രാജ്ഭവന്‍ ആര്‍.എസ്.എസ് കേന്ദ്രമാക്കരുത്; സർക്കാർ മാധ്യമങ്ങളോടല്ല, ഗവർണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത് -വി.ഡി. സതീശൻ

തിരുവനന്തപുരം: രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമല്ലെന്ന് പറയേണ്ടത് സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സർക്കാർ പ്രതിഷേധം അറിയിക്കാൻ തയാറാകാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടു വന്നപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചതാണ്. സർക്കാർ മാധ്യമങ്ങളോടല്ല ഗവർണറോടാണ് ഇതെ കുറിച്ചുള്ള പ്രതിഷേധം അറിയിക്കേണ്ടത്. രാജ്ഭവനെ ആര്‍.എസ്.എസ് കേന്ദ്രമാക്കരുത്. ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി ഇതെ കുറിച്ച് മിണ്ടിയത്. ഈ പോക്ക് പോയാൽ സി.പി.എം മുങ്ങുമെന്നും വി.ഡി. സതീശൻ ഓർമിപ്പിച്ചു.

സി.പി.എമ്മിനൊപ്പം സി.പി.ഐയും മുങ്ങുമെന്ന് മുന്‍ സി.പി.ഐ സെക്രട്ടറിയായ സി.കെ ചന്ദ്രന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അത് ബിനോയ് വിശ്വം ഒന്ന് കേട്ടു നോക്കണം. സി.പി.എമ്മിന്റെ ആര്‍.എസ്.എസ് പ്രീണന പരിപാടിക്കൊപ്പം നിന്നാല്‍ ബംഗാളിലെയും ത്രിപുരയിലെയും പോലും സി.പി.ഐയും ഇല്ലാതാകുമെന്ന് ബിനോയ് വിശ്വം ആദ്യം മനസിലാക്കണം. ഇപ്പോള്‍ തന്നെ രണ്ടു കാലില്‍ എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി രാജ്യത്തെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമില്ല. ആകെയുള്ളത് കേരളത്തിലാണെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan reacts on Bharata Mata Image Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.