'പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയും, ശ്രീലേഖക്ക് പൊലീസ് ആയിരുന്നതിന്‍റെ ഹുങ്ക്' സി.പി.എം

തിരുവനന്തപുരം: ശാസ്തമംഗലത്തെ വി.കെ പ്രശാന്ത് എം.എൽ.യുടെ ഓഫീസ് ഒഴിയാനാവശ്യപ്പെട്ട ആർ. ശ്രീലേഖയുടെ നടപടിയിൽ കടുത്ത വിമർശനവമുമായി സി.പി.എം. ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടതും അനുമതി നൽകേണ്ടതും നഗരസഭയാണ്. എന്നാൽ ഇതെല്ലാം മറികടന്നാണ് ശ്രീലേഖ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പുത്തനച്ചി പുരപ്പുറം തൂക്കും എന്നത് പോലെയാണിതെന്നും തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു.

അടിയന്തരമായി ഓഫീസ് ഒഴിഞ്ഞുകൊടുക്കണം എന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടിരിക്കുന്നത്. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയുംപോലെ അവരെ മുൻനിർത്തി തെരഞ്ഞെടുപ്പ് നടത്തി. അവസാനം അവരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. ഇപ്പോൾ അവർ ആളുകളുടെ അടുത്തെല്ലാം പരിഭവം പറഞ്ഞുനടക്കുകയാണ്. അക്കൂട്ടത്തിൽ ഇപ്പോൾ എടുത്തിരിക്കുന്നത് ഏറ്റവും മോശപ്പെട്ട നിലപാടാണ്. പഴയ പൊലീസിലുണ്ടായിരുന്ന ധാർഷ്ട്യവും ധിക്കാരവുമെല്ലാം പുലർത്തുന്ന രീതിയിലാണിപ്പോൾ കാണിച്ചിരിക്കുന്നത്'- വി. ജോയി പറഞ്ഞു.

തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എം.എൽ.എ ഓഫിസ് ഒഴിയണമെന്നാണ് ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്. ഇന്നലെ ഫോണിലൂടെയാണ് കൗൺസിലർ, സ്ഥലം എംഎൽഎ വി.കെ. പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ആവശ്യം.

അതേസമയം, പ്രശാന്ത് സഹോദര തുല്യനാണെന്നും സൗഹൃദ രൂപത്തിലാണ് എം.എൽ.എയോട് സംസാരിച്ചതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥല പരിമിതി ചൂണ്ടിക്കാട്ടിയാണ് എം.എൽ.എയോട് സംസാരിച്ചത്. ഓഫിസ് ഒഴിയാൻ അഭ്യർഥിക്കുകയാണ് ചെയ്തത്. എം.എൽ.എക്ക് മണ്ഡലത്തിൽ എവിടെ വേണമെങ്കിലും കെട്ടിടം കിട്ടുമല്ലോ? മേയറുമായി സംസാരിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

പിന്നാലെ എം.എൽ.എ ഓഫിസിലെത്തി പ്രാശാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കാമറകൾക്കു മുന്നിൽ എം.എൽ.എക്ക് കൈകൊടുക്കുകയും തങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നും പറഞ്ഞാണ് ശ്രീലേഖ മടങ്ങിയത്. നേരത്തെ, ഓഫിസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യം സാമാന്യനീതിയുടെ ലംഘനമാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫിസ് ഫോണിൽ വിളിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. കോർപറേഷൻ നിശ്ചയിച്ച വാടകനൽകിയാണ് എം.എൽ.എ ഓഫിസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ടെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഏഴു വർഷമായിട്ട് അവിടെ എം.എൽ.എ ഓഫിസ് പ്രവർത്തിക്കുകയാണ്, ഒപ്പം തന്നെ കൗൺസിലർ ഓഫിസും അവിടെ പ്രവർത്തിക്കുന്നുണ്ട്. അവർക്കൊന്നും പരാതി ഇല്ലായിരുന്നു. ഇപ്പോൾ വന്നിട്ടുള്ള കൗൺസിലറാണ് എം.എൽ.എ മാറിയാലേ സൗകര്യം ഉണ്ടാവു എന്ന് പറഞ്ഞുകൊണ്ട് ഇന്നലെ വിളിച്ചത്. ഇതൊരു ശരിയായ രീതിയല്ല. ഇത് ഒരു ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ച ഒരു കാര്യമല്ല. വാടകക്കരാർ തീരുന്ന മാർച്ച് 31വരെ ഓഫിസ് ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള അവകാശമുണ്ട്.

എം.എൽ.എ ഓഫിസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം നഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത്. പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും പ്രശാന്ത് പ്രതികരിച്ചു. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് കെട്ടിടം ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സിൽ തീരുമാന പ്രകാരമാണ് പ്രശാന്തിന്‍റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബി.ജെ.പിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എം.എൽ.എക്ക് ഓഫിസ് ഒഴിയേണ്ടി വരും.

കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫിസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപറേഷന്‍റെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾ വാടകക്ക് എടുക്കാം.

Tags:    
News Summary - CPM says Sreelekha's pride of being a police officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.