തിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷനുകളിലും നഗരസഭകളിലും തെരുവോര ഭക്ഷണശാലകൾക്ക് പ്രത്യേക മേഖലകൾ നിശ്ചയിക്കണമെന്ന ശിപാർശയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപനങ്ങൾക്ക് കത്ത് നൽകാനാണ് തീരുമാനം. തട്ടുകടകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. ഒറ്റമേഖലയിൽ തട്ടുകടകൾ പ്രവർത്തിച്ചാൽ അവിടെ നിരന്തരശ്രദ്ധ പതിപ്പിക്കാനും ആവശ്യമായ ശുചിത്വ നടപടികൾ സ്വീകരിക്കാനും സാധിക്കുമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വിലയിരുത്തൽ.
നിലവിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഉൾപ്പെടെ ജില്ലകളിൽ ചിലയിടങ്ങൾ കേന്ദ്രീകരിച്ച് തെരുവോര ഭക്ഷണമേഖലകൾ പ്രവർത്തിക്കുന്നുണ്ട്. ആ മാതൃകയിലുള്ള സംവിധാനം എല്ലാ കോർപറേഷനുകളിലും നഗരസഭകളിലും വേണമെന്നതാണ് ശിപാർശ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാകും ഇത്തരം മേഖലകൾ നിശ്ചയിക്കാൻ അധികാരം.
ലൈസൻസ് ഉൾപ്പെടെ നൽകിയായിരിക്കും സംവിധാനം. ഇത്തരം മേഖലകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ധനസഹായത്തോടെ ഭക്ഷ്യസുരക്ഷ വകുപ്പ് സൗകര്യങ്ങൾ ഒരുക്കും. ഇരിപ്പിടം, സ്ട്രീറ്റ് ലൈറ്റ്, വേസ്റ്റ് ബിന്നുകൾ, ശുദ്ധജലം, പൈപ്പ് കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കെല്ലാം ഒരേ മാതൃകയായിരിക്കും. കഴിവതും ഒരേ വലുപ്പത്തിലും പൊതുസ്വഭാവത്തിലുമുള്ള കടകൾ ഒരുക്കണമെന്നാണ് നിർദേശം. കോഴിക്കോട് ബീച്ചിൽ എഫ്.എസ്.എസ്.എ.ഐ ഫണ്ട് ഉപയോഗിച്ച് കോർപറേഷൻ സഹായത്തോടെ ആധുനിക സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതി നടപ്പാക്കിയത് മാതൃകയാക്കിയാണ് ഈ നീക്കം. അതിനായി കോർപറേഷൻ, നഗരസഭ പരിധികളിൽ പ്രത്യേക മേഖലകൾ കണ്ടെത്തണം. തദ്ദേശ സ്ഥാപനത്തിന്റെ സഹകരണത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാനാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.