നിയമസഭയിൽ 50 ശതമാനം സീറ്റ് സ്ത്രീകൾക്കും യുവാക്കൾക്കും നൽകും, നിർണായക പ്രഖ്യാപനവുമായി വി.ഡി സതീശൻ

കൊച്ചി: കോൺഗ്രസ് തലമുറ മാറ്റത്തിനൊരുങ്ങുന്നുവെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ തലമുറ മാറ്റമുണ്ടാകുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും 50 ശതമാനം സീറ്റ് നൽകുമെന്നുും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഉദയ്പൂർ ചിന്തൻ ശിബിര തീരുമാനങ്ങൾ നടപ്പിലാക്കും. പാർട്ടിയിലായാലും നിയമസഭയിലായാലും 50 ശതമാനം പ്രാതിനിധ്യം യുവാക്കൾക്കും സ്ത്രീകൾക്കും നീക്കിവെക്കണമെന്നായിരുന്നു ഉദയ്പൂരിലുണ്ടായ തീരുമാനം. ഇത് കേരളത്തിൽ കോൺഗ്രസിൽ നടപ്പാക്കുമെന്നാണ് സതീശൻ നൽകുന്ന സൂചന.

അൻപതു ശതമാനം സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും നൽകിക്കൊണ്ട് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർഥികളിൽ തലമുറമാറ്റമുണ്ടാകും. യുവാക്കളും പ്രമുഖരുമായ നിരവധി നേതാക്കൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ കോൺഗ്രസിനുണ്ട്. സി.പി.എമ്മിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്നും സതീശൻ പറഞ്ഞു.

അനുകൂല രാഷ്ട്രീയസാഹചര്യമുണ്ടാകുമ്പോഴും സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾകൊണ്ട് കേരളത്തിലെ പല നിയമസഭാ സീറ്റുകളും മുൻപ് കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവർ സമ്മർദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോൾ അത് എൽ.ഡി.എഫിന് ഗുണകരമാകുന്ന സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്നും സതീശൻ വ്യക്തമാക്കി.

കഴിഞ്ഞ നാലര വർഷത്തിനിടയിൽ, എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു. സി.പി.എം വിജയിച്ച ചേലക്കരയിൽ ഭൂരിപക്ഷം 40,000 ൽ നിന്ന് 12,000 ആയി കുറച്ചു. നിലവിലുള്ള ഈ യു.ഡിഎ.ഫ് അനുകൂല പ്രവണത നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

യു.ഡി.എഫിന് കൂട്ടായ നേതൃത്വമുണ്ട്. ഞങ്ങൾ ഒരു ടീമായാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് അവരുടെ മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കാറില്ല. കേരളത്തിലും ഇത് തന്നെയായിരിക്കും പിന്തുടരുക. തെരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങൾക്കനുസൃതമായി എ.ഐ.സി.സിയായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - V.D. Satheesan makes a crucial announcement: 50 percent seats in the Legislative Assembly will be given to women and youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.