ന്യൂഡൽഹി: മലബാറിലെ കെ.എസ്.ആർ.ടി.സി ബസുകളുടെ കുറവിന് ഉടൻ പരിഹാരമുണ്ടാകില്ല. നിലവിൽ കെ.എസ്.എആർ.ടി.സി ബസുകളുടെ എണ്ണം ഉയർത്തുന്നതടക്കമുള്ള നടപടികൾ തൽക്കാലം സാധ്യമല്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി സി.പി. ജോൺ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച സംവാദത്തിൽ, സംസ്ഥാന സർക്കാറിന്റെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാപദ്ധതിയിൽ ബസുകളുടെ കുറവുമൂലം മലബാർ മേഖലയിലുള്ളവർ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ചില ഭാഗങ്ങളിലേക്ക് തീരെ കെ.എസ്.ആർ.ടി.സി ബസ് ഇല്ലാത്തത് മഞ്ചേശ്വരം, നാദാപുരം, കുറ്റ്യാടി മേഖലയിലുള്ള എം.എൽ.എമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ഇതിന് ഉടനടി പരിഹാരം ഉണ്ടാകില്ല. നിലവിൽ 3,165 ഓർഡിനറി ബസുകളാണുള്ളത്. പ്രിയദർശിനി പദ്ധതി മൂലം വരുമാനത്തിൽ ഏകദേശം പ്രതിദിനം രണ്ടരക്കോടി രൂപയുടെ കുറവുണ്ടായി. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനം കൂട്ടുകയെന്നതാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലേക്ക് വാഹനമോടിച്ചു പോകുന്നവർ അവിടെ കേരളത്തിലെ ലൈസൻസ് കാണിക്കുമ്പോൾ അത് വ്യാജമാണെന്ന ചോദ്യം കേൾക്കേണ്ടിവന്നുവെന്ന് പരാതിപ്പെടാറുണ്ട്. ഇതിന് പരിഹാരമായി കേരളത്തിലും ചിപ്പ് ഘടിപ്പിച്ച, ഹോളോഗ്രാം പതിപ്പിച്ച ആധുനിക ലൈസൻസുകൾ ഉടൻ ലഭ്യമാക്കും. കൂടാതെ, ഡ്രൈവിങ് പഠനം പ്ലസ് ടു പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ആഗ്രഹം തനിക്കുണ്ട്.
എല്ലാവരും ഡ്രൈവിങ് അറിഞ്ഞിരിക്കണമെന്നാണ് തത്ത്വം. പാഠ്യപദ്ധതിയിൽ ഡ്രൈവിങ്, റോഡ് സുരക്ഷ എന്നിവ ഉൾപ്പെടുത്തണം. റോഡ് സുരക്ഷ കാമ്പയിൻ ആസൂത്രണം ചെയ്യുന്നുണ്ട്. സീബ്ര ലൈനുകൾ വീതി കൂട്ടാനുള്ള നടപടി സ്വീകരിക്കും. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉയർന്ന ശബ്ദവും വെളിച്ചവുമുള്ള വാഹന മോഡിഫിക്കേഷൻ ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.