽ കുറേപ്പേരെ അഴിച്ചുവിട്ടിരിക്കുകയാണ്. അവർക്ക് ആരെയും എന്തും പറയാം. ഒരു നടപടിയും സ്വീകരിക്കില്ല. സാധാരണക്കാർക്കു വേണ്ടി എന്തെങ്കിലും നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറാകുന്നില്ല.
കേരളത്തിൽ സി.പി.എമ്മിന് ഒരു നിയമവും അല്ലാത്തവർക്ക് വേറൊരു നിയമവുമാണ്. അപ്പോൾ ജനങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകും. തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം കുറെ ആളുകളെ ഇങ്ങനെ അഴിച്ചിട്ടിരിക്കുകയാണ്. ഞാൻ ഇതുവരെ കരുതിയിരുന്നത് സി.പി.എം ജില്ലാ സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്വപ്പെട്ട പോസ്റ്റാണെന്നാണ്. ആ സ്ഥാനത്ത് ഇരിക്കുന്ന ഒരാളാണ് അധിക്ഷേപവുമായി രംഗത്തെത്തിയത്. സി.പി.എം നടപടി എടുക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. എന്താണ് ഇവരുടെ സമീപനം എന്ന് കാണാം” -വി.ഡി. സതീശൻ പറഞ്ഞു.
നേരിട്ട് ആരെയെങ്കിലും നന്നായി കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാം എന്നാണ് ഹെഡ്മാഷ് ചോദിക്കുന്നത് എന്നാണ് ഷാഫിയെ കുറിച്ച് ഇ.എൻ. സുരേഷ് ബാബു പറഞ്ഞത്. ഷാഫി മാത്രമല്ല കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണ്. സ്ത്രീ വിഷയത്തിൽ മുസ്‍ലിം ലീഗ് നടപടി മാതൃകയാക്കണം. കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കാണിക്കുന്നതെന്നും സുരേഷ് ബാബു ആരോപിച്ചു.
'സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ് മാസ്റ്ററാണ് ഷാഫി പറമ്പിൽ. സഹികെട്ടാണ് വി.ഡി സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്. കേറി കേറി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. പാലക്കാട് എത്തിയ രാഹുലിനും ഓഫീസിനും സംരക്ഷണം നൽകിയത് കോൺഗ്രസ് നേതൃത്വമാണ്. മരണവീട്ടിൽ രാഹുലിനെ ആവേശകരമായ സ്വീകരണമാണ് നേതാക്കൾ നൽകിയത്. രാഹുൽ മങ്കൂട്ടത്തിലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നൽകുകയും ചെയ്യുകയാണ്’ -ഇ.എൻ സുരേഷ് ബാബു പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപങ്ങളാണോ സി.പി.എം 2026ലേക്ക് കരുതിവെച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രമെന്ന് ഇതിന് മറുപടിയായി ഷാഫി പറമ്പിൽ ചോദിച്ചു. സി.പി.എമ്മുകാർ ആദ്യം തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചുവെന്നും അതൊന്നും ഏശാതിരുന്നപ്പോൾ പുതിയത് കൊണ്ടുവരികയാണെന്നും ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.