ഓലപ്പാമ്പും ഉമ്മാക്കിയും കാണിച്ച് ബി.ജെ.പി മേയറെയോ കൗൺസിലർമാരെയോ സി.പി.എം വിരട്ടാൻ നോക്കേണ്ട-എസ്. സുരേഷ്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഈർക്കിലി കേസ് കാണിച്ച് ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയെ തറയിലിറക്കാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ടെന്ന് ബി.ജെ.പി നേതാവ് എസ്. സുരേഷ്. ലക്ഷങ്ങൾ ചെലവഴിച്ച് എറണാകുളത്ത് വലിയ വക്കീലിനെ വെച്ച് കേസ് നടത്തി നഗരസഭ ഭരണത്തെ അട്ടിമറിക്കാമെന്നായിരുന്നു മാർക്സിസ്റ്റ് പാർട്ടിയുടെ മോഹമെന്നും അദ്ദേഹം പരിഹസിച്ചു.

മേയറെ തെരഞ്ഞെടുത്തത് ഹൈക്കോടതി അസാധുവാക്കുമെന്നും കൗൺസിലർമാർക്കെതിരെ ശിക്ഷാനടപടി വരുമെന്നും അതിലൂടെ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കേണ്ടി വരുമെന്നുമാണ് സി.പി.എം കരുതിയത്. ഇതിലൂടെ കോൺഗ്രസുമായി ചേർന്ന് നഗരസഭ ഭരണം പിടിക്കാമെന്ന മോഹം വെറുതെയായെന്നും സുരേഷ് കൂട്ടിച്ചേർത്തു.

കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ബി.ജെ.പി അങ്ങേയറ്റത്തെ ആദരവോടെയാണ് കാണുന്നത്. ഉച്ചക്ക് ഒന്നരയ്ക്കാണ് കോടതി ഉത്തരവിന്റെ കോപ്പി നഗരസഭക്ക് ലഭിക്കുന്നത്. കേവലം രണ്ടര മണിക്കൂറിനുള്ളിൽ, അതായത് കൃത്യം നാലര മണിക്ക് തന്നെ പാർട്ടിയിലെ 19 കൗൺസിലർമാരും പുതുതായി സത്യപ്രതിജ്ഞ ചെയ്ത് കോടതി ഉത്തരവ് അക്ഷരംപ്രതി പാലിച്ചു. ഇതോടെ ആ നിയമപ്രശ്നം അവിടെ അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യ രീതിയിലോ ഭരണ മികവിന്റെ പേരിലോ ചോദ്യം ചെയ്താൽ ഞങ്ങൾ ഒരുപടി മുന്നിലായിരിക്കും. ഇനി സംഘടനാ രീതിയിലാണ് നേരിടാൻ വരുന്നതെങ്കിൽ അങ്ങനെ തിരിച്ചു നേരിടും. അതുമല്ല, കായിക ബലവും സംഘർഷവും കൊണ്ടാണ് ഞങ്ങളുടെ നേരെ വരുന്നതെങ്കിൽ അതിനെയും നേരിടാൻ ഞങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന് കമ്മ്യൂണിസ്റ്റുകാർ മനസ്സിലാക്കണം. ഓലപ്പാമ്പും ഉമ്മാക്കിയും കാണിച്ച് ബി.ജെ.പി മേയറെയോ കൗൺസിലർമാരെയോ വിരട്ടാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ ഓഫിസിൽ നടന്ന സംഘർഷത്തെയും മേയർക്ക് പരുക്കേറ്റ സംഭവത്തെയും പരാമർശിച്ച അദ്ദേഹം, പിണറായി വിജയൻ ഭരിച്ചാലും വി.ഡി. സതീശൻ ഭരിച്ചാലും ഇവിടുത്തെ പൊലീസ് തികച്ചും നിഷ്ക്രിയമാണെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പിന്തുണയോടെയും രാജീവ് ചന്ദ്രശേഖരന്റെ മാർഗ്ഗനിർദ്ദേശപ്രകാരവും ‘വികസിത തിരുവനന്തപുരം’ എന്ന വലിയ ലക്ഷ്യവുമായാണ് നഗരസഭ മുന്നോട്ട് പോകുന്നതെന്നും എസ്. സുരേഷ് പറഞ്ഞു.

Tags:    
News Summary - BJP's S Suresh warns CPM: Don't scare our Mayor with threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.