കോഴിക്കോട്: യു.ഡി.എഫ് വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. ഇടത് ദുർഭരണത്തിനെതിരായ ജനവികാരവും യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രകടനപത്രികയും സംസ്ഥാനത്തൊട്ടാകെ ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിന് കാരണമാകും.
ഇടതുമുന്നണിയുടെ പരമ്പരാഗത സീറ്റുകളിൽ പോലും വലിയ മത്സരം കാഴ്ചവെക്കാൻ സാധിച്ചു. ജനവികാരം ഉൾക്കൊള്ളുന്ന സർക്കാറിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും യോഗം വ്യക്തമാക്കി.
ജനവിധി ഏതെങ്കിലും വിഭാഗത്തിന്റെ ഏകീകരണമല്ലെന്നും യു.ഡി.എഫിന് വോട്ട് ചെയ്യുന്നവരിൽ എല്ലാവിഭാഗം മനുഷ്യരുമുണ്ടെന്നും ജാതിയും മതവും നോക്കിയല്ല ആരും വോട്ട് ചെയ്യുന്നതെന്നും യോഗത്തിനുശേഷം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഫലം വന്നശേഷം യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കും. അതുവരെ അത്തരം ചർച്ചകൾക്ക് പ്രസക്തിയില്ല. അതിന് അതിന്റേതായ കീഴ്വഴക്കങ്ങളുണ്ട്. ജനവികാരം പ്രതിഫലിക്കുന്ന തീരുമാനമുണ്ടാകണമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും ഡ്രൈവറുമടക്കം 10 പേർ മരിക്കാനിടയായ വാൽപാറ ദുരന്തത്തിൽ സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളം നടുങ്ങിയ അപകടത്തിൽ മെഡിക്കൽ സഹായം ഉൾപ്പെടെ ഒന്നും സർക്കാർ അനുവദിച്ചിട്ടില്ല. ഒരു നാടിന് വെളിച്ചമേകിയ പൊതുവിദ്യാലയത്തിലെ അധ്യാപകരാണ് വിടപറഞ്ഞത്.
അവരുടെ കുടുംബങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കണം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവുകൾ സർക്കാർ ഏറ്റെടുക്കണം. തൃശൂർ വെട്ടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും മതിയായ സഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.കെ. കുഞ്ഞാലിക്കുട്ടി ചർച്ച ഉദ്ഘാടനം ചെയ്തു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ദേശീയ രാഷ്ട്രീയ വിഷയങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.