മണ്ഡലകാല തീർഥാടനത്തിന് സമാപ്തി; മകരവിളക്കിനായി ഡിസംബർ 30ന് നട വീണ്ടും തുറക്കും

ശബരിമല: ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യമേകി 41നാൾ നീണ്ട മണ്ഡലകാല തീർഥാടനത്തിന് സമാപ്തി. വിശേഷപൂജകൾക്ക് ശേഷം ശനിയാഴ്ച ഉച്ചക്ക് തങ്കഅങ്കി ചാർത്തിയ അയ്യപ്പവിഗ്രഹത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മണ്ഡലപൂജ നടന്നു. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചശേഷം വീണ്ടും വൈകീട്ട് തുറന്നു. ദീപാരാധനക്കും അത്താഴപൂജക്കുംശേഷം രാത്രി പത്തോടെ ഭസ്മാഭിഷിക്തനായ അയ്യപ്പനെ യോഗനിദ്രയിലാക്കി ഹരിവരാസനം പാടി നട അടച്ചു.

മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30ന് വൈകീട്ട് അഞ്ചിന് ശബരിമല നട വീണ്ടും തുറക്കും. തങ്കഅങ്കി ഘോഷയാത്രയും മണ്ഡലപൂജയും കണക്കിലെടുത്ത് കഴിഞ്ഞ മൂന്നുദിവസമായി തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.

മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പമ്പയിൽ അവലോകനയോഗം ചേർന്ന് മകരവിളക്കിന് സ്വീകരിക്കേണ്ട കരുതൽ നടപടികൾക്കും രൂപംനൽകിയിട്ടുണ്ട്.

വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ശനിയാഴ്ച വൈകീട്ട് അഞ്ചുമുതൽ ലഭ്യമാണ്. ജനുവരി 11 മുതൽ 14 വരെ താഴെപ്പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിങ് നിജപ്പെടുത്തി.

ജനുവരി 11 - 70,000 പേർക്ക്

ജനുവരി 12 - 70,000 പേർക്ക്

ജനുവരി 13 - 35,000 പേർക്ക്

ജനുവരി 14 - 30,000 പേർക്ക്

Tags:    
News Summary - Sabarimala temple will reopen on December 30 for Makaravilakku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.