കോഴിക്കോട്: കർണാടകയിലെ ബുൾഡോസർ രാജിൽ ഭവനരഹിതരായവർക്ക് പുനരധിവാസം നൽകുമെന്ന് അവിടുത്തെ സർക്കാർ ഞങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അവിടെ കോൺഗ്രസ് സർക്കാറാണെന്ന് അറിഞ്ഞപ്പോൾ ചാടിപ്പുറപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ആളുകൾ ചെയ്യുന്നത് ചീപ്പ് പണിയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
‘രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇത് കണ്ടയുടൻ ഇറങ്ങിപ്പുറപ്പെട്ടവർ ഉണ്ടല്ലോ. കണ്ടോ ഇത് കോൺഗ്രസ് സർക്കാറാണ്, യു.പി പോലെയാണ് എന്നെല്ലാം പറഞ്ഞു. അതെല്ലാം ആളുകൾക്ക് മനസ്സിലാകും. യു.പിയിൽ ബുൾഡോസർ വന്ന് ഇടിച്ചിട്ടിട്ട് തെരുവിലേക്കിറക്കി തെണ്ടിക്കോളാൻ പറയുകയാണ്. കർണാടകയിൽ അതല്ല. അതിൽ മുസ്ലിം മൈനോരിറ്റി മാത്രമാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. ആരാണെങ്കിലും അവരെല്ലാം മനുഷ്യരാണ്. ആ മനുഷ്യത്വം പരിഗണിച്ച് അവരെ പുനരധിവസിപ്പിച്ച് കൊണ്ട്, ഒരു പക്ഷേ കേരളം ചെയ്യുന്നതിനേക്കാൾ മെച്ചമായ രീതിയിൽ അവർക്ക് പുനരധിവാസം ഉറപ്പുവരുത്താം എന്നുള്ളത് അവിടുത്തെ സർക്കാർ ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ആ സ്ഥലം പല പ്രാവശ്യം നോട്ടീസ് കൊടുത്ത് സർക്കാറിന് ന്യായമായി ഒഴിഞ്ഞ് കിട്ടേണ്ട സ്ഥലമാണെന്നാണ് അവരുടെ വാദം. അവിടെ കോൺഗ്രസ് സർക്കാറാണെന്ന് അറിഞ്ഞപ്പോൾ ചാടിപ്പുറപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ആളുകൾ ചെയ്യുന്നത് ചീപ്പ് പണിയാണ്. ഒഴിപ്പിക്കൽ നടന്നിട്ടുണ്ട്, അതിൽ മനുഷ്യത്വപരമായ പ്രശ്നമുണ്ട്. അത് ഞങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. പരിഹാരമുണ്ടാക്കാം എന്ന് അവർ പറഞ്ഞിട്ടുമുണ്ട്...’ -കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനെന്ന കാരണം പറഞ്ഞാണ് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300റിലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ബംഗളൂരുവിൽ നടന്ന 3000ത്തോളം ആളുകളെ ഭവനരഹിതരാക്കി ഇടിച്ചുനിരത്തലിൽ മാർഗനിർദേശങ്ങൾ പാലിക്കുകയോ മാനുഷിക പരിഗണന നൽകുകയോ ചെയ്തിരുന്നില്ല. പുലർച്ച നാലരയോടെ തുടങ്ങിയ ബുൾഡോസർ രാജിൽ ചേരി വീടുകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും വൈകിട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അഞ്ച് ട്രാക്ടറുകളും ഒമ്പത് ജെ.സി.ബി മെഷീനുകളും ഉപയോഗിച്ചു. 70 ജി.ബി.എ മാർഷൽമാരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടായിരുന്നു. മയക്കുമരുന്ന് വിൽപനക്കാരുടെ വീടുകൾ തകർക്കുമെന്നായിരുന്നു നേരത്തെ കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര നൽകിയ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.