എതിരാളികൾക്കുനേരെ തുടരാക്രമണം: അണികളെ മെരുക്കാനാവാതെ സി.പി.എം

തിരുവനന്തപുരം: തുടർച്ചയായി പ്രതിപക്ഷ ഓഫിസുകൾക്കുനേരെ അക്രമം അഴിച്ചുവിടുന്ന അണികളെ നിയന്ത്രിക്കാനാവാതെ സി.പി.എം നേതൃത്വം. രണ്ടാം പിണറായി സർക്കാറിൽ ഒരുവശത്ത് പൊലീസിന്‍റെ നിഷ്ക്രിയത്വവും അമിതാധികാര പ്രയോഗവും വിമർശനം ക്ഷണിച്ചുവരുത്തുമ്പോൾ മറുവശത്ത് അണികൾ നിയമം കൈയിലെടുക്കുകയാണ്.

വ്യക്തിനിഷ്ഠക്കല്ല പ്രാധാന്യമെന്ന ലെനിനിസ്റ്റ് സംഘടനാ തത്ത്വത്തിനനുസരിച്ച് പ്രവർത്തിക്കുകയും ഉപരിഘടക തീരുമാനം അംഗീകരിക്കുന്ന ജനാധിപത്യ കേന്ദ്രീകരണം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സി.പി.എം, പാർലമെന്‍ററി വ്യാമോഹത്തിൽ അടിപ്പെട്ട് എത്തിപ്പെട്ട ദുരവസ്ഥയാണ് സമീപകാല സംഭവങ്ങൾ വെളിവാക്കുന്നത്. സംഘടനാ ദൗർബല്യത്തിന്‍റെ ആഴംകൂടി വ്യക്തമാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ഓഫിസിനുനേരെയുണ്ടായ അക്രമം. നേതൃത്വത്തിന് അണികൾക്കുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ട് കുറച്ചുനാളായി.

ബംഗാളിൽ ഇടതു ഭരണത്തിന്‍റെ അവസാന കാലങ്ങളിൽ സി.പി.എം അണികളിൽനിന്നുണ്ടായ ആക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഭരണത്തുടർച്ചയിൽ കേരളത്തിലുമുണ്ടാകുന്നതിൽ എൽ.ഡി.എഫ് ഘടകകക്ഷികളും അസംതൃപ്തരാണ്.

അക്രമം ദേശീയതലത്തിൽ ചർച്ചയായത് കേന്ദ്ര നേതൃത്വത്തിനും തിരിച്ചടിയായി. മഹാരാഷ്ട്രയിലെ ബി.ജെ.പി കുതിരക്കച്ചവടവും രാഹുലിനെതിരായ ഇ.ഡി ചോദ്യംചെയ്യലും ദേശീയരാഷ്ട്രീയത്തിൽ ആളിക്കത്തുമ്പോൾ വയനാട് അക്രമം അപലപനീയമാണെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്.

'പിണറായി സംരക്ഷണാർഥം' അണികൾ നടത്തുന്ന അക്രമം ഇതാദ്യമല്ല. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിനുപിന്നാലെ ഈ മാസമാണ് കെ.പി.സി.സി ഓഫിസ് ആക്രമിച്ചത്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ അതിക്രമിച്ചുകയറി. അതിന്‍റെ തുടർച്ചയായാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മികച്ച ജയം നൽകിയ പിടിവള്ളിയിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുമുഴം മുന്നിലെത്തിയ കോൺഗ്രസിന് മുന്നിൽ ഗോളിയില്ലാത്ത പോസ്റ്റ് പോലെ തുറന്നുകിടക്കുകയാണ് എൽ.ഡി.എഫ്. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളുടെ വിശ്വാസ്യതയിൽ സംശയം ഉയരുമ്പോഴും പ്രതിപക്ഷം ഒരുക്കിയ പ്രകോപനക്കെണിയിൽ മുഖ്യമന്ത്രിയും സി.പി.എമ്മും വീഴുന്നതാണ് കണ്ടത്. ദേശീയതലത്തിൽ ബി.ജെ.പി നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ പുറത്ത് വിദ്യാർഥി സംഘടനകൾ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോഴും കേരളത്തിൽ എസ്.എഫ്.ഐ നിശ്ശബ്ദരായിരുന്നു. ഇടതു നയങ്ങൾ തിരുത്തി പിണറായി സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃക കൊണ്ടുവരാൻ തീരുമാനിച്ചതിലും എസ്.എഫ്.ഐയിൽനിന്ന് പ്രതികരണമില്ല. 

Tags:    
News Summary - Unable to control his followers, the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.