കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയവും വർധിച്ച വോട്ട് പങ്കാളിത്തവുംവെച്ച് മുന്നണിക്കുള്ളിൽ വിലപേശി കൂടുതൽ സീറ്റ് ചോദിക്കൽ മുസ്‍ലിം ലീഗിന്റെ പാരമ്പര്യമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
‘കിട്ടിയ അവസരം മുതലാക്കാന്‍ നടക്കുന്നവരല്ല ഞങ്ങള്‍. എന്നു മാന്യമായ രാഷ്ട്രീയ സമീപനമാണ് ലീഗിന്റെ പാരമ്പര്യം. അർഹിക്കുന്നത് പാർട്ടിക്ക് കിട്ടും എന്നതിൽ തർക്കമില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ വോട്ട് കൂടിയെന്ന കാരണത്താൽ മുതലെടുപ്പിനൊന്നും പാർട്ടിയില്ല’ -പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സീറ്റ് വെച്ചുമാറുന്നതിലോ മറ്റോ ചർച്ച നടന്നിട്ടില്ലെന്നും ഒരു സീറ്റ് സംബന്ധിച്ചും അനൗദ്യോഗികമായി പോലും ചർച്ച ഉണ്ടായട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേമസയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ കോൺഗ്രസും മുസ്‍ലിം ലീഗും തമ്മിൽ വിവിധ സീറ്റുകൾ വച്ചുമാറാൻ ചർച്ച നടക്കുന്നതായി വാർത്തകൾ വന്നിരുന്നു. വിജയസാധ്യത പരിഗണിച്ച് 12 സീറ്റുകൾ പരസ്പരം മാറാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ലീഗ് മത്സരിക്കുന്ന ഗുരുവായൂർ സിറ്റ് കോൺഗ്രസിന് നൽകി, മലപ്പുറം ജില്ലയിലെ തവനൂർ, പൊന്നാനി മണ്ഡലങ്ങൾ പരസ്പരം മാറാൻ ചർച്ച നടക്കുന്നതായിരുന്നു പ്രധാന വാർത്ത. ഗുരുവായൂർ സീറ്റ് കോൺഗ്രസിന് വേണമെന്ന് തൃശൂർ ഡി.സി.സിയും ആവശ്യമുന്നയിച്ചു.
കണ്ണൂർ മണ്ഡലം ലീഗിന് നൽകി, ലീഗ് മത്സരിക്കുന്ന കൂത്തുപറമ്പ് കോൺഗ്രസിനും വിട്ടു നൽകുമെന്നാണ് മറ്റൊരു ചർച്ച. കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാദാപുരം, ലീഗിന്റെ കുറ്റ്യാടി മണ്ഡലങ്ങളിലും മാറ്റം നിർദേശിക്കുന്നു.
ചർച്ചകൾ സജീവമായി ഉയരുന്നതിനിടെയാണ് ഇതെല്ലാം നിഷേധിച്ചുകൊണ്ട് മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി രംഗത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.