സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതി പിൻവലിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറഞ്ഞു. കുഞ്ഞുമുഹമ്മദിന്‍റെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്.
തുടക്കം മുതൽ പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് നിലകൊണ്ടെത്. പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകി. പലതവണ പൊലീസിൽ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല -അതിജീവിത പറഞ്ഞു. പി.ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുണ്ടെന്നും അതിജീവിത പറഞ്ഞു.
‘എന്തിന് പരാതിയുമായി മുന്നോട്ട് പോകണം. കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ആരോഗ്യ സ്ഥിതി പരിഗണിച്ച് പരാതിയിൽ നിന്നും പിന്മാറിക്കൂടെ എന്നാണ് ഇവരെല്ലാം ചോദിക്കുന്നത്. ഈ സമ്മർദ്ദം താങ്ങാനാവാത്തതാണ്.' അതിജീവിത പറഞ്ഞു.
ഒടുവിൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായത്. കേസ് എടുക്കുന്നത് മനഃപൂർവം വൈകിപ്പിച്ചുവെന്നും കേസ് എടുത്തിട്ടും മുൻകൂർ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നും അതിജീവിത കുറ്റപ്പെടുത്തി. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
ചലച്ചിത്ര പ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സ്വീകരിച്ച നിലപാടിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തംത്തിയിരുന്നു. കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്തിയെന്നും അതിലൂടെ സിസ്റ്റം ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നു വീണ്ടും വ്യക്തമായെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.
നീതിന്യായ വ്യവസ്ഥയും ഗവൺമെന്റിന്റെ സിസ്റ്റവും രാഷ്ട്രീയ ഭേദമന്യേ അതിജീവിതമാരെ നിശബ്‍ദമാക്കികൊണ്ടിരിക്കുകയാണ്. ജാമ്യമില്ലാവകുപ്പിൽ ഡിസംബർ എട്ടിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്മേൽ ഉടൻ അറസ്റ്റ് നടത്താതെ 9,11 തിയതികളിൽ നടന്ന തെരഞ്ഞെടുപ്പും, 12 മുതൽ 19 വരെ നടന്ന ഐ.എഫ്.എഫ്.കെയും കഴിയുന്നത് വരെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അധികാരികൾ അടയിരുന്നു. അവസാനം ജാമ്യാപേക്ഷയുടെ സെഷൻസ് കോടതിയിലെ വാദത്തിനു ശേഷം പ്രതിയുടെ പ്രായം പരിഗണിച്ച് ജാമ്യം ലഭിക്കുകയും ചെയ്തെന്നും സംഘടന കുറിപ്പിൽ വിമർശിച്ചു.
ഇടതുസഹയാത്രികനും മുന്‍ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ കേസിൽ കഴിഞ്ഞദിവസം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞുമുഹമ്മദ് സ്‌റ്റേഷനില്‍ ഹാജരായത്. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.