കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം, നേതാക്കൾ ദേശീയ ഗാനം ആലപിക്കുന്നു

കോൺഗ്രസ് വേദിയിൽ ദേശീയ ഗാനം വീണ്ടും തെറ്റി; എ.കെ ആന്റണി ഉൾപ്പെടെ നേതാക്കൾ പ​ങ്കെടുത്ത ചടങ്ങിലാണ് അബദ്ധം

തിരുവനന്തപുരം: കോൺഗ്രസ് വേദിയിൽ ദേശീയ ഗാനം വീണ്ടും തെറ്റായി ആലപിച്ചു. കോൺഗ്രസ് 140ാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയതിനു പിന്നാലെയായിരുന്നു എ.കെ ആന്റണിയും വി.എം സുധീരനും ഉൾപ്പെടെ മുൻനിര നേതാക്കൾ ഏറ്റുചൊല്ലവെ ദേശീയ ഗാനം തെറ്റിച്ചത്. ‘ജന ഗണ മന അധിനായക ജയഹേ..’ എന്നു തുടങ്ങുന്ന വരികൾക്ക് പകരം ‘ജന ഗണ മംഗള’ എന്നാണ് പാടിയത്. തുടക്കത്തിലെ തെറ്റുമായി ഗാനം മുഴുമിപ്പിക്കുകയും ചെയ്തു. അബദ്ധം തിരിച്ചറിയാതെ നേതാക്കളും അതേപടി പാടി.

നേരത്തെയും കോൺഗ്രസ് വേദിയിൽ ദേശീയ ഗാനം തെറ്റായി ആലപിച്ചത് വിവാദമായിരുന്നു. പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമരാഗ്നി യാത്രയുടെ സമാപന വേദിയിൽ പാലോട് രവിയായിരുന്നു അന്ന് ദേശീയ ഗാനം തെറ്റായി ആലപിച്ചത്. ഇത് ശ്രദ്ധയിൽപെട്ട ടി.സിദ്ദീഖ് എം.എൽ.എ ഇടപെട്ട് പാലോട് രവിയെ മാറ്റി ശരിയായി ആലപിക്കുകയായിരുന്നു.

അന്ന് തെറ്റിച്ച പാലോട് രവി ഇത്തവണവും ചടങ്ങിലുണ്ടായിരുന്നുവെന്നത് കൗതുകമായി. പി.സി വിഷ്ണുനാഥ്, ചെറിയാൻ ഫിലിപ്പ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ വേദിയിലായിരുന്നു ഒരു വനിതാ അംഗം തെറ്റായി ആലപിച്ചത്. നേതാക്കളും ഈ തെറ്റ് ആവർത്തിച്ച് ഗാനം ആലപിച്ചു.

Tags:    
News Summary - The national anthem was once again distorted on the Congress programe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.