മറ്റത്തൂരിൽ പാർട്ടി തീരുമാനം ലംഘിച്ചു, പക്ഷെ ആരും ബി.ജെ.പിയിലേക്ക് പോയിട്ടില്ല - വി.ഡി സതീശൻ

തൃശൂർ: മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകി വി.ഡി സതീശൻ. മറ്റത്തൂരിൽ കോൺഗ്രസ് പ്രവർത്തകർ ആരും ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്നും പാർട്ടി തീരുമാനം ലംഘിച്ച് വിമതനെ പിന്തുണക്കുകയാണ് ഉണ്ടായതെന്നും വി.ഡി സതീശൻ പറഞ്ഞു.

ഒരു വിമതൻ സി.പി.എം പിന്തുണയിൽ പ്രസിഡന്റാകാൻ തീരുമാനിച്ചപ്പോൾ മറ്റൊരു വിമതനെ കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കുകയായിരുന്നു. പിണറായി വിജയന് അവർ ബി.ജെ.പിയിൽ പോകണമെന്നാണ് ആഗ്രഹം. അമിത് ഷായും മോദിയും എവിടെ ഒപ്പിടാൻ പറഞ്ഞാലും അത് ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. എന്നിട്ട് ഒരു പഞ്ചായത്തിലുണ്ടായ കാര്യത്തിൽ മുഖ്യമന്ത്രി കോൺഗ്രസിനെ പരിഹസിക്കാൻ വരികയാണെന്നും സതീശൻ വിമർശിച്ചു. തോറ്റ് തൊപ്പിയിട്ട് ഇട്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രി പരിഹാസം പറയുന്നതെന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റത്തൂരിലെ കാര്യം പറയുന്നതെന്നും സതീശൻ പറഞ്ഞു.

മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയ സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബക് പോസ്റ്റ് പങ്കുവെച്ചു. ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബി.ജെ.പിയായെന്നും ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെയാണ് ബി.ജെ.പി അവരെ അങ്ങെടുത്തത്. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. അരുണാചൽ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലും കണ്ടതിന്‍റെ കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയോടൊപ്പം പോയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബി.ജെ.പി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബി.ജെ.പിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവത്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസിന്റെ കുടില തന്ത്രങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർട്ടിയെ പിടിച്ചുകുലുക്കിയ മറ്റത്തൂരിലെ കൂടുമാറ്റത്തിൽ പ്രതിഷേധം ശക്തമായതോടെ അംഗങ്ങളടക്കം പത്ത് പേരെ കോൺഗ്രസ് പുറത്താക്കിയിരുന്നു. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ, മിനി, കെ.ആര്‍. ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് പുറത്താക്കിയത്. വെള്ളിയാഴ്ച രാത്രി വരെ യു.ഡി.എഫിലായിരുന്ന എട്ട് കോൺഗ്രസ് പഞ്ചായത്തംഗങ്ങളാണ് നേതൃത്വത്തെ ഞെട്ടിച്ച് ശനിയാഴ്ച രാവിലെ പാർട്ടി വിടുന്നതായി കത്തിലൂടെ അറിയിച്ചത്.

പാർട്ടി വിട്ട എട്ട് അംഗങ്ങളും കോൺഗ്രസ് വിമതയും ബി.ജെ.പിയും ഒത്തുചേർന്നതോടെ സ്വതന്ത്രയായ ടെസി ജോസ് കല്ലറയ്‌ക്കൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 24 വാർഡുകളിൽ എൽ.ഡി.എഫ് -പത്ത്, യു.ഡി.എഫ് -എട്ട്, ബി.ജെ.പി -നാല്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.

Tags:    
News Summary - Party decision violated in Mattathur, but no one joined BJP - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.