ലൈബ്രേറിയന്‍മാര്‍ക്ക് യു.ജി.സി സ്കെയില്‍

കൊച്ചി: യോഗ്യതയില്ലാത്ത കോളജ്, സര്‍വകലാശാല ലൈബ്രേറിയന്‍മാര്‍ക്ക് യു.ജി.സി സ്കെയില്‍ ശമ്പളം അനുവദിച്ചതിലുള്‍പ്പെടെ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ പ്രാഥമികാന്വേഷണത്തിന് സാധ്യത നിലനില്‍ക്കുന്നതായി വിജിലന്‍സ് ഹൈകോടതിയില്‍. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ കോളജുകളിലും സര്‍വകലാശാലകളിലും ലൈബ്രേറിയന്‍ ഗ്രേഡ് നാല് വിഭാഗത്തില്‍പെടുന്നവര്‍ക്ക് യു.ജി.സി സ്കെയില്‍ അനുവദിക്കാന്‍ അനുമതി നല്‍കിയതിലൂടെ 20 കോടിയോളം രൂപയുടെ നഷ്ടം യു.ജി.സിക്കും സംസ്ഥാന സര്‍ക്കാറിനും ഉണ്ടാക്കിയെന്നാരോപിച്ച് മുന്‍ കൊളീജിയറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ശരച്ചന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് വിജിലന്‍സിന്‍െറ വിശദീകരണം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ അനാവശ്യമായി എം.ഫില്‍ കോഴ്സ് അനുവദിച്ച നടപടിയും ഹരജിയില്‍ ചോദ്യംചെയ്തിട്ടുണ്ട്.

രണ്ട് ആരോപണങ്ങളിലും പ്രാഥമികാന്വേഷണത്തിന് ശേഷമെ ക്രിമിനല്‍ക്കുറ്റം നിലനില്‍ക്കുമോയെന്ന് പറയാനാകൂവെന്ന് വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് എം. ഉല്ലാസ് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നിശ്ചിത പ്രവൃത്തിപരിചയമുള്ള നെറ്റ് യോഗ്യതയുള്ള ലൈബ്രേറിയന്‍മാര്‍ക്ക് മാത്രമാണ് യു.ജി.സി സ്കെയിലിന് അര്‍ഹതയുള്ളതെന്നിരിക്കെ സാധാരണ ബിരുദ നിലവാരത്തിലുള്ളവര്‍ക്ക് കെ.എം. എബ്രഹാം ചട്ടം ലംഘിച്ച് ആനുകൂല്യം അനുവദിച്ചുവെന്നാണ് ഹരജിയിലെ ആരോപണം.

യൂനിവേഴ്സിറ്റി കോളജില്‍ ഇസ്ലാമിക ചരിത്രത്തില്‍ എം.ഫില്‍ കോഴ്സിന് അനുമതി നല്‍കിയത് അന്നത്തെ ഒരു മന്ത്രിയുടെ ബന്ധുവിന് വേണ്ടിയായിരുന്നുവെന്നാണ് ഹരജിയില്‍ പറയുന്നത്. ഹരജി പരിഗണിച്ച കോടതി ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കുന്നുണ്ടോയെന്ന് അറിയിക്കാന്‍ വിജിലന്‍സിനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കിയത്. ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - ugc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT